| Tuesday, 3rd September 2024, 10:24 pm

ആ സിനിമയിലെ എന്റെ കോസ്റ്റ്യൂം എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു: മീര ജാസ്മിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലൂടെയാണ് മീര സിനിമയിലേക്കെത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ മീരക്ക് സാധിച്ചു. മലയാളം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സാന്നിധ്യമറിയിച്ച മീര മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

കരിയറില്‍ താന്‍ ഉപയോഗിച്ച വിചിത്രമായ കോസ്റ്റ്യൂമിനെക്കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിന്‍. കസ്തൂരിമാന്‍ എന്ന സിനിമയിലെ തന്റെ കോസ്റ്റ്യൂം കണ്ടപ്പോള്‍ അയ്യേ എന്ന് തോന്നിയെന്നും മനസില്ലാമനസോടെയാണ് ആ കോസ്റ്റിയൂം ധരിച്ചതെന്നും മീര പറഞ്ഞു. ആ സിനിമയില്‍ കോളേജ് സ്റ്റുഡന്റിന്റെ വേഷമായിരുന്നെന്നും ആരെങ്കിലും കോളേജില്‍ ഇത്തരം വേഷത്തില്‍ എത്തുമോ എന്ന് ചിന്തിച്ചുവെന്നും മീര കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കസ്തൂരിമാന്‍ മാറിയെന്നും ആ സിനിമയിലെ അഭിനയത്തിന് രണ്ട് സ്‌റ്റേറ്റ് അവാര്‍ഡ് തനിക്ക് ലഭിച്ചെന്നും മീര കൂട്ടിച്ചേര്‍ത്തു. കേരള സ്‌റ്റേറ്റ് അവാര്‍ഡിന് പുറമെ തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡും തനിക്ക് ലഭിച്ചെന്നും പ്രിയംവദ എന്ന കഥാപാത്രം തനിക്ക് സ്‌പെഷ്യലാണെന്നും മീര പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീരാ ജാസ്മിന്‍ ഇക്കാര്യം പറഞ്ഞത്.

‘എന്റെ കരിയറില്‍ ഞാന്‍ ഉപയോഗിച്ച വിയേര്‍ഡായിട്ടുള്ള കോസ്റ്റ്യൂം കസ്തൂരിമാനിലേതായിരുന്നു. ആ സിനിമയിലെ എന്റെ കോസ്റ്റിയൂം ആദ്യം കണ്ടപ്പോള്‍ അയ്യേ എന്നാണ് തോന്നിയത്. ചട്ടയും മുണ്ടുമൊക്കെ ഇട്ട് കോളേജില്‍ പോകുന്ന സീനൊക്കെ ഹിറ്റാകുമെന്ന് ആലോചിച്ചില്ല. കോളേജ് സ്റ്റുഡന്റുകള്‍ ആരെങ്കിലും ഇത്തരം വേഷം ധരിക്കുമോ എന്നാണ് അന്ന് ചിന്തിച്ചത്.

ആ സിനിമ എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി മാറി. അതിന്റെ തമിഴിലും അതേ കഥാപാത്രത്തെത്തന്നെ ഞാന്‍ അവതരിപ്പിച്ചു. കസ്തൂരിമാനിലെ അഭിനയത്തിന് രണ്ട് സ്‌റ്റേറ്റ് അവാര്‍ഡ് എനിക്ക് കിട്ടി, കേരളത്തിന്റെയും തമിഴ്‌നാടിന്റെയും. പ്രിയംവദ എന്ന ക്യാരക്ടര്‍ എനിക്ക് കുറച്ചധികം സ്‌പെഷ്യലാണ്,’ മീര ജാസ്മിന്‍ പറഞ്ഞു.

Content Highlight: Meera Jasmine about her costume in Kasthooriman movie

We use cookies to give you the best possible experience. Learn more