ചുരുങ്ങിയ കാലങ്ങൾക്കിടയിൽ മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് വലിയ പ്രേക്ഷക സ്വീകാര്യത നേടിയ നടിയാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കകാലത്ത് തന്നെ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്ത നടിയാണ് മീര.
അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്.
കരിയറിൽ താനെടുത്ത ഇടവേളയെ കുറിച്ച് പറയുകയാണ് മീര ജാസ്മിൻ. അങ്ങനെയൊരു ബ്രേക്ക് തനിക്ക് ആവശ്യമായിരുന്നു എന്നും സ്വന്തം വ്യക്തിത്വത്തെ വിലയിരുത്താൻ അത് സഹായിച്ചിട്ടുണ്ടെന്നും മീര പറയുന്നു. തനിക്കൊരു നല്ല മാറ്റം വന്നിട്ടുണ്ടെങ്കിൽ അതിനു കാരണം ആ ഇടവേളയാണെന്നും മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു. സിനിമയിൽ എടുത്ത ഇടവേളയോർത്ത് കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മീര.
‘എനിക്കങ്ങനെ തോന്നിയിട്ടേയില്ല. കാരണം അത് തീർച്ചയായും വേണമായിരുന്നു. അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഇരിക്കില്ല.. ഞാൻ ഒരു വ്യത്യസ്തയായ ആളാണ്.
എന്റെ ഒരു ബെറ്റർ വേർഷൻ ആയിട്ടുണ്ടെന്ന് എനിക്ക് സ്വയം തോന്നുണ്ടെങ്കിൽ അതിന് കാരണം ആ ബ്രേക്കാണ്. എന്റെ ലൈഫിനും എന്റെ ആരോഗ്യത്തിനും അത് ആവശ്യമായിരുന്നു. തുടർച്ചയായി ഒരേ കാര്യങ്ങൾ തന്നെ ചെയ്ത് ജീവിതം മുന്നോട്ടു പോകുമ്പോൾ നമ്മൾ അറിയുന്നില്ല പല കാര്യങ്ങളും. ഇടയ്ക്കൊന്ന് നമ്മൾ അതിൽ നിന്ന് മറി നിന്ന് സ്വയമൊന്ന് വിലയിരുത്തണം.
എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധിക്കണം.
എന്താണ് സംഭവിച്ചതെന്ന് അപ്പോൾ നമുക്ക് മനസിലാവും. ഞാൻ എന്ന വ്യക്തിയിലും എല്ലാ കാര്യത്തിലും വന്ന മാറ്റങ്ങൾ അപ്പോൾ നമുക്ക് മനസിലാക്കാം. അങ്ങനെ മാറി നിന്ന് നോക്കുന്ന ഒരു സമയമായിരുന്നു അത്. സ്വയം വിലയിരുത്താൻ ഏറ്റവും നല്ല മാർഗമാണത്.
Content Highlight: Meera Jasmine Talk About Her Break In Film Career