| Monday, 25th December 2023, 9:21 am

മമ്മൂക്ക ഇല്ലായിരുന്നെങ്കിൽ ആ സീൻ എനിക്ക് ചെയ്യാൻ കഴിയില്ല; അദ്ദേഹത്തിന്റെ സപ്പോർട്ടുണ്ടായാൽ മാത്രമേ അത് ചെയ്യാൻ പറ്റുകയുള്ളൂ: മീര ജാസ്മിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്യാം പ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരേ കടൽ’. മമ്മൂട്ടിയുടേയും മീര ജാസ്മിന്റെയും അഭിനയവും അതിലെ ചില സീനുകൾ ഇന്നും പ്രേക്ഷകർ എടുത്തുപറയാറുണ്ട്. അത്രത്തോളം മനോഹരമായിട്ടാണ് അവർ അതിൽ അഭിയനയിച്ചിട്ടുള്ളത്.

ഒരേ കടലിൽ മമ്മൂട്ടിയുമൊത്ത് അഭിനയിച്ചപ്പോഴുള്ള അനുഭവവും ചില സീൻ ചെയ്തപ്പോഴുള്ള അദ്ദേഹത്തിന്റെ സപ്പോർട്ടിനെക്കുറിച്ചും സംസാരിക്കുകയാണ് മീര ജാസ്മിൻ. മമ്മൂട്ടി തനിക്ക് നല്ല സപ്പോർട്ട് ആയിരുന്നെന്ന് മീര പറഞ്ഞു. കാരണം അങ്ങനെയൊരു സീൻ കോ ആക്ടറിന്റെ സപ്പോർട്ട് ഇല്ലാതെ ചെയ്യാൻ കഴിയില്ലെന്നും മീര ജാസ്മിൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് മീര തന്റെ അനുഭവം പങ്കുവെച്ചത്.

‘എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു. അന്നത്തെ കാലത്ത് നിർമിച്ച് ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമ, അത്രയും ഡെപ്ത് ഉള്ള ഇങ്ങനെയൊരു റോൾ. നമുക്ക് സാധാരണയായി ചെയ്യാൻ പറ്റാത്ത ഒരു റോളാണ് അത്. എനിക്കതെല്ലാം ഇപ്പോഴും ഓർമയുണ്ട്. അന്ന് സെറ്റിലൊക്കെ വളരെ നിശബ്ദതയായിരുന്നു. അധികം സംസാരം ഒന്നുമില്ല. ആവശ്യത്തിന് മാത്രം സംസാരിക്കും.

ആ മൂഡ് ക്രിയേറ്റ് ചെയ്യാൻ വേണ്ടിയിട്ട് എല്ലാവരും ശ്രമിച്ചിരുന്നു. അവരെല്ലാവരും നമുക്ക് ഭയങ്കര സപ്പോർട്ട് ആയിരുന്നു. അങ്ങനെ ഒരു സീൻ നമ്മൾ ചെയ്യുമ്പോൾ കോ ആക്ടറിന്റെ സപ്പോർട്ട് ഉണ്ടായാൽ മാത്രമേ നമുക്കത് ചെയ്യാൻ പറ്റുകയുള്ളൂ. അത് എനിക്കും ഭയങ്കര ഡിഫറെൻറ് ആയിട്ടുള്ള ഒരു എക്സ്പീരിയൻസ് ആയിരുന്നു. അത് എങ്ങനെ പെർഫോം ചെയ്യുമെന്നുള്ള കൺഫ്യൂഷൻ ഉണ്ടായിരുന്നു. കാരണം അത് അത്ര വൃത്തികേടാവാനും പാടില്ല.

മമ്മൂക്ക ഭയങ്കര സപ്പോർട്ട് ആയിരുന്നു. നന്നായിട്ട് ചെയ്തിട്ടുണ്ട് എന്നെല്ലാം പറഞ്ഞിരുന്നു. ഷൂട്ട് കഴിഞ്ഞിട്ടാണെങ്കിലും മമ്മൂക്ക കാര്യമായിട്ടാണ് എന്റെ അടുത്ത് സംസാരിച്ചിട്ടുള്ളത്. ഏതോ ഒരു അവാർഡ് വാങ്ങാൻ ഞാൻ പോകാതിരുന്നപ്പോൾ മമ്മൂക്ക പോയി റിസീവ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. അത്രക്ക് നല്ല മനുഷ്യനാണ് അദ്ദേഹം,’ മീര ജാസ്മിൻ പറഞ്ഞു.

Content Highlight: Meera jasmine shares ore kadal movie’s experience with mammootty

We use cookies to give you the best possible experience. Learn more