കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാനീക്കുന്നതിനായി കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നെന്ന് പൊലീസ്. കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ കഴിഞ്ഞ ജനുവരി മാസമാണ് യോഗം ചേര്‍ന്നതെന്നാണ് പൊലീസ് പറയുന്നത്.
ഈ യോഗത്തില്‍ ഗണേഷ് കുമാറിന്റെ സഹായി പ്രദീപ് കുമാര്‍ പങ്കെടുത്തിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. കേസില്‍ വിചാരണ ആരംഭിക്കുന്നതിന് മുമ്പാണ് കൊച്ചിയില്‍ യോഗം ചേര്‍ന്നതെന്നാണ് വിവരം.
യോഗം ചേര്‍ന്നതിന്റെ തൊട്ടു പിന്നാലെയാണ് പ്രദീപ് കുമാര്‍ കാഞ്ഞങ്ങാട്ട് എത്തിയിരിക്കുന്നത്. കേസിലെ മാപ്പുസാക്ഷിയായ കാസര്‍കോട് സ്വദേശി വിപിന്‍ലാല്‍ തന്നെ പ്രദീപ് സ്വാധിനിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതി നല്‍കിയിട്ടുണ്ട് ഇതില്‍ പ്രദീപിനെ പ്രതി ചേര്‍ത്ത് ബേക്കല്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇതിനിടെ പ്രദീപ് കുമാര്‍ രണ്ട് തവണ കേസില്‍ കസ്റ്റഡിയിലായ ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ചിരുന്നെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ആദ്യ തവണ കെ.ബി ഗണേഷ് കുമാറിനൊപ്പവും പിന്നീട് ഒറ്റയ്ക്കും പോയി കണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണിയെ നിരവധി തവണ പ്രദീപ് കുമാര്‍ ബന്ധപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടക്കുന്ന എറണാകുളം കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്ന സര്‍ക്കാരിന്റേയും നടിയുടേയും ഹരജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും.
വിചാരണ കോടതിയെ വിശ്വാസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോടതി ചട്ടവിരുദ്ധമായി ഫോറെന്‍സിക് ലാബില്‍ വിളിച്ചെന്നും തെളിവുകള്‍ വേണ്ടവിധം രേഖപ്പെടുത്തിയില്ലെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് സര്‍ക്കാരും നടിയും ആരോപിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഇന്നുവരെ കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. മഞ്ജു വാര്യരുടേയും അക്രമിക്കപ്പെട്ട നടിയുടേയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച്ച പറ്റിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
പ്രതിഭാഗത്തെ നിരവധി അഭിഭാഷകര്‍ നടിയെ മാനസികമായി തകര്‍ക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചിട്ടും വിചാരണ കോടതി ഇടപെട്ടില്ല, മകള്‍ വഴി ദിലീപ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജുവാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ നടിയും സര്‍ക്കാരും ഉന്നയിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക