പച്ചപ്പണിഞ്ഞ ഇടുക്കിയുടെ മാറില്‍ പ്രകൃതിയൊന്നാകെ വിരുന്നെത്തിയ ഒരിടമുണ്ട്. സാഹസസഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം. പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി. ഉയരം 2634 മീറ്റര്‍ (8661 അടി).
ദുല്‍ഖര്‍ സല്മാന് നായകനായ ചാര്‍ളി എന്ന സിനിമയാണ് ഇവിടം യുവതീയുവാക്കള്‍ക്ക് പരിചയപ്പെടുത്തിയത്. അതോടെ മീശപ്പുലിമല പലരുടെയും മനസ്സില്‍ കുടിയേറി. അതിനുമുമ്പ് ഈ വഴി തേടിയെത്തിയിരുന്നത് നാമമാത്രമായ വിനോദസഞ്ചാരികളായിരുന്നു.
ഇവിടം അതിസാഹസിക കേന്ദ്രമല്ലെന്നതാണ് ഏറെ പ്രത്യേകത. യുവതികള്‍ ഈ മല കയറുന്നത് അതിനാലാണ്. കുളുക്കുമല, എല്ലപ്പെട്ടി, അരുവിക്കാട്, സൈലന്റ് വാലി എന്നിവിടങ്ങളിലൂടെ ഇവിടെയെത്താം. മൂന്നാര്‍ വഴി സെലന്റ്വാലിയിലും സൂര്യനെല്ലി വഴി കുളുക്കുമലയിലും എത്താം. ഈ രണ്ടു വഴികളാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. സൂര്യനെല്ലിയില്‍നിന്ന് കൊളുക്കുമലയിലെത്താന്‍ ജീപ്പ് സര്‍വീസാണ് ആശ്രയം. ഹാരിസണ്‍ മലയാളം തേയിലത്തോട്ടത്തിലൂടെയുള്ള 12 കിലോമീറ്റര്‍ ജീപ്പ് യാത്രയും സാഹസികം തന്നെ. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ നടന്നാല്‍ മീശപ്പുലിമലയുടെ താഴെയെത്താം. പിന്നീട് ആരംഭിക്കുകയായി മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള മലകയറ്റം. മലമുകളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന വിഭവങ്ങള്‍ പറഞ്ഞാലും എഴുതിയാലും പൂര്‍ണമാകില്ല. കൊളുക്കുമലയിലെത്തിയാല്‍ ഒരു വശം തമിഴ്നാടും മറുവശം കേരളവുമാണ്. കൊടൈക്കനാലും കുറുങ്ങിണി ഗ്രാമവും തേയിലക്കാടും സൂര്യനെല്ലിയും അത്യപൂര്‍വമായ ദൃശ്യവിരുന്നുകളും കൊളുക്കുമല സമ്മാനിക്കുന്നു. കേരളത്തെയും തമിഴ്നാടിനെയും വേര്‍തിരിക്കുന്ന സര്‍വേക്കല്ലും ഇവിടെ കാണാം. തമിഴ്നാടിന്റെ തേനി ജില്ലയാണ് ഒരു ഭാഗത്ത്.
മീശപ്പുലിമല കയറ്റം ഹൃദ്യമാകുന്നത് പ്രകൃതി തീര്‍ത്തിരിക്കുന്ന മനോഹാരിതയിലാണ്. മഞ്ഞും മഴയും മാറിമാറിയെത്തുന്ന കാലാവസ്ഥ. മലയിലെത്തിയാല്‍ മൂന്നാറിന്റെ സാമീപ്യമാണ് അനുഭവപ്പെടുക. ഒരു ഭാഗത്തായി മാട്ടുപ്പെട്ടിയും ടോപ്പ് സ്റ്റേഷനും മറ്റൊരിടത്തായി ആനയിറങ്ങല്‍ ഡാമും പരിസരവും സൂര്യനെല്ലിയും ഭൂമിയെ പച്ചപ്പണിയിച്ച് കണ്ണെത്താദൂരത്തായി പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും സഞ്ചാരികളുടെ മനം നിറയ്ക്കുന്നു.
വിദൂരമെങ്കിലും മഞ്ഞുമൂടിയ മലനിരകള്‍ കൈയെത്തും ദൂരത്ത് എന്നതുപോലെ അനുഭവപ്പെടുന്നു. മലനിരകളെ പൊടുന്നനെ ആകാശവര്ണമാക്കുന്ന പ്രകൃതിയുടെ വിരുന്ന് ഒരുക്കുന്ന അനുഭൂതി വര്‍ണ്ണനാതീതം. മലകയറ്റത്തിന് സഹായമായി മലനിരകള്‍ നിറയെ പുല്ലുമുണ്ട്. മണ്ണൊലിപ്പ് തടയുന്നതിനും കാല് വഴുതുന്നത് ഒഴിവാക്കാനും ഇത് ഉപകരിക്കുന്നു. ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ടു സാഹസികമായ ഒരു സഞ്ചാരമാണ് മീശപുലിമയിലേക്കുള്ള കയറ്റം. ടോപ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപുലിമലയിൽ നിന്നുള്ള കാഴ്ചകൾ ഏറെയാണ്.