|

അന്ന് ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ നടിക്ക് കരിയറിന്റെ തുടക്കത്തില്‍ തന്നെ ലോഹിതദാസ്, കമല്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സാധിച്ചിരുന്നു.

തന്റെ അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങളടക്കം കരസ്ഥമാക്കിയ മീര ജാസ്മിന്‍ പിന്നീട് സിനിമാ കരിയറില്‍ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യന്‍ അന്തിക്കാടിനെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് തിരിച്ചുവന്നത്.

നിലവില്‍ വീണ്ടും സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് മീര ജാസ്മിന്‍. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറയുകയാണ് നടി. ചെറുപ്പത്തില്‍ താന്‍ ഒരു മോഹന്‍ലാല്‍ ഫാനായിരുന്നുവെന്നാണ് മീര പറയുന്നത്.

വാത്സല്യം, അമരം പോലെയുള്ള സിനിമകള്‍ കണ്ട് മമ്മൂട്ടിയോട് തോന്നിയത് വല്യേട്ടനോടുള്ളത് പോലുള്ള ഇഷ്ടമായിരുന്നെന്നും ചെറിയ വയസിലൊക്കെ മോഹന്‍ലാലിനെ കാണുമ്പോള്‍ ഇങ്ങനെ ഒരാളെ കിട്ടിയിരുന്നെങ്കിലെന്ന് വിചാരിക്കുമായിരുന്നുവെന്നും മീര ജാസ്മിന്‍ പറഞ്ഞു.

‘ചെറുപ്പത്തില്‍ ഞാന്‍ ഒരു ലാലേട്ടന്‍ ഫാനായിരുന്നു. ഞാന്‍ അന്ന് അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ആ കാര്യം ഞാന്‍ മുമ്പും പല ഇന്റര്‍വ്യൂകളിലും പറഞ്ഞിരുന്നു.

ലാലേട്ടന്റെ സിനിമകള്‍ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുമായിരുന്നു. അന്നൊക്കെ എനിക്ക് എട്ടോ ഒമ്പതോ വയസൊക്കെയേ ഉണ്ടാകുകയുള്ളൂ.

പക്ഷെ എനിക്ക് മമ്മൂക്കയോടുള്ള ഇഷ്ടം വേറെയായിരുന്നു. അദ്ദേഹത്തിന്റെ വാത്സല്യം, അമരം പോലെയുള്ള സിനിമകളൊക്കെയാണ് ഞാന്‍ കണ്ടിരുന്നത്.

അതുകൊണ്ടാകണം, മമ്മൂക്കയോട് ഒരു സഹോദരനോടൊക്കെ പോലെയുള്ള അല്ലെങ്കില്‍ നമ്മളെ സംരക്ഷിക്കുന്ന ഒരു വല്യേട്ടനോടുള്ളത് പോലുള്ള ഇഷ്ടമായിരുന്നു. അത് വേറെയൊരു ഇഷ്ടമായിരുന്നു.

എനിക്ക് പത്ത് വയസുള്ളപ്പോഴൊക്കെ ലാലേട്ടനെ കാണുമ്പോള്‍ എന്റെ ഒരു ലൗവറെ പോലെയായിരുന്നു തോന്നിയിരുന്നത്. ചെറിയ വയസിലൊക്കെ ഇങ്ങനെ ഒരാളെ കിട്ടിയിരുന്നെങ്കിലെന്ന് വിചാരിക്കുമായിരുന്നു.

അതുകൊണ്ട് തന്നെ അവരുടെ രണ്ടുപേരുടെയും കൂടെ ആദ്യമായി അഭിനയിക്കാനുള്ള അവസരം വന്നപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല,’ മീര ജാസ്മിന്‍ പറഞ്ഞു.

Content Highlight: Meera Jasmine Talks About Mohanlal And Mammootty

Video Stories