| Tuesday, 26th December 2023, 5:40 pm

'നവ്യയുടെ നന്ദനം എന്നെ തേടി വന്നെന്ന് തോന്നുന്നു', പേര് പറയാത്തതാണ് നല്ലതെന്ന് മീരയോട് നരേൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച നടിമാരുടെ കൂട്ടത്തിലേക്ക് ഉയർന്ന് വന്ന താരമാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ മുൻനിര സംവിധായകരോടൊപ്പം സിനിമകൾ ചെയ്ത് ദേശീയ – സംസ്ഥാന അവാർഡുകളടക്കം മീര സ്വന്തമാക്കിയിരുന്നു.

കരിയറിൽ ഏതെങ്കിലും സിനിമ തേടി വന്നപ്പോൾ വേണ്ടെന്ന് വെക്കുകയും പിന്നീട് ആ തീരുമാനം തെറ്റായിപ്പോയെന്നും തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മീര.

നന്ദനം എന്ന സിനിമ തന്നെ തേടി വന്നതായി തനിക്ക് തോന്നുന്നുണ്ടെന്നായിരുന്നു മീരാജാസ്മിൻ ഉത്തരം പറഞ്ഞത്. താരം നടി നവ്യയുടെ പേര് പരാമർശിക്കുമ്പോൾ, പേര് പറയാതിരിക്കുന്നതാവും നല്ലതെന്ന് കൂടെയുള്ള നടൻ നരേൻ പറയുന്നതും അഭിമുഖത്തിൽ കാണാം.

പുതിയ ചിത്രം ക്വീൻ എലിസബത്തിന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ.

‘എനിക്ക് അറിയില്ല. പക്ഷെ എനിക്ക് തോന്നുന്നത് നന്ദനം സിനിമയെങ്ങാനും എനിക്ക് വന്നിട്ടുണ്ടെന്ന് തോന്നുന്നു. ചിലപ്പോൾ ഞാൻ പറയുന്നത് തെറ്റായിരിക്കും. പണ്ട് നവ്യ ചെയ്ത വേഷമാണ് അത്. ആ സിനിമ എനിക്ക് വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. വെറുതെ പറഞ്ഞിട്ട് പിന്നീട് അതൊരു പ്രശ്നമാവും,’ എന്നായിരുന്നു മീര ജാസ്മിൻ പറഞ്ഞത്.

എന്നാൽ പേര് പറയാതിരിക്കുന്നതാവും നല്ലതെന്ന് നരേൻ മീര ജാസ്മിൻ സംസാരിക്കുന്നതിനിടയിൽ പറയുകയായിരുന്നു. താൻ ഉത്തരം പറയുന്നതിന് മുമ്പ് പറയണമെന്നുണ്ടായിരുന്നുവെന്നും മീരയോട് നരേൻ കൂട്ടിച്ചേർത്തു.

ഒരു സിനിമ നഷ്ടമായത് ഓർത്ത് പ്രയാസമൊന്നും തോന്നിയിട്ടില്ലായെന്നും നമുക്ക് വിധിച്ചത് നമുക്ക് വരുമെന്നും മീര ജാസ്മിൻ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം എം.പത്മകുമാർ സംവിധാനം ചെയ്ത ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെ നരേനും മീര ജാസ്മിനും വീണ്ടും ഒന്നിച്ചെത്താൻ പോവുകയാണ്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Content Highlight: Meera Jasmin Talk About Nandhanam Movie And Reaction Of Narain

Latest Stories

We use cookies to give you the best possible experience. Learn more