'മോദി ഒരു ക്രിമിനലാണ്, ഈ പ്രതിഷേധം മനുഷ്യത്വത്തിനു വേണ്ടി'; 'ഹൗഡി മോദി' നടക്കുമ്പോള്‍ യു.എസില്‍ പ്രതിഷേധം തീര്‍ത്ത മലയാളി അടക്കമുള്ളവര്‍ സംസാരിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടി കാണാന്‍ അമ്പതിനായിരത്തോളം പേരാണ് ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തിലെത്തിയത്. പക്ഷേ സ്റ്റേഡിയത്തിനു പുറത്തു കുറച്ചു ജനങ്ങളുണ്ടായിരുന്നതു മാധ്യമങ്ങള്‍ ശ്രദ്ധിച്ചില്ല. അവര്‍ പക്ഷേ പരിപാടി ആസ്വദിക്കാനായിരുന്നില്ല അവിടെയെത്തിയത്.
സ്റ്റേഡിയത്തിനു പുറത്തെത്തി മോദിക്കെതിരെ പ്രതിഷേധിച്ച മലയാളികളടക്കമുള്ള ചിലയാളുകളെ കണ്ടെത്തി അവരുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ വയര്‍’. അവരുടെ റിപ്പോര്‍ട്ട് ഇങ്ങനെ:
സാറാ ഫിലിപ്പ്‌സ്, മലയാളി, വയസ്സ് 21
ഹൂസ്റ്റണില്‍ ജനിച്ചുവളര്‍ന്ന സാറ ‘ആസാദ് ഓസ്റ്റിന്‍’ എന്ന സംഘടനയുടെ ഭാഗമാണ്. ഈ സംഘടനയിലെ പലരും പ്രതിഷേധത്തിനെത്തിയിരുന്നു. ഓസ്റ്റിനിലെ ടെക്‌സാസ് സര്‍വകലാശാലയില്‍ ഏഷ്യന്‍-അമേരിക്കന്‍ സ്റ്റഡീസില്‍ നാലാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സാറ. നഴ്‌സിങ് ജോലികള്‍ തേടിയാണ് സാറയുടെ കുടുംബം കേരളത്തില്‍ നിന്ന് യു.എസിലെത്തിയത്. ‘ട്രംപും മോദിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍’ എന്ന ലേഖനം സി.എന്‍.എന്നില്‍ എഴുതിയിട്ടുണ്ട് സാറ.
പ്രതിഷേധത്തില്‍ എത്തിയതിനെക്കുറിച്ച്:
‘മോദിയുടെ ഭരണത്തിനു കീഴില്‍ ന്യൂനപക്ഷ മതസ്ഥര്‍ ബുദ്ധിമുട്ടുകയാണ്. നിയമപരമായ കാര്യങ്ങള്‍ കൊണ്ടു മാത്രമല്ല അത്, സര്‍ക്കാര്‍ സംവിധാനത്തെക്കൊണ്ടു കൂടിയാണ്. അദ്ദേഹത്തിനു വേണ്ടി പണിയെടുക്കുന്ന അക്രമസംഘങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ക്കൂടിയാണ് അതിനു പ്രചോദിതരാകുന്നത്.
ഇത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഭയാനകമായ അവസ്ഥയാണെന്നാണ് എനിക്കു തോന്നുന്നത്. അതിനു കാരണക്കാരന്‍ മോദിയാണ്. ആര്‍.എസ്.എസുമായി അദ്ദേഹത്തിനു വ്യക്തമായ ബന്ധമുണ്ട്. അതില്‍ അദ്ദേഹം അഭിമാനിക്കുകയും ചെയ്യുന്നു. അദ്ദേഹമൊരു ക്രിമിനലാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
‘നിങ്ങള്‍ എന്തു ചെയ്താലും കാര്യമില്ല. ഞങ്ങള്‍ക്ക് 2002 മറക്കാനാവില്ല’ എന്നായിരുന്നു പ്രതിഷേധത്തിലെ ഞങ്ങളുടെ മുദ്രാവാക്യങ്ങളിലൊന്ന്. അദ്ദേഹം എന്തു പറഞ്ഞിട്ടും കാര്യമില്ല, ഞങ്ങള്‍ക്ക് അതു മറക്കാനാവില്ല. ഇത്തരം പരിപാടികളിലൂടെ മോദി മുന്‍പ് ചെയ്ത കാര്യങ്ങള്‍ തുടച്ചനീക്കാനാണു ശ്രമിക്കുന്നത്.
