ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. പക്ഷേ, എന്റെ വീട്ടുകാരെയും ബന്ധുക്കളെയും ഭയന്ന് മുസ് ലീം മതവിശ്വാസിയായ യുവാവിനൊപ്പം ഞാന്‍ സ്വമേധയ വീട് വിട്ടിറങ്ങുകയായിരുന്നു.- യുവതി പോലീസിനെ രേഖാമൂലം അറിയിച്ചു.
താന്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും തന്നെ ആരും മതം മാറ്റിയിട്ടില്ലെന്നും വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം വീണ്ടും വീട് വിട്ടിറങ്ങിയതായും യുവതി കൂട്ടിച്ചേര്‍ത്തു. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അവരെ മീററ്റിലെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
മീററ്റിലെ മദ്രസ അധികാരിയും ഗ്രാമത്തലവനും ഉള്‍പ്പടെയുള്ളവര്‍ ഹിന്ദുമത വിശ്വാസിയായിരുന്ന 22കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു പരാതി. തന്നെ ഒളിവില്‍ പാര്‍പ്പിച്ച മദ്രസയില്‍ നാല്‍പ്പതിലധികം യുവതികള്‍ പീഡിപ്പിക്കപ്പെട്ടതായും യുവതി ആരോപിച്ചിരുന്നു.
സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെട്ടതിനെ തുടര്‍ന്ന് പ്രശ്‌നം വിവാദമായതോടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലവ് ജിഹാദ് രാഷ്ട്രീയ ആയുധമാക്കി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായിരുന്നു.
ഹിന്ദുപെണ്‍കുട്ടികളെ മുസ്‌ലീം സമുദായക്കാര്‍ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റുകയാണെന്നും ഒരു ഹിന്ദു പെണ്‍കുട്ടിക്ക് പകരം 100 മുസ്‌ലീം പെണ്‍കുട്ടികളെ മതംമാറ്റണമെന്നും ഗൊരഖ്പൂര്‍ എം.പിയായ യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തത് വിവാദമായിരുന്നു.