മീര ജാസ്മിന്‍ – കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിച്ച് 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കസ്തൂരിമാന്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു സിനിമയാണ് ഇത്. എ.കെ. ലോഹിതദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ സാജന്‍ ജോസഫ് ആലൂക്കയായും മീര ജാസ്മിന്‍ പ്രിയംവദയായുമാണ് അഭിനയിച്ചത്.
ചിത്രത്തിലെ അഭിനയത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ സൈനാ സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കസ്തൂരിമാന്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിന്‍.
‘വളരെ ടച്ചിങ് ആയ ഒരു സിനിമയാണ് കസ്തൂരിമാന്‍. പ്രത്യേകിച്ചും ഷമ്മി തിലകനെ കൊല്ലുന്ന ആ സീന്‍ ഒക്കെ എനിക്ക് ഭയങ്കര ഷോക്കായിരുന്നു. ഇപ്പോഴും അങ്ങനെ ഒരു സീനില്‍ അഭിനയിച്ചത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.
ആ സീന്‍ കാണുമ്പോള്‍ എനിക്ക് ശരിക്കും ആരെയോ കൊന്നിട്ട് വരുന്നത് പോലെ തോന്നും. രക്തം മണക്കും. ആ സീനിലെ രക്തത്തിന്റെ മണം ഫീല്‍ ചെയ്യാന്‍ കഴിയും. സീന്‍ എപ്പോള്‍ കണ്ടാലും അത് ഫീല്‍ ചെയ്യും. ഞാന്‍ ചെയ്തതായിട്ടല്ല ആ സീനും സിനിമയും ഞാന്‍ കാണുന്നത്.
എനിക്ക് ആ കഥാപാത്രം ചെയ്തത് വിശ്വാസിക്കാന്‍ പറ്റാറില്ല. അതിന്റെ ഷൂട്ടിന്റെ കാര്യം പറയുമ്പോള്‍ നമ്മള്‍ അവിടെ പോയി നില്‍ക്കുന്നു, പിന്നെ എന്തൊക്കെയോ സംഭവിക്കുന്നു. അത് ദൈവത്തിന്റെ ഒരു ടച്ചാണ്. ആ ടച്ച് ഇല്ലാതെ ഒന്നും നടക്കില്ല.
അതില്‍ അവസാനം ചാക്കോച്ചന്‍ എന്നെ കാണാന്‍ ജയിലില്‍ വരുന്ന ഒരു സീന്‍ ഉണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ തലയുയര്‍ത്തി നോക്കുന്ന സീന്‍. അതില്‍ ഡയലോഗില്ല, വെറുതെ ചാക്കോച്ചന്റെ നേരെ നോക്കുകയാണ്. അത് ചെയ്യുമ്പോള്‍ നെഞ്ചൊക്കെ ആകെ കീറി പോകുന്ന ഫീല്‍ ആയിരുന്നു എനിക്ക്,’ മീര ജാസ്മിന്‍ പറഞ്ഞു.
അതേസമയം, മീര ജാസ്മിന്റേതായി ഡിസംബര്‍ 29ന് തിയേറ്ററിലെത്തുന്ന സിനിമയാണ് ക്വീന്‍ എലിസബത്ത്. മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം എം. പത്മകുമാറാണ് സംവിധാനം ചെയ്തത്. അര്‍ജുന്‍. ടി സത്യന്റേതാണ് തിരക്കഥ. രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Meera Jasmine Talks About Kasthooriman Movie