യു.എസിലെ വംശീയത നിങ്ങള്‍ നേരിടുമ്പോള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ രാജ്യത്തെക്കുറിച്ച് പറയേണ്ടിവരും. അതൊരു പ്രശ്‌നമാണ്. നിങ്ങളൊരു ഹിന്ദുവാണെങ്കില്‍, ഉന്നതജാതി വഴി പ്രിവിലേജുള്ളയാളാണെങ്കില്‍ നിങ്ങള്‍ ഹിന്ദു ദേശീയതയിലേക്കു പോകും. അതിനെയാണ് മോദി പ്രതിനിധീകരിക്കുന്നത്. നിങ്ങള്‍ ഇന്ത്യയില്‍ നിന്നു വേര്‍പെട്ടുവന്നതാണെങ്കില്‍ നിങ്ങള്‍ക്കു വംശീയാടിസ്ഥാനത്തില്‍ ട്രംപിന്റെ നയങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.
പക്ഷേ നിങ്ങള്‍ ദക്ഷിണേഷ്യന്‍ സമൂഹത്തിലോ ഇന്ത്യന്‍ സമൂഹത്തിലോ പ്രിവിലേജുകളുള്ള ഒരാളാണെങ്കില്‍ നിങ്ങള്‍ ആ പ്രിവിലേജില്‍ത്തന്നെ നില്‍ക്കും. വ്യക്തിപരമായിപ്പറഞ്ഞാല്‍, ഞാന്‍ യു.എസില്‍ ബ്രൗണാണ്. അതേസമയം ഞാന്‍ ഇന്ത്യയില്‍ മതന്യൂനപക്ഷമാണ്. അതു തീര്‍ച്ചയായും എന്റെ രാഷ്ട്രീയത്തെയും ബോധത്തെയും സ്വാധീനിക്കും.’
മോദിയുടെ ഭരണവുമായി ബന്ധപ്പെടുത്തി പ്രവാസി ഇന്ത്യക്കാര്‍ പറയുന്ന സാമ്പത്തിക വികസനത്തെക്കുറിച്ച്:
“സാമ്പത്തിക വികസനം ഒരു തൊഴിലിന്റെ ഒരു വാചാടോപം മാത്രമാണ്. നിങ്ങള്‍ക്ക് എന്തും അതുവഴി ന്യായീകരിക്കാം, ഒളിക്കാം. അതിന് സാമ്പത്തിക പുരോഗതിയെന്നു പറഞ്ഞാല്‍ മാത്രം മതി. ഇവിടെ യു.എസില്‍ റിപ്പബ്ലിക്കന്‍സ് പറയുന്നത്, അവരാണ് നികുതി കുറച്ചതെന്നൊക്കെയാണ്. അതൊരു നിശ്ചിത ഗ്രൂപ്പിനെ ആകര്‍ഷിക്കും.
പ്രവാസി ഇന്ത്യക്കാര്‍ അമേരിക്കന്‍ സംവിധാനത്തില്‍ സ്വീകാര്യരാണ്. കാരണം അവര്‍ക്കു വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നതാണ്. എന്റെ കുടുംബത്തിനു ലഭിക്കുന്ന പ്രിവിലേജ് കൊണ്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. അവര്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചു മാത്രമേ സംസാരിക്കൂ, മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കില്ല.’
‘ഞാന്‍ ഏറ്റവും പുരോഗമനനിലപാടുള്ള സ്ഥാനാര്‍ഥിക്കൊപ്പമാണു കഴിയുമെങ്കില്‍ നില്‍ക്കുക. അതൊരു റിപ്പബ്ലിക്കനല്ല, തീര്‍ച്ചയായും പ്രഥമ പരിഗണന ഡെമോക്രാറ്റിക്കിനാണ്. രാഷ്ട്രീയക്കാരെ ആരാധിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, അയാള്‍ കണ്‍സര്‍വേറ്റീവാണെങ്കിലും പ്രോഗ്രസ്സീവാണെങ്കിലും.
