Entertainment
ഇനി അത് സംഭവിക്കില്ല, ഒട്ടും റിലേറ്റ് ചെയ്യാൻ പറ്റാത്ത എന്നാൽ ആഴത്തിൽ സ്വാധീനിച്ച കഥാപാത്രമാണത്: മീര ജാസ്മിൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 26, 04:16 am
Tuesday, 26th December 2023, 9:46 am

മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടിമാരിൽ ഒരാളാണ് മീരാജാസ്മിൻ. ചുരുങ്ങിയ കാലം കൊണ്ട് മീര ചെയ്തുവെച്ച കഥാപാത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയതാണ്.

തന്റെ കരിയറിൽ ഒരിടവേളയെടുത്തെങ്കിലും വീണ്ടും സിനിമയിലേക്ക് മീരയുടെ ക്വീൻ എലിസബത്ത് എന്ന ചിത്രമാണ് ഉടനെ റിലീസിന് എത്തുന്നത്.

മികച്ച നടിക്കുള്ള ദേശിയ – സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള മീര താൻ അഭിനയിച്ച പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ്. ചിത്രത്തിലെ പ്രകടനമായിരുന്നു മീരയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്തത്.

താൻ അഭിനയിച്ച പല സിനിമകളും ഇന്ന് അത്തരത്തിൽ ചെയ്യാൻ കഴിയില്ല എന്നാണ് നടി പറയുന്നത്. പാഠം ഒന്ന് ഒരു വിലാപം എങ്ങനെ അഭിനയിച്ചു എന്ന് തനിക്ക് അറിയില്ലെന്ന് മീര പറഞ്ഞു. റിലേറ്റ് ചെയ്യാൻ പറ്റിയ കഥാപാത്രമല്ലെങ്കിലും ആ വേഷം ആഴത്തിൽ തന്നെ സ്വാധീനിച്ചിരുന്നുവെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മീര ജാസ്മിൻ കൂട്ടിച്ചേർത്തു.

‘കസ്തൂരിമാനിലെ ക്ലൈമാക്സ്‌ ഒക്കെ അന്ന് അങ്ങനെ ചെയ്യാൻ പറ്റി. ഇനി അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അതിന് കഴിയില്ല. പാഠം ഒന്ന് ഒരു വിലാപത്തിലെ ചില സീനുകൾ ഒന്നും എനിക്ക് ആലോചിക്കാൻ പറ്റില്ല.

അത് വേറൊരു ലോകം തന്നെയാണ്. അതെല്ലാം അങ്ങ് സംഭവിച്ചതാണ്. എനിക്കറിയില്ല ഞാൻ എങ്ങനെ ആ കഥാപാത്രം ചെയ്‌തെന്ന്. ഞാൻ വന്ന് അഭിനയിച്ചു എന്നൊന്നും വാക്കുകൾ കൊണ്ട് ആ കഥാപാത്രത്തെ പറയാൻ കഴിയില്ല. അത് സംഭവിച്ചതിന് ദൈവത്തോട് നന്ദി പറഞ്ഞിരിക്കുക. ഇനി അതുപോലെ സംഭവിക്കുമെന്ന് ഒരു ഉറപ്പുമില്ല.

അന്ന് ഞാൻ യങ്ങായിരുന്നു. അതിലെ കഥാപാത്രം ആണെങ്കിലും എന്റെ പ്രായത്തെക്കാൾ കുറച്ചൂടെ ചെറുതായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് ആ കഥാപാത്രം.

റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല. പക്ഷെ ഒരുപാട് ആഴത്തിൽ എന്നെ സ്വാധീനിച്ച കഥാപാത്രമായിരുന്നു അത്,’മീര ജാസ്മിൻ പറയുന്നു.

Content Highlight: Meera Jasmin Talk About Padam Onn Oru Vilapam Movie