തൊണ്ണൂറ് വയസുവരെ അഭിനയിക്കണം: മീര ജാസ്മിന്‍
Entertainment news
തൊണ്ണൂറ് വയസുവരെ അഭിനയിക്കണം: മീര ജാസ്മിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th April 2022, 11:32 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീര ജാസ്മിന്‍. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മീര ആറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിലെ നിറസാന്നിധ്യമാകാന്‍ ഒരുങ്ങുന്നത്.

ഇപ്പോഴിതാ മീര ജാസ്മിന്റെ ഒരു അഭിമുഖമാണ് ചര്‍ച്ചയാവുന്നത്. 80-90 വയസ്സുവരെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ നൂറ് ശതമാനം തോന്നിയാല്‍ മാത്രമേ സിനിമ ചെയ്യുകയെന്നുമാണ് താരം പറയുന്നത്.

എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

‘താന്‍ ഉടനെ തന്നെ അടുത്ത സിനിമ ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ ചെയ്യുകയുള്ളൂ. ദൈവം തനിക്ക് നല്ല ആയുസ് തന്നാല്‍ 80- 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ താന്‍ അഭിനയിക്കും.

വേറെ എവിടെയും പോകില്ല. ഇപ്പോള്‍ കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. നിരവധി പേര്‍ കഥകളുമായി സമീപിക്കുന്നുണ്ട്. പറ്റുമെന്ന് തോന്നുകയാണെങ്കില്‍ മാത്രമേ ചെയ്യുകയുള്ളൂ’ മിര ജാസ്മിന്‍ പറയുന്നു.

മീരയുടെ പുതിയ ചിത്രത്തില്‍ ജയറാമാണ് നായകനായി എത്തുന്നത്. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട ദമ്പതികളുടെയും അവരുടെ മകളുടെയും കഥയാണ് മകള്‍ പറയുന്നത്.

ജയറാമിനും മീര ജാസ്മിനുനൊപ്പം ദേവിക സഞ്ജയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ആറ് വര്‍ഷത്തിനു ശേഷമാണ് മീര ജാസ്മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തുവരുന്നത്. ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രം കൂടിയാണ് മകള്‍.

2008ലാണ് ഇന്നത്തെ ചിന്താവിഷയം പുറത്തെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ് ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു ആണ് ജയറാം അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം.

Content Highlight: Meera Jasmine says she wants to act till the age of 80-90