ബോര്‍ഡുകളിലേക്കു നോക്കൂ. അവരെന്താണു ചെയ്തതെന്നു കാണൂ. ഉദാഹരണത്തിന് മോദിയുടെ കാര്യത്തിലാണെങ്കില്‍, ഡെമോക്രാറ്റുകള്‍ വരെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. ഡെമോക്രാറ്റെന്നാല്‍ എല്ലാറ്റിനുമുള്ള ഉത്തരമല്ല. നിങ്ങള്‍ക്ക് അവര്‍ എന്താണു ചെയ്യുന്നതെന്നു നോക്കാം. സില്‍വസ്റ്റര്‍ ടേണര്‍ ഒരു ഡെമോക്രാറ്റാണ്. അദ്ദേഹമാണ് ഹൂസ്റ്റണിലെ മേയര്‍. യു.എസിലെ ഏറ്റവും വൈവിധ്യമുള്ള നഗരമാണിത്. എന്നിട്ടും അദ്ദേഹമിന്ന് മോദിയെയും ട്രംപിനെയും പിന്തുണയ്ക്കാന്‍ പോകുന്നു. നിങ്ങള്‍ തീര്‍ച്ചയായും അവരുടെ നയങ്ങള്‍ നോക്കണം. അവരെന്തിനാണു നിലനില്‍ക്കുന്നതെന്നു നോക്കണം. അവരെന്താണു സംസാരിക്കുന്നതെന്നു മാത്രം നോക്കി ഒന്നും തീരുമാനിക്കരുത്.’
അഭിനയ ഗോവിന്ദന്‍, 22 വയസ്സ്
അഭിനയയുടെ മാതാപിതാക്കള്‍ ചടങ്ങിലെ മുഖ്യാതിഥികളില്‍പ്പെട്ട ആളുകളായിരുന്നു. എന്നാല്‍ ചടങ്ങ് ബഹിഷ്‌കരിച്ച മകള്‍ സ്റ്റേഡിയത്തിനു പുറത്തു നടന്ന പ്രതിഷേധപരിപാടികളിലാണു പങ്കെടുത്തത്.
യു.എസില്‍ ജനിച്ചുവളര്‍ന്ന അഭിനയ മനശ്ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഫോര്‍ദാം സര്‍വകലാശാലയിലാണ് അഭിനയ പഠിച്ചത്. ചെന്നൈ സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം പലതവണ അഭിനയ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രതിഷേധത്തില്‍ എത്തിയതിനെക്കുറിച്ച്:
‘ഞാന്‍ ഹിന്ദുവായാണു വളര്‍ന്നത്. വളരുന്നതിനിടയ്ക്ക് ഞാന്‍ എല്ലാ ഞായറാഴ്ചയും ഇവിടെയുള്ള വേദക്ലാസ്സില്‍ പോകുമായിരുന്നു. ഇന്ത്യ വളരെ സമാധാനമുള്ള രാജ്യമാണെന്നാണു ഞാന്‍ പഠിച്ചത്. അക്രമമില്ലാതെ അഹിംസയടക്കമുള്ള ചിന്തുകളുള്ള ഹിന്ദുത്വം വളരെ സമാധാനപരമായ മതമാണെന്നാണ് എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചത്.
അഭിനയ ഗോവിന്ദന്‍
പക്ഷേ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അതില്‍ ചില ചിന്തകള്‍ ജാതിയുടെ പേരിലുള്ള അക്രമമല്ലേ എന്ന ചോദ്യം ഉന്നയിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ആ സമയം എനിക്ക് 21 വയസ്സായിരുന്നു, അതിനര്‍ഥം ഞാന്‍ 21 വര്‍ഷം വൈകിയെന്നാണ്. അതിനുശേഷം ഞാന്‍ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമം നടത്തി. എങ്ങനെയാണ് ഹിന്ദു ദേശീയവാദികള്‍ എന്നു പറയപ്പെടുന്നവര്‍ വികാരം ആളിക്കത്തിക്കുന്നതെന്ന് അതുവഴി ഞാന്‍ മനസ്സിലാക്കി.
