| Thursday, 7th October 2021, 10:17 pm

ഗോള്‍ഡന്‍ വിസ സ്വീകരിച്ച് മീരാ ജാസ്മിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നായികയാണ് മീരാ ജാസ്മിന്‍. 2001ല്‍ ലോഹിതദാസിന്റെ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ച താരം 2005ല്‍ പാഠം ഒന്ന് ഒരു വിലാപം എന്ന് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മീരാ ജാസ്മിന്‍ ഇപ്പോള്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുകയാണ്.

ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഗോള്‍ഡന്‍ വിസ സ്വീകരിച്ചുകൊണ്ട് താരം പറഞ്ഞു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് എച്ച്.എച്ച്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, എച്ച്.എച്ച്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എച്ച്.എച്ച്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്നിവര്‍ക്കുള്ള നന്ദിയും താരം വ്യക്തമാക്കി.

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ അവതാരകരായ നൈല ഉഷ, മിഥുന്‍ രമേശ് എന്നീ മലയാള താരങ്ങള്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്.

ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ വിസ നേടിയ ഇന്ത്യന്‍ സിനിമാതാരങ്ങള്‍.

ദിവസങ്ങള്‍ക്ക് മുന്നേ കാന്തപുരം അബൂബക്കര്‍ മുസ് ലിയാര്‍ക്കും യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നു.

വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Meera Jasmine receives Golden Visa

We use cookies to give you the best possible experience. Learn more