| Sunday, 12th August 2018, 1:48 pm

മീശ നിരോധിക്കേണ്ട; വിവാദഭാഗങ്ങള്‍ നീക്കിയാല്‍ മതി: സുപ്രീംകോടതിയില്‍ നിലപാട് മാറ്റി ഹര്‍ജിക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ് ഹരീഷിന്റെ നോവല്‍ “മീശ” നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ രാധാകൃഷ്ണന്‍ വരേണിക്കല്‍ നിലപാട് മാറ്റി. നിരോധിക്കേണ്ട മറിച്ച് പുസ്തകത്തിലെ വിവാദഭാഗങ്ങള്‍ നീക്കിയാല്‍ മതിയെന്നാണ് ഹര്‍ജിക്കാരന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

ഡി.സി ബുക്‌സ് മീശ പുസ്തകമായി പുറത്തിറക്കാനിരിക്കെ മീശ പുറത്തിറക്കുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു നേരത്തെ ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിയില്‍ വാദം കേള്‍ക്കവെ പുസ്തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാകില്ലെന്നും അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നുമുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്റെ നിലപാട് മാറ്റം.

Also Read:2019ല്‍ കൂടുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ കേടാവും; മുന്‍കരുതലെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം

മീശ പൂര്‍ണമായും നിരോധിക്കേണ്ടതില്ലെന്നും ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്ന നോവലിലെ വിവിധഭാഗങ്ങള്‍ നീക്കിയാല്‍ മതിയെന്നുമാണ് സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ സബ്മിഷനില്‍ രാധാകൃഷ്ണന്‍ വരേണിക്കല്‍ വ്യക്തമാക്കിയത്.

വിവാദഭാഗങ്ങള്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമാണ് എന്നാണ് നോവലിസ്റ്റും പ്രസാധകരും ആരോപിക്കുന്നത്. എന്നാല്‍ സന്ദര്‍ഭത്തില്‍ നിന്ന് വ്യതിചലചിച്ചുകൊണ്ടുള്ള സംഭാഷണമാണിത്. നോവലിസ്റ്റിന്റെ ലൈംഗികവൈകൃത സ്വഭാവമാണ് വിവാദ സംഭാഷണങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും സബ്മിഷനില്‍ ആരോപിക്കുന്നു.

നേരത്തെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി നോവലിന്റെ പരിഭാഷ ഹാജരാക്കാന്‍ മാതൃഭൂമിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരിഭാഷ മാതൃഭൂമി സുപ്രീം കോടതിക്ക് നല്‍കിയതിനു പിന്നാലെയാണ് രാധാകൃഷ്ണന്‍ വരേണിക്കല്‍ സബ്മിഷന്‍ കോടതിക്ക് എഴുതി നല്‍കിയത്. കോടതിയില്‍ സമര്‍പ്പിച്ച പരിഭാഷ നോവലിന്റെ മയപ്പെടുത്തിയ പതിപ്പാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

Also Read:ജോലി സൃഷ്ടിക്കാത്തതല്ല, അതിന്റെ കണക്കില്ലാത്തതുകൊണ്ടാണ്: തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന ആരോപണങ്ങളെ മോദി പ്രതിരോധിച്ചതിങ്ങനെ

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിന്റെ രണ്ടാമധ്യായത്തിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന ഒരു സംഭാഷണത്തിലെ പരാമര്‍ശത്തിനെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്.

ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും എതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

തുടര്‍ന്ന് ആഴ്ചതിപ്പില്‍ നിന്ന് നോവല്‍ പിന്‍വലിക്കുന്നതായി ഹരീഷ് അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മീശ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് ഹരീഷ് അറിയിച്ചിരുന്നു. തുടര്‍ന്ന് മീശ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തയ്യാറായി ഡി.സി ബുക്‌സ് മുന്നോട്ടുവരികയായിരുന്നു.

“മീശ” പുസ്തകമാക്കുമെന്ന വിവരം പുറത്തുവന്നതോടെ പ്രസാധകര്‍ക്കുനേരെയും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണിയെത്തുടര്‍ന്ന് പ്രസാധകന്‍ രവി ഡി.സി കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more