ഞാന്‍ ഇതിനു മുന്‍പ് ഒരിക്കലും ജാതിയുടെ പേരിലുള്ള അക്രമത്തെക്കുറിച്ചു കേട്ടിരുന്നില്ല (പക്ഷേ തീര്‍ച്ചയായും ഞാന്‍ ജാതിയെക്കുറിച്ച് കേട്ടിട്ടുണ്ട്). ബ്രാഹ്മണര്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമാണെന്നാണു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റെ മാതാപിതാക്കള്‍ എന്നെ പറഞ്ഞുപഠിപ്പിച്ചത്. ഞാനവരെ വിശ്വസിച്ചു. എന്റെ ഒരുപാട് ബ്രാഹ്മണ സുഹൃത്തുക്കളെയും അവരുടെ മാതാപിതാക്കള്‍ ഇങ്ങനെ തന്നെയാണു പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. അതിജീവനത്തിനു വേണ്ടിയാണത്രെ അവര്‍ യു.എസിലേക്കു വന്നത്.
ഞാനതിനെക്കുറിച്ച് അന്വേഷിച്ചു. ഓണ്‍ലൈനില്‍ ഗവേഷണം നടത്തി. അതല്ല വിഷയമെന്നു ഞാന്‍ മനസ്സിലാക്കി. അവരൊരു വലിയ സംഘമാണെന്നും അവര്‍ക്ക് പ്രിവിലേജുകളുണ്ടെന്നും ഓരോ ആനുകൂല്യങ്ങളും അവര്‍ നേടുന്നുണ്ടെന്നും ഞാന്‍ മനസ്സിലാക്കി. സംവരണ സംവിധാനത്തില്‍ കീഴ്ജാതിക്കാര്‍ക്ക് അവസരങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിലാണു തങ്ങള്‍ ഇന്ത്യ വിട്ട് യു.എസിലേക്കു കുടിയേറിയതെന്ന ഐതിഹ്യം ഇപ്പോഴും പല ബ്രാഹ്മണ മാതാപിതാക്കളും തങ്ങളുടെ മക്കളെ പറഞ്ഞുപഠിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ആ ഐതിഹ്യം എന്നിലില്ല. ഞാന്‍ യാഥാര്‍ഥ്യങ്ങളിലേക്കെത്തി, പുതിയ കാര്യങ്ങള്‍ പഠിക്കുകയും പഠിക്കാതിരിക്കുയും ചെയ്യുന്നു.
മോദി 2014-ല്‍ അധികാരത്തിലേറിയപ്പോള്‍ എന്റെ മാതാപിതാക്കള്‍ പറഞ്ഞത് ഇന്ത്യയുടെ പുരോഗതിക്ക് ഏറ്റവും നല്ല രാഷ്ട്രീയപ്പാര്‍ട്ടി ബി.ജെ.പിയാണെന്നാണ്. അവര്‍ യു.എസില്‍ വോട്ട് ചെയ്തത് ഡെമോക്രാറ്റുകള്‍ക്കു വേണ്ടിയാണ്. 2016-ല്‍ അവര്‍ ഹില്ലരിക്കാണ് വോട്ട് ചെയ്തത്.
നിങ്ങള്‍ അടിച്ചമര്‍ത്തപ്പെടുത്തുന്നത് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. റിപ്പബ്ലിക്കന്‍സ്, പ്രത്യേകിച്ച് ടെക്‌സാസില്‍ വംശീയമായാണ് നിലനില്‍ക്കുന്നത്. വെളുത്തവര്‍ഗക്കാരല്ലാത്തവര്‍ക്കെതിരെയാണ് അവര്‍ നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ എന്റെ മാതാപിതാക്കള്‍ക്ക് ലിബറല്‍ അമേരിക്കന്‍സാകാന്‍ എളുപ്പമായിരുന്നു.
