കൊച്ചി: ഫസീല. കൊച്ചിക്കാരിയായ ഈ ഫ്രീലാന്‍സ് ഫിറ്റ്‌നസ് ട്രെയിനര്‍ ഇന്ന് രാജ്യത്തിന് മാതൃകയാവുകയാണ്.
കോഴിക്കോട് ജനിച്ച ഫസീലയുടേതൊരു യാഥാസ്ഥിതിക മുസ് ലിം കുടുംബമായിരുന്നു. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തോന്നുക അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്നാണ്. എന്നാല്‍ തന്റെ പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ വ്യത്യസ്തയാണ് ഫസീല.
കാരണം അവളുടെ പാഷനാണ്. പല പെണ്‍കുട്ടികളും മനസില്‍ മാത്രം കൊണ്ടു നടക്കുന്ന സ്വപ്‌നം ജീവിച്ച് കാണിച്ചു കൊടുക്കുകയാണ് ഫസീല. ബൈക്ക് റൈഡിംഗ് പഠിക്കുക മാത്രമല്ല, ബൈക്ക് റാലികളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഫസീല.
” ആദ്യമൊക്ക വളരെ ബുദ്ധിമുട്ടായിരുന്നു. ബൈക്കോടിക്കണമെന്ന് പറയുമ്പോള്‍ ആദ്യമെല്ലാവരും എതിര്‍ത്തിരുന്നു. ബൈക്ക് ഓടിക്കാന്‍ പഠിപ്പിക്കണമെന്ന് ക്ലാസ്‌മേറ്റ്‌സിനോട് ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല.” ഫസീല പറയുന്നു.
പിന്നീട് തന്റെ ഒരു അങ്കിളാണ് ഫസീലയെ ബൈക്ക് റൈഡിംഗ് പഠിപ്പിച്ചത്. തന്റെ വിശ്വാസവും ബൈക്ക് റൈഡിംഗും തമ്മില്‍ ഒരിക്കലും പരസ്പരം കലരാറില്ലെന്നും ഫസീല കൂട്ടിച്ചേര്‍ക്കുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഫസീലയും കുടുംബവും കൊച്ചിയിലേക്ക് താമസം മാറുന്നത്. ഇതിനു ശേഷമാണ് ഫസീല ബൈക്ക് വാങ്ങുന്നത്. ടി.വി.എസ് അപ്പാച്ചെ 200 സിസിയാണ് ആദ്യം വാങ്ങിയത്.
കൊച്ചിയിലെത്തിയ ഫസീല സിഒജി റൈസിംഗ് ഗ്രൂപ്പിന്റെ ഭാഗമായി. ആദ്യ റൈസിംഗ് മത്സരത്തില്‍ തന്നെ ഫസീല വിജയിയായി. അതോടെ സംഗതി തലക്കു പിടിച്ചു. പിന്നീടങ്ങോട്ട് റൈഡിംഗ് മാത്രമായി ശ്രദ്ധ. ഒരു പെണ്‍ ബൈക്ക് റൈഡര്‍ ആവുക എന്നത് രാജ്യത്ത് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന ഒന്നാണെന്നും ഫസീല പറയുന്നു.
റൈഡര്‍ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് ഫസീല പ്രൊഫഷണല്‍ റൈഡിംഗിനുള്ള അപ്പാച്ചെ ബൈക്ക് വാങ്ങുന്നത്. രാജ്യത്തുടനീളം റൈസിംഗുകളില്‍ പങ്കെടുത്തിട്ടുള്ള ഫസീല കഴിഞ്ഞ മാസം നടന്ന എം.ആര്‍.എഫ് നാഷണല്‍ റാലിയിലും പങ്കെടുത്തിരുന്നു. ബറോഡയില്‍ നടന്ന റാലിയില്‍ രണ്ടാമതാണ് ഫസീല ഫിനിഷ് ചെയ്തത്.
പിന്നാലെ ഇന്‍ഡോറില്‍ നടന്ന റാലിയില്‍ മൂന്നാമതും എത്തി. ഇനി ഫസീലയ്ക്കു മുന്നിലുള്ളത് പൂനെ, നാസിക്ക് റാലികളാണ്.