| Tuesday, 10th October 2017, 8:30 pm

വെള്ളിത്തിരയില്‍ നിന്നും കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ തലപ്പത്തേക്ക്; രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് പിന്നിലെ മാറ്റത്തിന്റെ തലച്ചോറായി രമ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും സോഷ്യല്‍മീഡിയയിലൂടെയുള്ള ഇടപെടലുകളില്‍ കഴിഞ്ഞ കുറച്ചു നാളുകളായി വലിയ തോതിലുള്ള മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഭരണം കയ്യാളുന്ന ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത് സോഷ്യല്‍ മീഡിയയാണെന്ന് നിസ്സംശയം പറയാം. ഇതേ രീതിയില്‍ തന്നെ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസും രാഹുലും.

” മുഖംമൂടി മാറ്റപ്പെട്ടിരിക്കുന്നു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ നേരത്തെ ഉയര്‍ത്തി കൊണ്ടുവന്നിരുന്നില്ല എന്നല്ല, രീതി മാറി”. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ സെല്ലിന്റെ ചീഫായ രമ്യ പറയുന്നു. സിനിമ മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ രമ്യ കോണ്‍ഗ്രസിന്റെ ഐ.ടി സെല്ലിന്റെ മുഖവും മാറ്റുകയാണ്.

രമ്യ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചുമതലയേറ്റെടുത്തതിന് ശേഷം രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് പാര്‍്ട്ടിയുടേയും സോഷ്യല്‍ മീഡിയ ഇടപെടലുകളിലുണ്ടായ മാറ്റം എതിര്‍പ്പാര്‍ട്ടികള്‍ പോലും സമ്മതിക്കുന്നതാണ്.

സോഷ്യല്‍-ഡിജിറ്റല്‍ മീഡിയയിലൂടെ പാര്‍ട്ടിയ്ക്കായി ക്യാമ്പയിന്‍ നടത്തുന്നതിനായി ഈ മെയ് മാസമാണ് രമ്യയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തതും ചുമതലയേല്‍പ്പിച്ചതും. കഴിഞ്ഞ കുറച്ച് കാലമായി ബി.ജെ.പി കയ്യാളുന്ന മേഖലയായിരുന്നു ഇതെന്ന് ഓര്‍ക്കണം.


Also Read:   ‘എത്ര സ്ത്രീകളുണ്ട് ആര്‍.എസ്.എസില്‍? ശാഖയില്‍ കാക്കി ട്രൗസര്‍ ധരിച്ച ഏതെങ്കിലും സ്ത്രീയെ ഇതുവരെ കണ്ടിട്ടുണ്ടോ’; ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി


എന്‍.ഡി.എ ഗവണ്‍മെന്‍ിനും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നയാളായിരുന്നു രമ്യ. സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന് അധികം പരിചയമില്ലാത്ത രീതിയായിരുന്നു അത്. ഒരു വിഭാഗത്തിനുള്ളില്‍ മാത്രം അധികാരം കിടന്ന് കറങ്ങിക്കളിച്ചിരുന്ന, എതിരാളികളെ നിശ്ബദത കൊണ്ടും ശാന്തതകൊണ്ടും മാത്രം നേരിട്ടിരുന്ന പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. അവിടേക്കാണ് രമ്യയുടെ കടന്നു വരവ്.

കോണ്‍ഗ്രസിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള രീതികളില്‍ മാറ്റം വരുത്തുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പ്രത്യേകിച്ചും ന്യൂ മീഡിയയുടെ കാലത്ത്. ഇവിടെ വേഗത്തില്‍ ചെയ്യേണ്ടത് വേഗത്തിലും സാവധാനത്തില്‍ ചെയ്യേണ്ടത് അങ്ങനേയും ചെയ്യണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്ന മാറ്റങ്ങളുടെ ഫലം ഇപ്പോള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഈ രംഗത്ത് മുമ്പിലായിരുന്ന ബി.ജെ.പി ഇപ്പോള്‍ അതിന്റെ ചൂട് അറിഞ്ഞു കൊണ്ടിരിക്കുകയാണ്.

“രാഷ്ട്രീയത്തിലാണെങ്കില്‍ പിന്നെ ഇറങ്ങികളിക്കുക തന്നെ വേണം”. രമ്യ പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ തന്റെ ടീമിലെ അംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കി രമ്യ വര്‍ധിപ്പിച്ചു. ഇതില്‍ 85 ശതമാനവും സ്ത്രീകളാണ്. രമ്യ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ വെറും മൂന്ന് സ്ത്രീകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ സൈബര്‍ സെല്ലിലുണ്ടായിരുന്നത്.

സ്ത്രീ പങ്കാളിത്തമാണോ മാറ്റത്തിന് കാരണമെന്നറിയില്ലെങ്കിലും അത് ഗുണം ചെയ്യുന്നുണ്ടെന്നാണ് രമ്യ പറയുന്നത്.” സ്ത്രീകള്‍ കാര്യങ്ങള്‍ ചെയ്യുന്നതും ചിന്തിക്കുന്നതും വ്യത്യസ്തമായാണ്. സ്ത്രീകളുടെ ടീമുള്ളതു കൊണ്ട് വലിയ മാറ്റമുണ്ടായി എന്നതിനെ നിരാകരിക്കാന്‍ എനിക്ക് കഴിയില്ല.” അവര്‍ പറയുന്നു.

