നേടിയത് വെറും 17 റൺസ്, സ്വന്തമാക്കിയത് ലോകറെക്കോഡ്; ഇവനാണ് ചരിത്രത്തിലെ ഏകാധിപതി
Cricket
നേടിയത് വെറും 17 റൺസ്, സ്വന്തമാക്കിയത് ലോകറെക്കോഡ്; ഇവനാണ് ചരിത്രത്തിലെ ഏകാധിപതി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th March 2024, 7:59 am

2024 മലേഷ്യ ഓപ്പണ്‍ ടി-20 ചാമ്പ്യന്‍ഷിപ്പില്‍ കുവൈത്തിന് തകര്‍പ്പന്‍ വിജയം. വനൗട്ടുവിനെ ഏഴു വിക്കറ്റുകള്‍ക്കാണ് കുവൈത്ത് പരാജയപ്പെടുത്തിയത്.

ജയത്തോടൊപ്പം ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കുവൈത്ത് വിക്കറ്റ് കീപ്പര്‍ മീറ്റ് ഭാവ്‌സര്‍. മത്സരത്തില്‍ 12 പന്തില്‍ 17 റണ്‍സാണ് ഭാവ്‌സര്‍ നേടിയത്. രണ്ട് സിക്സും ഒരു ഫോറുമാണ് താരം നേടിയത്. മത്സരത്തിന്റെ മൂന്നാം ഓവറില്‍ കുവൈത്ത് സ്‌കോര്‍ 31ല്‍ നില്‍ക്കെയാണ് താരം പുറത്തായത്.

എന്നാല്‍ ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഭാവ്‌സര്‍ സ്വന്തം പേരില്‍ കുറിച്ചത്. ടി-20യില്‍ 1000 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനാണ് ഭാവ്‌സറിന് സാധിച്ചത്. തന്റെ 19ാം വയസിലായിരുന്നു ഭാവ്‌സര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 21 വയസിന് താഴെയുള്ള മറ്റൊരു താരവും ടി-20യില്‍ 1000 റണ്‍സ് നേടിയിട്ടില്ല.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ കുവൈത്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വനൗട്ടു 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് നേടിയത്.

കുവൈത്ത് ബൗളിങ്ങില്‍ ഷിറാസ് ഖാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തികൊണ്ട് വനാട്ടുവിനെ തകര്‍ക്കുകയായിരുന്നു. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 12 റണ്‍സ് വിട്ടു നല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

യാസിന്‍ പട്ടേല്‍, പര്‍വിന്ദര്‍ കുമാര്‍, മുഹമ്മദ് അസ്ലം എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി. 30 പന്തില്‍ 28 റണ്‍സ് നേടിയ പാട്രിക് മറ്റാറ്റുവയാണ് വനാട്ടുവിന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കുവൈത്ത് 11.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. രവിജ സന്ദരുവാന്‍ 22 പന്തില്‍ 35 റണ്‍സും ക്ലിന്റോ ആന്റോ 20 പന്തില്‍ 34 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ കുവൈത്ത് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Meet Bhavsar create a new record T20