എന്റെ അമ്മ ഒരു ചികിത്സകയാണ്. എല്ലാവര്‍ക്കും ആരോഗ്യരംഗത്തേക്കു പ്രവേശനം ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതൊരു അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്. അമ്മയും അതുകൊണ്ട് ലിബറലാണ്.
വംശീയതയുമായി നടക്കുന്നവരുടെ ലക്ഷ്യം യു.എസില്‍ ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ ഒരു അടിച്ചമര്‍ത്തല്‍ സംവിധാനത്തിന്റെ ഇരയെന്ന നിലയില്‍ എനിക്കു വളരെ എളുപ്പം സംസാരിക്കാനാവും. പക്ഷേ നിങ്ങളാണ് ഈ സംവിധാനം കൈയ്യില്‍പ്പിടിച്ചിട്ടുള്ളതെങ്കില്‍ നിങ്ങള്‍ക്കു കണ്ണാടിയില്‍ നോക്കിനില്‍ക്കാനാവില്ല.
യു.എസിലെ മധ്യവര്‍ഗത്തിലേക്കു വരാതെ ഭൂരിഭാഗം മേല്‍ജാതിക്കാരായ ഇന്ത്യയിലെ ഹിന്ദു കുട്ടികള്‍ക്ക് സ്വയം ബോധ്യം വരില്ല. പക്ഷേ എനിക്ക് ഇന്ത്യ ഇങ്ങനെയാവേണ്ട, ഹിന്ദുത്വം ഇങ്ങനെയാവേണ്ട. ലക്ഷക്കണക്കിനാളുകളുടെ മുറിവിന്റെ കാരണമാകാതെ അതു കൂടുതല്‍ തുല്യതയിലെത്തണം.
ഹിന്ദുത്വത്തിന്റെ ഉപസിദ്ധാന്തങ്ങളില്‍ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്, കര്‍മം മുതലായവയില്‍. ഞാനതിനു കുറേ കഷ്ടപ്പെടുന്നുണ്ട്. എന്റേതായ ഒരു മതത്തിലേക്ക് എത്തിപ്പെടണമെന്നാണ് എന്റെ ആഗ്രഹം. അതില്‍ ഞാന്‍ സംതൃപ്തയായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്.’
ഹൂസ്റ്റണില്‍ നടന്ന പ്രതിഷേധം പാക്കിസ്ഥാന്റെ ഗൂഢാലോചനയാണെന്ന ആരോപണത്തെക്കുറിച്ച്:
‘അതൊരു നുണയാണ്. കശ്മീരികളുടെയും ഇന്ത്യയിലെ മുസ്‌ലിങ്ങളുടെയും അവകാശങ്ങള്‍ക്കു വേണ്ടി മുസ്‌ലിം ഇതര വിഭാഗക്കാര്‍ സംസാരിക്കരുതെന്നു പറയുന്ന നിഗമനത്തിലേക്കു നമുക്ക് എത്തിച്ചേരേണ്ടി വരുമെന്നാണ് എനിക്കു തോന്നുന്നത്. ഇതൊരു പ്രതിഷേധമാണ്. അത് മനുഷ്യത്വത്തിനു വേണ്ടിയാണ്.
ഈ വിഷയങ്ങളെക്കുറിച്ചൊക്കെ ഞാന്‍ പലതവണ എന്റെ മാതാപിതാക്കളുമായി സംസാരിച്ചിട്ടുണ്ട്. അമ്മ അവരുടെ കുറേ അഭിപ്രായങ്ങളും പറഞ്ഞു. ഇത്തവണ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും ബി.ജെ.പിക്കെതിരായി വോട്ട് ചെയ്തില്ലെന്ന് അമ്മ പറഞ്ഞു.
