മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതാദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്.
അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള മീര ഒരേ കടൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ്.
ഒരേകടൽ തനിക്ക് ഒരുപാട് സ്പെഷ്യലാണെന്നും മമ്മൂട്ടിയുടെ സപ്പോർട്ട് ഉള്ളതുകൊണ്ട് മാത്രമാണ് സിനിമ ചെയ്യാൻ കഴിഞ്ഞതെന്നും മീര പറയുന്നു. അത്രയും ഡെപ്ത്തുള്ള കഥപാത്രമായിരുന്നു അതെന്നും മീര പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഒരേകടൽ എനിക്ക് വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു സിനിമയാണ്. കാരണം അന്നത്തെ കാലത്ത് ഇങ്ങനെയൊരു റോൾ ചെയ്യാനായി. എന്നും സംസാരിക്കപ്പെടുന്ന, അത്രയും ഡെപ്ത്തുള്ള ഒരു റോളാണ്. നോർമലായി നമുക്ക് ചെയ്യാൻ കഴിയാത്ത ഒരു കഥാപാത്രമാണത്.
മമ്മൂക്കയുടെ നെഞ്ചിൽ കടിക്കുന്ന സീൻ എനിക്ക് ഓർമയുണ്ട്. അന്ന് സെറ്റിലൊക്കെ വല്ലാത്ത നിശബ്ദതയായിരുന്നു. അധികം സംസാരമില്ല. ആവശ്യത്തിന് മാത്രം. ഒരേ കടലിൽ മമ്മൂക്ക വലിയ സപ്പോർട്ടീവായിരുന്നു.
അങ്ങനെയുള്ള സീനുകളും ഷോട്ടുമെല്ലാം ചെയ്യാൻ നമ്മുടെ കോ ആക്ടർ സപ്പോർട്ടീവാണെങ്കിൽ നമുക്ക് നന്നായി ചെയ്യാൻ പറ്റും. അത് വളരെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു. എനിക്കും ഡിഫറെൻറ് ആയിട്ടുള്ള ഒരു എക്സ്പീരിയൻസ് ആയിരുന്നു. അത് എങ്ങനെ പെർഫോം ചെയ്യുമെന്നുള്ള കൺഫ്യൂഷൻ ഉണ്ടായിരുന്നു. കാരണം അത് അത്ര വൃത്തികേടാവാനും പാടില്ല.
മമ്മൂക്ക നല്ല സപ്പോർട്ട് ആയിരുന്നു. നന്നായിട്ട് ചെയ്തിട്ടുണ്ട് എന്നെല്ലാം പറഞ്ഞിരുന്നു. ഷൂട്ട് കഴിഞ്ഞിട്ടാണെങ്കിലും മമ്മൂക്ക കാര്യമായിട്ടാണ് എന്റെ അടുത്ത് സംസാരിച്ചിട്ടുള്ളത്. ഏതോ ഒരു അവാർഡ് വാങ്ങാൻ ഞാൻ പോകാതിരുന്നപ്പോൾ മമ്മൂക്ക പോയി റിസീവ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. അത്രക്ക് നല്ല മനുഷ്യനാണ് അദ്ദേഹം,’ മീര ജാസ്മിൻ പറഞ്ഞു.
Content Highlight: Meera Jasmin Talk About Ore Kadal Movie Shooting Experience