കോഴിക്കോട്: മീശ നോവലിന് ജെ.സി.ബി അവാര്‍ഡ് നേടിയ വാര്‍ത്ത ചരമപ്പേജില്‍ പോലും കൊടുക്കാതെ മാതൃഭൂമി എസ്. ഹരീഷിനോടും നോവലിനോടുമുള്ള പ്രതികാരം തീര്‍ത്തെന്ന് എഴുത്തുകാരന്‍ ടി.പി രാജീവന്‍. മാതൃഭൂമി പത്രം ബഹിഷ്‌കരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
വാര്‍ത്തകളുടെ വക തിരിവില്ലാത്ത ഈ പത്രം വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല എന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ബോധവത്ക്കരിക്കുകയാണ് താനെന്നും ടി.പി രാജീവന്‍ പറഞ്ഞു.
‘രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാര പ്രഖ്യാപനത്തെ മാധ്യമങ്ങള്‍ തമസ്‌കരിച്ചു. ഒരു കാട്ടുപന്നിക്കുട്ടി നാട്ടിലിറങ്ങിയാല്‍ പോലും പന്നിത്തീറ്റയുടെ പരസ്യത്തിനൊപ്പം എഴുതിക്കാണിക്കുന്ന ടി.വി ചാനലുകള്‍ അക്ഷരം മറന്നു’, ടി.പി രാജീവന്‍ പറഞ്ഞു.
മീശ’ യുടെ ഇംഗ്ലീഷ് പരിഭാഷയാണ് ജെ.സി.ബി പുരസ്‌കാരത്തിന് അര്‍ഹമായത്. കോട്ടക്കല്‍ സ്വദേശിനി ജയശ്രീ കളത്തിലാണ് നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി ലിറ്റററി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരത്തിന്റെ സമ്മാനതുക 25 ലക്ഷമാണ്. പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് 10 ലക്ഷം രൂപയും ലഭിക്കും.
നോവല്‍ വിവാദമായതോടെ ഹരീഷിനെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ നോവല്‍ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് ഹരീഷ് അറിയിച്ചു. പിന്നീട് ഡി.സി ബുക്‌സ് നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.
അഞ്ചു പുസ്തകങ്ങളായിരുന്നു ഈ വര്‍ഷം ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.
നേരത്തെ മാതൃഭൂമി ആഴ്ചപതിപ്പ് മുന്‍ കോപ്പി എഡിറ്ററും ട്രൂ കോപ്പി തിങ്ക് എഡിറ്റര്‍ ഇന്‍ ചീഫുമായ മനില സി. മോഹനും മാതൃഭൂമിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ‘മീശ’യ്ക്ക് പുരസ്‌കാരം ലഭിച്ച വാര്‍ത്ത മാതൃഭൂമിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് മനില സി. മോഹന്‍ പറഞ്ഞു.
‘മീശ’ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഹിന്ദുവികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇതോടെ മീശ നോവല്‍ മാതൃഭൂമി പിന്‍വലിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മാതൃഭൂമി ആഴ്ചപതിപ്പ് എഡിറ്റര്‍ കമല്‍റാം സജീവും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മനില സി. മോഹനും രാജിവെച്ചത്.
ടി.പി രാജീവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌ക്കാരമായ ജെ സി ബി പുരസ്‌ക്കാരം ഈ വര്‍ഷം ലഭിച്ചത് എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ‘Moustache’ നാണ് ”.
ഹരീഷിനു മാത്രമല്ല, മലയാള ഭാഷയേയും സാഹിത്യത്തേയും സ്‌നേഹിക്കുന്നവര്‍ക്കം ഏറെ അഭിമാനവും സന്തോഷവും നലല്കുന്നതാണ് ഈ വാര്‍ത്ത .
എഴുത്തുകാരന് 25 ലക്ഷം രൂപ , വിവര്‍ത്തക ക്ക് 10 ലക്ഷം എന്ന അവാര്‍ഡുതുകയുടെ വലുപ്പം മാത്രമല്ല ഈ പുരസ്‌ക്കാരത്തെ ശ്രദ്ധേയമാക്കുന്നത്. ഇഗ്ലീഷ് ഉള്‍പ്പൊടെ. ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെടുന്ന ഏറ്റവും മികച്ച നോവലിനാണ് ഈ പുരസ്‌ക്കാരം നല്കപ്പെടുന്നത്.
