മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്.
അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്. ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് മീര ജാസ്മിൻ.
കരിയറിന്റെ തുടക്കകാലത്ത് തന്നെ മീരയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി കൊടുത്ത സിനിമയായിരുന്നു പാഠം ഒന്ന് ഒരു വിലാപം. ചിത്രത്തിലെ ഷാഹിന എന്ന കഥാപാത്രത്തെ സിനിമ കണ്ട പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. ഷാഹിന എന്ന കഥാപാത്രം ഒരു നെഞ്ച് കീറുന്ന അനുഭവമായിരുന്നുവെന്ന് പറയുകയാണ് മീര ജാസ്മിൻ.
തുടക്കകാലത്ത് തന്നെ അങ്ങനെയൊരു കഥാപാത്രം ചെയ്യേണ്ടി വന്നത് ഒരു വെല്ലുവിളയായിരുന്നുവെന്നും ടി.വി ചന്ദ്രൻ എന്ന സംവിധായകന്റെ നായികയാവാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണെന്നും മീര പറഞ്ഞു. എന്നാൽ അന്നത്തെ പ്രസിഡന്റ് ആയിരുന്ന അബ്ദുൾ കലാമിന്റെ കയ്യിൽ നിന്ന് വാങ്ങാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും മീര പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു മീര.
‘പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ ഷാഹിന എന്ന കഥാപാത്രം നെഞ്ചുകീറുന്ന ഒരനുഭവമാണ്. 15 വയസുകാരിയായ മുസ്‌ലിം പെൺകുട്ടിയുടെ വേഷം ചെയ്യുമ്പോൾ എന്റെ പ്രായം 20 ആയിരുന്നു. ഞാൻ അഭിനയം തുടങ്ങിയ കാലത്തുതന്നെ അത്തരമൊരു കഥാപാത്രത്തെ ചെയ്യേണ്ടി വന്നപ്പോൾ വെല്ലുവിളികൾ ഏറെയായിരുന്നു.
ടി.വി.ചന്ദ്രൻ സാർ സംവിധാനം ചെയ്‌ത സിനിമയിൽ അവസരം കിട്ടുന്നതുതന്നെ ഭാഗ്യമായിരുന്നു. ആ കഥാപാത്രത്തിന് സംസ്ഥാന അവാർഡും ദേശീയ അവാർഡും ലഭിക്കുന്നതുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നസമാനമായ നേട്ടമായിരുന്നു.
അതിനെക്കാളൊക്കെ എന്നെ ത്രില്ലടിപ്പിച്ചതും അഭിമാനമുണ്ടാക്കിയതും ഇന്ത്യയുടെ പ്രസിഡന്റായ അബ്ദുൾ കലാം സാറിൽനിന്ന് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞുവെന്നതാണ്. ഏതുതരത്തിൽ നോക്കിയാലും പാഠം ഒന്ന്; ഒരു വിലാപം എന്ന സിനിമയും ഷാഹിന എന്ന കഥാപാത്രവും എനിക്ക് എന്നും പ്രിയപ്പെട്ടതാണ്,’മീര ജാസ്മിൻ പറയുന്നു.
Content Highlight: Meera jasmine Talk About her Character In Padam Onn Oru Vilapam Movie