ഞാന്‍ അടുത്തിടെ ‘സാധന’ എന്ന ഒരു സംഘടനയില്‍ ചേര്‍ന്നു. ന്യൂയോര്‍ക്കിലാണ് അവരുടെ ആസ്ഥാനം. ഹിന്ദുത്വത്തിന്റെ പേരിലാണ് അവര്‍ അറിയപ്പെടുന്നത്. പക്ഷേ അവര്‍ ജാതീയമായ അക്രമങ്ങള്‍ക്കെതിരാണ്. ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ വികാരത്തിനെതിരാണ്. അവരുടെ കൂടെ കൂടുതല്‍ പ്രവര്‍ത്തിക്കുകയാണ് എന്റെ ഉദ്ദേശ്യം.’
ആസിഫ് (സാങ്കല്‍പ്പിക പേര്), വയസ്സ് 28
കാന്‍പുര്‍ സ്വദേശിയായ ആസിഫ് ഇപ്പോള്‍ ഹൂസ്റ്റണിലെ ഷ്‌ലംബര്‍ഗറില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.
പ്രതിഷേധത്തില്‍ എത്തിയതിനെക്കുറിച്ച്:
‘മോദിസര്‍ക്കാര്‍ കശ്മീരികളെ അടിച്ചമര്‍ത്തുന്നു. അദ്ദേഹവും ആര്‍.എസ്.എസും ഇന്ത്യയെ ദേശീയതയുടെ അടിസ്ഥാനത്തിലുള്ള ഒരു രാജ്യമാക്കാനാണ് ശ്രമിക്കുന്നത്. അതു ശരിയല്ല.
ആസിഫ്
ഇന്ത്യയില്‍ ദളിതര്‍ക്കെതിരെ നടക്കുന്നതിന്റെ മുഴുവന്‍ കാര്യങ്ങളും എനിക്കറിയില്ല. ഇവിടെ ഞാന്‍ തിരക്കിട്ട ഒരു ജീവിതത്തിലാണ്. അതുകൊണ്ടുതന്നെ ആവശ്യത്തിനു വിദ്യാഭ്യാസം നേടാന്‍ എനിക്കായിട്ടില്ല. പക്ഷേ ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ ആശങ്കാകുലനാണ്. അത് നേരിട്ട് എന്നെയും എന്റെയും കുടുംബത്തെയും ബാധിക്കുന്നതാണ്.’
റൂബി, വയസ്സ് 32
ലുധിയാന സ്വദേശിയായ സിഖുകാരി. വളരെ ചെറുപ്പത്തില്‍ത്തന്നെ യു.എസിലെത്തിയ റൂബി വടക്കുകിഴക്കന്‍ ഹൂസ്റ്റണിലെ ഒരു ഊര്‍ജ സ്ഥാപനത്തിലെ മാനവവിഭവ ശേഷി വകുപ്പില്‍ ജോലി ചെയ്യുന്നു.
പ്രതിഷേധത്തില്‍ എത്തിയതിനെക്കുറിച്ച്:
‘കശ്മീരിലെ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ അവര്‍ എടുത്തുമാറ്റിയെന്നുള്ളത് വസ്തുതയാണ്. ആ പ്രദേശത്ത് ഏതെങ്കിലും ഭീകര സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളതിന്റെ അര്‍ഥം അവിടെയുള്ള ഓരോരുത്തരും അതിനു വില നല്‍കണമെന്നല്ല. ഗുജറാത്തിലെ മോദിയുടെ കാലത്തെക്കുറിച്ചും അദ്ദേഹം നടപ്പാക്കിയ കലാപത്തെക്കുറിച്ചോര്‍ത്തും ഞാന്‍ ഇന്നും ആശങ്കാകുലയാണ്.’
മോദി സാമ്പത്തിക രംഗത്തു പുരോഗതി കൊണ്ടുവന്നോ എന്ന ചോദ്യത്തിനുള്ള മറുപടി:
‘നൂറുശതമാനം ഉറപ്പാണ് അങ്ങനെയില്ല എന്നത്. അദ്ദേഹം അധികാരമേറ്റ ശേഷമാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ കുറവ് വന്നതെന്ന് ഞാന്‍ ഒരു ന്യൂസ് റിപ്പോര്‍ട്ട് കണ്ടിരുന്നു. എനിക്കാ കണക്കുകള്‍ ഓര്‍മയില്ല. പക്ഷേ സാമ്പത്തികരംഗം മെച്ചപ്പെട്ട അവസ്ഥയിലല്ല എന്നു പറയാന്‍ ഇതുമതി. അദ്ദേഹമത് കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തിച്ചിട്ടില്ലായിരിക്കാം. പക്ഷേ അദ്ദേഹത്തിന്റെ ഭരണത്തിനു കീഴില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ഹള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.’