തെരഞ്ഞെടുപ്പിലെ സുതാര്യതയും മികവിന്റെ കാര്യത്തിലുള്ള വിട്ടുവീഴ്ചയില്ലയ് മയും നമ്മുടെ നാട്ടിലെ മുപ്പത്തി മുക്കോടി അവാര്‍ഡുകളില്‍ നിന്ന് ജെസിബിയെ വ്യത്യസ്ഥമാക്കുന്നു, അതായാത് ,ജാതി, മതം, രാഷ്ട്രീയ പാര്‍ട്ടീ വിധേയത്വം മുതലായവ നോക്കി , ചരടുവലിക്കുന്നവര്‍ക്കും കാലു പിടിക്കുന്നവര്‍ക്കു മുള്ള പുരസ്‌ക്കാരമല്ല ഇത് .
ആരെയെങ്കിലും പ്രീതിപ്പെടുത്താനുള്ള വഴി പാടുമല്ല. മലയാളത്തില്‍ എഴുത്തിന്റെ പെരുന്തച്ഛന്മാരും കുലപതികളും ധാരാളമുണ്ടായിട്ടും ബന്‍ യ്വാമിന് മാത്രമാണ് ഈ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത് ‘
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തില്‍ ദേശീയ പ്രധാന്യമുള്ള വാര്‍ത്തയായിട്ടും എത്രമാത്രം ശ്രദ്ധാപൂര്‍വ്വമാണ് മലയാളമാധ്യമങ്ങള്‍ അത് അവഗണിച്ചതും തമസ്‌കരിച്ചതും എന്നു നോക്കൂ.
ഒരു കാട്ടുപന്നിക്കുട്ടി നാട്ടിലിറങ്ങി യാല്‍ പോലും പന്നിത്തീറ്റയുടെ പരസ്യത്തിനൊപ്പം എഴുതിക്കാണിക്കുന്ന ടി.വി ചാനലുകള്‍ അപ്പോള്‍ അക്ഷരം മറന്നു. ( 24 ചാനല്‍ ഒഴികെ). റിപ്പോര്‍ട്ടര്‍ മാര്‍ മൗനവ്രതത്തിലാണ്ടു. ‘സുന്ദരിക്കോതയുടെ സിന്ദു രപ്പൊട്ട്’ എന്ന സിനിമയില്‍ ‘ഇങ്ങോട്ടു വിളിക്കുമ്പോള്‍ അങ്ങോട്ടു പോകുന്ന കാറ്റേ, പൂങ്കാറ്റേ’ എന്ന ഗാനത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ ഈ സാംസ്‌ക്കാരിക ജീവികളുടെ വാചാലതയും മുഖപ്രസാദവും നാം കേട്ടതും കണ്ടതുമാണ്.
പത്രങ്ങള്‍ ദേശീയ പുരസ്‌കാരത്തെ ‘ ആയിരത്തൊന്നു രു പ യും പ്രശസ്തി പത്രവും’ അടങ്ങുന്ന ആള്‍ കേരള കൊരപ്പന്‍ അവാര്‍ഡിനേക്കാള്‍ ചെറുതാക്കി ,ചരമ തുല്യമാക്കി. ഞാന്‍ കണ്ടതില്‍ മാധ്യമം പത്രം മാത്രമാണ് ഈ പുരസ്‌ക്കാരത്തിന്റെ ഒന്നാം പേജ് പ്രസക്തി തിരിച്ചറിഞ്ഞത്.
അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയതു മുതല്‍ ഞാന്‍ വായിക്കുന്നതും മേനോന്‍ – നായര്‍ പത്രപ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടുന്നതുമായ പുണ്യപുരാതന മാതൃഭൂമി ഈ വാര്‍ത്ത യേ അറിയാതെയും ചരമപ്പേജില്‍ പോലും ‘ കൊടുക്കാതെയും എസ്. ഹരീഷിനോടും ‘മീശ’യോടു മുള്ള (ഒപ്പം കമല്‍റാം സജീവിനോടു മുള്ള)അവരുടെ പ്രതികാരം തീര്‍ത്തു.
ദശാബ്ദങ്ങളായുള്ള ശീലമാണെങ്കിലും നാളെ മുതല്‍ The National Daily in Malayalam വേണ്ട എന്ന് പത്ര ഏജന്റ് നമ്പീശനെ വിളിച്ചു പറയുകയും ചെയ്തു. വാര്‍ത്തകളുടെ വക തിരിവില്ലാത്ത ഈ പത്രം വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല എന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ബോധവത്ക്കരിക്കുകയാണ് ഇപ്പോള്‍ ഞാന്‍ ‘
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Meesha S Hareesh TP Rajeevan Mathrubhumi JCB Award