'അനുവാദമില്ലാതെ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചു'; നടനും സംവിധായകനുമായ ചേരനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് നടി മീര മിഥുന്‍
നടനും സംവിധായകനുമായ ചേരനെതിരേ ലൈംഗികാരോപണം. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലെ മത്സരാര്‍ത്ഥി മീര മിഥുനാണ് മറ്റൊരു മല്‍സരാര്‍ഥി കൂടിയായ ചേരനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം. വില്ലേജ് റൗണ്ട് ടാസ്‌കിലാണ് സംഭവം. ചേരന്‍ അനുവാദമില്ലാതെ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചെന്നാണ് മീര ആരോപിക്കുന്നത്.
എന്നാല്‍ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ ചേരനെ പിന്തുണച്ച് രംഗത്ത് വന്നു. ചേരന്‍ മോശക്കാരനായ ഒരു വ്യക്തിയല്ലെന്നും അദ്ദേഹം രണ്ടു പെണ്‍കുട്ടികളുടെ പിതാവാണെന്നും ചേരന് സ്ത്രീകളോട് മോശമായി പെരുമാറാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്ക് അതറിയാമെന്നും ചേരനെ പിന്തുണച്ചവര്‍ പറഞ്ഞു.
സംഭവം വാക്ക് തര്‍ക്കമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല താന്‍ തൊട്ടതെന്നും തന്റെ കുട്ടികളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റിയാലിറ്റി ഷോയ്ക്കിടെ മീരയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് എത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് ബിഗ് ബോസ് ഹൗസില്‍ പൊലീസ് എത്തിയിരുന്നത്. ഒരു ഡിസൈനര്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. തന്റെ പക്കല്‍ നിന്ന് കടം വാങ്ങിയ 50,000 രൂപ മടക്കി നല്‍കാതെ കബളിപ്പിച്ചുവെന്നായിരുന്നു ഡിസൈനര്‍ നല്‍കിയ പരാതി.
എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം.എസ് ഭാസ്‌കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശ്രീഗണേഷായിരുന്നു ചിത്രം സംവിധാനം ചെയ്തത്.