| Sunday, 1st September 2024, 4:13 pm

തുണികൊണ്ട് മറ പിടിച്ചായിരുന്നു വസ്ത്രം മാറിയത്; തമിഴില്‍ അപ്പോഴേ കാരവാനെല്ലാം ഉണ്ടായിരുന്നു: മീര ജാസ്മിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂത്രധാരന്‍ എന്ന ലോഹിതദാസ് സിനിമയിലൂടെ മലയാളത്തിന് ലഭിച്ച മികച്ച അഭിനേത്രിയാണ് മീര ജാസ്മിന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ ലോഹിതാദാസ്, കമല്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ മീരക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും തെലുങ്കിലും മീര അറിയപ്പെടുന്ന നായികയായിരുന്നു.

അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറില്‍ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യന്‍ അന്തിക്കാടിനെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ തിരിച്ചുവന്നത്.

തന്റെ ആദ്യ ചിത്രമായ സൂത്രധാരനില്‍ അഭിനയിക്കുമ്പോള്‍ വസ്ത്രം മാറാനും ബാത്റൂമില്‍ പോകാനുമെല്ലാം വല്ലാതെ ബുദ്ധിമുട്ടിയെന്ന് പറയുകയാണ് മീര ജാസ്മിന്‍.

മലയാളത്തില്‍ അപ്പോള്‍ കാരവാനൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ആദ്യ തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ആ കാലത്തുതന്നെ അവിടെ കാരവനെല്ലാം ഉണ്ടായിരുന്നെന്ന് റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മീര പറയുന്നു.

‘സൂത്രധാരന്‍ ആണ് എന്റെ ആദ്യ സിനിമ. സിനിമയുടെ ലൊക്കേഷനില്‍ കാരവാന്‍ ഒന്നും ഇല്ലായിരുന്നു. ഡ്രസ്സ് മാറാനൊക്കെ ഞങ്ങള്‍ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. തുണി, കുട, പായ, വലിയ ബെഡ് ഷീറ്റ് എന്നിവകൊണ്ടെല്ലാം മേക്ക്അപ്പ് ആര്‍ട്ടിസ്റ്റോ അസിസ്റ്റന്റോ അങ്ങനെ ആരെങ്കിലും ഒക്കെ വന്ന് മറച്ചു പിടിച്ചായിരുന്നു ഡ്രസ്സൊക്കെ മാറിയിരുന്നത്.

തുറസായ സ്ഥലത്താണ് ഷൂട്ടിങ്ങെങ്കില്‍ പാറയുടെയും മരങ്ങളുടെയും ഒക്കെ മറപറ്റിയാണ് ഡ്രസ്സ് മാറ്റിയിരുന്നത്. ടോയ്ലെറ്റില്‍ പോകാനെല്ലാം ഇങ്ങനെത്തന്നെയാണ് ചെയ്തിട്ടുള്ളത്. വല്ലാത്ത ബുദ്ധിമുട്ടായിരുന്നു.

ആ സിനിമയുടെ ഷൂട്ടിങ്ങെല്ലാം കഴിഞ്ഞു ഒന്ന് രണ്ടു മലയാള സിനിമക്ക് ശേഷം തമിഴിലെ എന്റെ ആദ്യത്തെ സിനിമ റണ്‍ ചെയ്യാന്‍ വേണ്ടി പോകുമ്പോള്‍ അവിടെ രണ്ടു കാരവനൊക്കെ. എനിക്ക് അത്ഭുതം തോന്നി. എല്ലാവര്‍ക്കും കാരവാന്‍ അവിടെ അപ്പോഴേ ഉണ്ടായിരുന്നു. അത് എനിക്ക് വലിയ വ്യത്യാസമായി തോന്നി,’ മീര ജാസ്മിന്‍ പറയുന്നു.

Content Highlight: Meera Jasmin Talks About The Risk  Of Changing Cloths In Her First Malayalam film location

We use cookies to give you the best possible experience. Learn more