| Tuesday, 5th November 2024, 12:23 pm

ലോറൻസ് ബിഷ്ണോയുടെ ചിത്രമുള്ള ടീ-ഷർട്ട് വിൽപ്പനക്ക് വെച്ച് മീഷോ; വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ജനപ്രിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ, ഗുണ്ടാസംഘ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീ-ഷർട്ടുകൾ വിറ്റതോടെ വിമർശനങ്ങൾ ഉയരുന്നു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഈ ടീ-ഷർട്ടുകൾ കുറ്റകൃത്യത്തെ മഹത്വവൽക്കരിക്കുന്നുവെന്ന് വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്.

168 രൂപയ്ക്ക് താഴെയാണ് ഇവ വിൽക്കുന്നത്. ചലച്ചിത്ര നിർമാതാവ് അലിഷാൻ ജാഫ്രി ഈ വിഷയം തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു. ഓൺലൈൻ വിപണിയായ മീഷോയിൽ ലോറൻസ് ബിഷ്‌ണോയി ടീ-ഷർട്ടുകൾ വിൽക്കുന്നതായി കാണിക്കുന്ന ഒരു പോസ്റ്റ് ജാഫ്രി എക്‌സിൽ പങ്കിടുകയായിരുന്നു.

‘മീഷോ, ടീഷോപ്പർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ആളുകൾ ഗുണ്ടാ ഉത്പന്നങ്ങൾ വിൽക്കുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും പുതിയ ഓൺലൈൻ റാഡിക്കലൈസേഷൻ്റെ ഒരു ഉദാഹരണം മാത്രമാണ്. ഈ ടീ-ഷർട്ടുകൾ പ്രധാനമായും കുട്ടികളെ ലക്ഷ്യം വെച്ചാണ് വിൽക്കുന്നത്. ഇത് വളരെ ആശങ്കാജനകമാണ്.

യുവാക്കൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയാൻ പൊലീസും എൻ.ഐ.എയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർ ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിച്ചും വേഗത്തിൽ പണം സമ്പാദിക്കുന്നു,’ ജാഫ്രി കുറിച്ചു.

തുടർന്ന് വലിയ വിമർശനം നേരിട്ട മീഷോ തങ്ങളുടെ വെബ്‌സൈറ്റിൽ നിന്നും ഉത്പന്നം ഒഴിവാക്കി. ‘ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങൾ പതിച്ച ഉത്പന്നങ്ങൾ വെബ്‌സൈറ്റിൽ നിന്നും മാറ്റാൻ ഞങ്ങൾ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും സുരക്ഷിതവും വിശ്വസനീയവുമായ ഷോപ്പിങ് പ്ലാറ്റ്‌ഫോം നൽകാൻ മീഷോ പ്രതിജ്ഞാബദ്ധമാണ്,” മീഷോയുടെ വക്താവ് പറഞ്ഞു.

കുപ്രസിദ്ധ ഇന്ത്യൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയും സംഘവും പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയെ വെടിവെച്ചുകൊന്നതും നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുന്നതും ഉൾപ്പെടെ നിരവധി ഉയർന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് . കഴിഞ്ഞ മാസം എൻ.സി.പി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലും ബിഷ്‌ണോയ് സംഘത്തിന് ബന്ധമുണ്ട്.

Content Highlight: Meesho removes Lawrence Bishnoi t-shirts from website after backlash. Read company’s response

We use cookies to give you the best possible experience. Learn more