| Friday, 13th April 2018, 4:58 pm

കത്‌വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നീതിക്ക് വേണ്ടി പോരാടുന്ന രണ്ട് കശ്മീരി പണ്ഡിറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കത്‌വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ എന്നെങ്കിലും ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അത് ഈ രണ്ട് കശ്മീരി പണ്ഡിറ്റുകളുടെ പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാവും. പൊലീസ് ഓഫീസറായ രമേഷ് കുമാര്‍ ജല്ലയും എട്ടുവയസുകാരിയുടെ കേസ് വാദിക്കുന്ന ദീപിക സിങും ആണിവര്‍.

പൊലീസ് സീനിയര്‍ സുപ്രണ്ടായ രമേഷ് കുമാര്‍ ജല്ലയുടെ നേതൃത്തിലുള്ള അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. റെക്കോര്‍ഡ് വേഗത്തിലായിരുന്നു രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അതായത് ഹൈക്കോടതി നല്‍കിയ 90 ദിവസത്തിനും പത്ത് ദിവസത്തിനും മുമ്പെ. ജമ്മുകശ്മീരിലെ അഭിഭാഷകരുടെയടക്കം സമ്മര്‍ദ്ദങ്ങളെയും പ്രതിഷേധങ്ങളെയും മറികടന്നായിരുന്നു ഇത്.

നാല് പൊലീസുകാരെയും റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയുമടക്കം പ്രതികളാക്കി സമര്‍പ്പിച്ച കുറ്റപത്രം കൊലപാതകം നടത്തിയത് ബക്കര്‍വാള്‍ മുസ്‌ലിംങ്ങളെ പേടിപ്പിച്ച് ഓടിപ്പിക്കുന്നതിന് വേണ്ടിയാണെന്നും പറഞ്ഞിരുന്നു. സി.ബി.ഐ കുറ്റപത്രവും ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉത്തര്‍പ്രദേശില്‍ നിന്ന് ആളെ വിളിച്ചു വരുത്തിയതും ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന വിവരങ്ങളും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.


Read more: ‘ആ പ്രസ്താവന ഹൃദയശൂന്യത’; കഠ്വ കൊലപാതകത്തെ ന്യായീകരിച്ച വിഷ്ണു നന്ദകുമാറിനെ പുറത്താക്കിയതായി കൊടക് മഹീന്ദ്ര


ജമ്മുമേഖലയിലെ ക്രൈംബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്ന രമേഷ് കുമാര്‍ ജല്ലയെ സഹായിച്ചിരുന്നത് നവീദ് പേര്‍സാദയെന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി സംഘമായിരുന്നു.

1984 മുതല്‍ കശ്മീരില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് രമേഷ് കുമാര്‍ ജല്ല. കുറ്റപത്രം സമര്‍പ്പിക്കുന്ന സമയത്ത് അഭിഭാഷകര്‍ പ്രതിഷേധിച്ചെന്നും ക്രൈംബ്രാഞ്ചിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നുവെന്നും ജല്ല പറയുന്നു. പ്രധാനപ്പെട്ട തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നുവെന്നും പക്ഷെ പ്രതികളെ കണ്ടെത്താനായെന്നും അദ്ദേഹം പറയുന്നു.

കേസന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയതിന് രമേഷ് കുമാര്‍ ജല്ലയെയും നവീദ് പേര്‍സാദയെയും സോഷ്യല്‍ മീഡിയയും അഭിനന്ദിച്ചിരുന്നു. അതിലൊന്ന് ഇപ്രകാരമായിരുന്നു.

“” സമ്മര്‍ദ്ദങ്ങളെ തോല്‍പ്പിച്ച് കത്‌വ കേസ് തെളിയിച്ച രമേഷ് കുമാര്‍ ജല്ലയ്ക്കും നവീദ് പേര്‍സാദയ്ക്കും എന്റെ സല്ല്യൂട്ട്, ഒരു കശ്മീരി പണ്ഡിറ്റും ഒരു കശ്മീരി മുസ്‌ലിമും. കുഡോസ്”.

ദീപിക തുസൂ സിങ്

ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ പെണ്കുട്ടിയുടെ കുടുംബത്തിന് വേണ്ടി കേസ് വാദിക്കുന്നത് 38കാരിയായ ദീപിക തുസൂ സിങാണ്. ദീപിക നല്‍കിയ റിട്ട് ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്.

ഇരയുടെ കുടുംബത്തിനുവേണ്ടി ഹാജരാകരുതെന്ന് തന്നോട് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഹൈക്കോടതിയില്‍വെച്ച് ഭീഷണിപ്പെടുത്തിയെന്ന് ദീപിക പറഞ്ഞിരുന്നു. ഏപ്രില്‍ നാലിനായിരുന്നു സംഭവം.

നിങ്ങളെ എങ്ങനെ പിന്തിരിപ്പാക്കാന്‍ അറിയാമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബി.എസ് സലാതിയ പറഞ്ഞുവെന്നും ദീപിക പറഞ്ഞിരുന്നു. ജമ്മു കാശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സംഭവത്തില്‍ പരാതി നല്‍കുമെന്നും ദീപിക പറഞ്ഞു.

” എനിക്ക് വധഭീഷണിയുണ്ട്. എനിക്ക് സംരക്ഷണം നല്‍കുമെങ്കില്‍ ഞാന്‍ തന്നെ കേസ് വാദിക്കും.” ദീപിക പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more