ഡേവിഡ് മൈക്കല്‍ സ്മിത്ത്, വയസ്സ് 64
ടെക്‌സാസിലെ ഗാല്‍വസ്റ്റോണില്‍ താമസിക്കുന്ന സ്മിത്ത് പൊളിറ്റിക്കല്‍ സയന്‍സില്‍ റിട്ട. പ്രൊഫസറാണ്. ടെക്‌സാസ് സിറ്റിയിലെ മെയിന്‍ലാന്‍ഡ് കോളേജിലായിരുന്നു അദ്ദേഹം അധ്യാപക കാലം പൂര്‍ത്തിയാക്കിയത്. ഹൂസ്റ്റണ്‍ സര്‍വകലാശാലയിലും അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റോണയും പ്രതിഷേധത്തില്‍ പങ്കെടുത്തു.
പ്രതിഷേധത്തില്‍ എത്തിയതിനെക്കുറിച്ച്:
‘കശ്മീര്‍. പ്രത്യേക പദവി എടുത്തുമാറ്റിയ കശ്മീര്‍. വലിയ തോതില്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുന്ന കശ്മീര്‍. ആയിരക്കണക്കിന് ആളുകള്‍ അവിടെ അറസ്റ്റ് ചെയ്യപ്പെട്ടു. പലരെയും കൊന്നു. ഭൂരിപക്ഷത്തെയും ഭയപ്പെടുത്തുന്നു. അവ പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ല.
രണ്ടാഴ്ച മുന്‍പ് ഒരു പ്രാദേശിക മനുഷ്യാവകാശ സംഘടന സംഘടിപ്പിച്ച യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. കശ്മീരില്‍ നിന്നുള്ള ഒരു സ്ത്രീ പറഞ്ഞതുകേട്ട് ഞാന്‍ അത്ഭുതപ്പെട്ടു. അവര്‍ക്ക് അവിടെയുള്ളവരുമായി സംസാരിക്കാനാവുന്നില്ല. സാഹചര്യം വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നാണ് അവര്‍ എവിടെനിന്നോ അറിഞ്ഞത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ മോശമാണ് അവസ്ഥയെന്ന് അപ്പോള്‍ ഞാനെന്റെ ഭാര്യയോടു പറഞ്ഞു. കശ്മീരികളെ സഹായിക്കാനായി ഞങ്ങള്‍ പണം നല്‍കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ ഇടതു സഹയാത്രികരായ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞു. ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.
ഇന്ത്യയില്‍ ഒരുപാട് ശൗചാലയങ്ങള്‍ നിര്‍മിക്കപ്പെടുന്നുണ്ടെന്നുള്ളതു മനസ്സിലാക്കാം. പക്ഷേ കൂട്ടക്കൊലകള്‍ക്കും കൂട്ടത്തോടെ അടിച്ചമര്‍ത്തുന്നതിനും ഹിന്ദുത്വ തീവ്രവാദത്തിനും ഒരു ന്യായീകരണവുമില്ല. തീവ്രവാദം ഇല്ലാതാക്കല്‍ അവരുടെ ചുമതലയാണ്. നമുക്കെല്ലാവര്‍ക്കും മോദിയുടെ ചരിത്രം അറിയാം. ജനങ്ങള്‍ക്കു സ്വാതന്ത്ര്യം വേണം. അവര്‍ അക്രമവും രാഷ്ട്രീയ അടിച്ചമര്‍ത്തലും അര്‍ഹിക്കുന്നവരല്ല.’
വാര്‍ത്തയ്ക്കും ഉള്ളില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ക്കും കടപ്പാട്: ദ വയര്‍