സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായികയാണ് മീര ജാസ്മിന്‍. ടി.വി. ചന്ദ്രന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി.
പിന്നീട് വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളുടെ ഭാഗമാകാന്‍ താരത്തിനായിട്ടുണ്ട്. ഏറെ നാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. ജയറാമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.
താന്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ചും മകളിലേക്ക് താനെത്തിയതിനെ കുറിച്ചെല്ലാം സംസാരിക്കുകയാണ് മീര ജാസ്മിന്‍. എഫ്.ടി.ക്യു വിത്ത് രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.
‘സത്യന്‍ അങ്കിള്‍ പ്രൊജക്ട് വിളിച്ച് പറഞ്ഞത് 2020ല്‍ കൊവിഡിന്റെ സമയത്താണ്. വിളിച്ചപ്പോള്‍ ഭയങ്കര ഹാപ്പിയായി, അച്ചുവിന്റെ അമ്മ, രസതന്ത്രം തുടങ്ങിയ കുടുംബചിത്രങ്ങള്‍ എനിക്ക് തന്നയാളാണ്. ലൈഫില്‍ ചില ഇംപോര്‍ട്ടന്റ് സമയങ്ങളിലാണ് അദ്ദേഹത്തിന്റെ പടം ചെയ്തിട്ടുള്ളത്. അദ്ദേഹം എനിക്ക് കുടുംബത്തിലൊരാളെ പോലെയാണ്. വളരെ സ്നേഹവും നന്ദിയും അദ്ദേഹത്തോടുണ്ട്,’ മീര ജാസ്മിന്‍ പറയുന്നു.
തന്നെ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയതിനെ പറ്റിയും സിനിമയില്‍ നിന്ന് വിട്ടുനിന്ന സമയത്തെ കുറിച്ചുമെല്ലാം അഭിമുഖത്തില്‍ മീര പറയുന്നുണ്ട്.
‘ഏറെ ചെറുപ്പത്തിലെ ഞാന്‍ കരിയര്‍ തുടങ്ങി. വലിയൊരു യാത്രയായിരുന്നു. കുറെ അനുഭവങ്ങളുണ്ടായി. പിന്നെ ചില തിരിച്ചറിവുകളുണ്ടായി. നമ്മുടെ സന്തോഷവും മനസമാധാനവും ആണ് ജീവിതത്തില്‍ ഏറ്റവും വലുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ തുടരെ തുടരെ സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ എനിക്ക് വേണ്ടി ഒരു സമയമില്ലായിരുന്നു. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോയിക്കൊണ്ടിരുന്നു, അത് അത്ര നല്ലതല്ലായിരുന്നു.
വിവാഹം കഴിഞ്ഞ് ഞാന്‍ പോയപ്പോള്‍ അത് നല്ല രീതിയില്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് ഞാന്‍ കുക്കിങ്, ബിസിനസ് ഒക്കെ പഠിക്കുകയായിരുന്നു. നേരത്തെ എനിക്ക് ആരുടേയും പിന്തുണയില്ലാതെ പറ്റില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് വിട്ട് പലതും ഒറ്റയ്ക്ക് ചെയ്യാന്‍ പഠിച്ചു. വിനോദയാത്രയിലെ ഡയലോഗ് പോലെ, അന്ന് ശരിക്കും എനിക്ക് അറിയില്ലായിരുന്നു ഒരു കിലോ അരിക്ക് എത്രയായിരുന്നു വിലയെന്ന്. അന്നൊരു ബബിളിനകത്തായിരുന്നു, എന്നാല്‍ ഇപ്പോള്‍ ലോകം കണ്ടു,’ താരം കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ നിന്നും മാറി നിന്ന കാലത്ത് തനിക്ക് മിസ് ചെയ്തിരുന്നുവെന്നും തുടക്കത്തില്‍ ലൈറ്റ് ക്യാമറ ആക്ഷന്‍ മിസ് ചെയ്തിരുന്നില്ലെങ്കിലും പിന്നെ മിസിംഗ് അനുഭവപ്പെടുകയായിരുന്നുവെന്നും മീര പറയുന്നു.
Content Highlights: Meera Jasmin Shares her movie experience