സോഷ്യല്‍ മീഡിയ ട്രോളുകളും വ്യാജ വാര്‍ത്തകളുമായിരുന്നു രമ്യയ്ക്ക് ആദ്യം നേരിടേണ്ടി വന്ന വെല്ലുവിളി. കൂടുതലൊന്നും തങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അവയെ നേരിട്ടേ പറ്റൂവെന്ന് രമ്യ പറയുന്നു. എന്നാല്‍ ഇതിനിടെ സംഭവിച്ച ഏറ്റവും നല്ല കാര്യമായി രമ്യ ചൂണ്ടിക്കാണിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ഇടപെടാന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചുവെന്നതാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ കൃത്യസമയത്ത് കുറിക്കു കൊള്ളുന്നവയായി മാറിയിരിക്കുന്നു.

അതേസമയം, സോഷ്യല്‍ മീഡിയ എപ്പോള്‍ വേണമെങ്കിലും തിരിഞ്ഞു കൊത്താമെന്നും രമ്യ പറയുന്നു.

ന്യൂ മീഡിയയെ എതിര്‍ക്കുന്ന നേതാക്കളുടെ ഭൂരിപക്ഷമുള്ള പാര്‍ട്ടിയെ സമ്മതിച്ചിടത്തോളം ഇതൊരു ഞാണിന്മേല്‍ കളിയായിരുന്നു. അതേസമയം, പാര്‍ട്ടിയിലെ ചില നേതാക്കള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ സഹപ്രവര്‍ത്തകരേക്കാള്‍ ഒരുപാട് മുന്നിലുമായിരുന്നു.

2009 ല്‍ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടായിരുന്ന ഏക ഇന്ത്യന്‍ രാഷ്ട്രീയനേതാവ് ശശി തരൂരായിരുന്നു. അന്ന് അദ്ദേഹത്തിനുണ്ടായിരുന്നത് 6000 ഫോളോവേഴ്‌സായിരുന്നു. ഇന്ന് അത് ആറു മില്യണായി. കോണ്‍ഗ്രസ് നേതാക്കന്മാരില്‍ ഏറ്റവും കൂടുതല്‍. അതേസമയം, നരേന്ദ്രമോദിയ്ക്ക് തരൂരിനേക്കാല്‍ ആറിരട്ടി ഫോളോവേഴ്‌സുണ്ട്.

അതുകൊണ്ട് രമ്യയ്ക്കും ടീമിനും പണി പിടുപ്പുള്ളതായിരുന്നു. വീഡിയോഗ്രാഫര്‍മാരും കണ്ടന്റ് റൈറ്റര്‍മാരും ഗവേഷകരുമെല്ലാം ടീമിലെത്തി. ഡിജിറ്റല്‍ ഡാറ്റകളും വീഡിയോകളുമെല്ലാം വീണ്ടും വീണ്ടും പഠിച്ചു കൊണ്ടിരുന്നു. സര്‍ക്കാര്‍ ഡാറ്റകളും പാര്‍ട്ടി ഉപയോഗിക്കാന്‍ തുടങ്ങി.


Don”t Miss:  നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്, അത് പറയൂ: അമിത്ഷായുടെ മകന്റെ കമ്പനി ലാഭത്തെ കുറിച്ച് പ്രതികരണമാരാഞ്ഞ സീന്യൂസ് റിപ്പോര്‍ട്ടറെ പൊളിച്ചടുക്കി രാഹുല്‍ഗാന്ധി; വീഡിയോ


ഗുജറാത്തിലെ ദളിതര്‍ മീശപ്രക്ഷോഭം ആരംഭിച്ചപ്പോള്‍ ദളിതര്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ച് വീഡിയോ തയ്യാറാക്കി പാര്‍ട്ടി ബ്ലോഗില്‍ ഇട്ടിരുന്നു. എന്‍.സി.ആര്‍.ബിയുടെ ഡാറ്റയുടെ സഹായത്തോടെയായിരുന്നു ഇത്. അര്‍ത്ഥ ശൂന്യമായ ആരോപണങ്ങള്‍ കണക്കുകള്‍ക്കും വസ്തുതകള്‍ക്കും വഴിമാറി. നോ യുവര്‍ ലെഗസി ക്യാമ്പയിനും ഹിറ്റായി മാറി.

” ട്വിറ്ററില്‍ പോളുകള്‍ ആരംഭിച്ചു. ഒരിക്കല്‍ ചോദിച്ചത് ഗാന്ധിജിയെ മഹാത്മ എന്നു വിളിച്ചത് ആരായിരുന്നു എന്നായിരുന്നു ചോദ്യം. ആര്‍.എസ്.എസ് എന്ന ഓപ്ഷനും നല്‍കി.” രമ്യയുടെ ടീമിലൊരാള്‍ പറയുന്നു. സര്‍വ്വേകളും ക്വിസുകളും മിമുകളുമെല്ലാം ക്യാമ്പയിനിന്റെ ഭാഗമായി. വോട്ടര്‍മാര്‍ക്ക് എന്താണ് ആവശ്യമെന്ന് ഇതു മനസിലാക്കി തന്നെന്നും അവര്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ അടുത്തിടെ വന്‍ കുതിപ്പാണുണ്ടായിരിക്കുന്നത്. ഇതൊന്നും താനെ ഉണ്ടായതല്ലെന്ന് രമ്യ പറയുന്നു. ഓരോ വോട്ടും തങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. 2014ലെ തെരഞ്ഞെടുപ്പ് സമയം മുതല്‍ ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ ആക്രമണത്തിന് കോണ്‍ഗ്രസ് ഇരയായിട്ടുണ്ട്. ആ സമയം കഴിഞ്ഞിരിക്കുന്നു. ഇനി സ്വയം മാറേണ്ട, തിരിച്ചടിക്കേണ്ട സമയമാണെന്നും രമ്യ പറയുന്നു.

We use cookies to give you the best possible experience. Learn more