| Thursday, 9th January 2025, 8:10 am

എന്റെ ആ കഥാപാത്രം നെഞ്ചുനീറുന്ന അനുഭവം, ഇന്നും പ്രിയപ്പെട്ട വേഷവും ചിത്രവുമാണത്: മീര ജാസ്മിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ ലോഹിതദാസ്, കമല്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ മീരക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ പ്രകടനത്തിലൂടെ ദേശീയ – സംസ്ഥാന അവാര്‍ഡുകളടക്കം കരസ്ഥമാക്കിയ താരം പിന്നീട് സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. സത്യന്‍ അന്തിക്കാടിനെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലൂടെ തിരിച്ച് വന്ന മീര വീണ്ടും മലയാള സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.

കരിയറില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിന്‍. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത പാഠം ഒന്ന്; ഒരു വിലാപം എന്ന ചിത്രമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് മീര പറയുന്നു. ആ ചിത്രത്തിലെ ഷാഹിന എന്ന കഥാപാത്രം നെഞ്ചുകീറുന്ന അനുഭവമാണെന്നും 15 വയസുകാരിയായ മുസ്ലിം പെണ്‍കുട്ടിയുടെ വേഷം ചെയ്യുമ്പോള്‍ തനിക്ക് 20 വയസായിരുന്നു എന്നും നടി പറഞ്ഞു.

ടി.വി. ചന്ദ്രന്റെ സിനിമയില്‍ അഭിനയിക്കുക എന്ന് പറയുന്നതുതന്നെ തന്നെ സംബന്ധിച്ച് വലിയ ഭാഗ്യമായിരുന്നു എന്നും ആ സിനിമയിലൂടെ തനിക്ക് ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ ആ സിനിമയിലൂടെ ലഭിച്ചെന്നും മീര ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ മുന്‍ പ്രസിഡന്റ്‌റായ അബ്ദുള്‍ കലാമില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞു എന്നുള്ളതാണ് തന്നെ കൂടുതല്‍ ത്രില്ലടിപ്പിച്ചതെന്നും മീര പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീര ജാസ്മിന്‍.

‘പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ ഷാഹിന എന്ന കഥാപാത്രം നെഞ്ചുകീറുന്ന ഒരനുഭവമാണ്.

15 വയസുകാരിയായ മുസ്ലിം പെണ്‍കുട്ടിയുടെ വേഷം ചെയ്യുമ്പോള്‍ എന്റെ പ്രായം 20 ആയിരുന്നു. ഞാന്‍ അഭിനയം തുടങ്ങിയ കാലത്തുതന്നെ അത്തരമൊരു കഥാപാത്രത്തെ ചെയ്യേണ്ടി വന്നപ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു.

ടി.വി. ചന്ദ്രന്‍ സാര്‍ സംവിധാനം ചെയ്ത സിനിമയില്‍ അവസരം കിട്ടുന്നതുതന്നെ ഭാഗ്യമായിരുന്നു. ആ കഥാപാത്രം നായിക തന്നെയാകുന്നതും ഒടുവില്‍ അതിന് സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും ലഭിക്കുന്നതുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നസമാനമായ നേട്ടമായിരുന്നു.

അതിനെക്കാളൊക്കെ എന്നെ ത്രില്ലടിപ്പിച്ചതും അഭിമാനമുണ്ടാക്കിയതും ഇന്ത്യയുടെ പ്രസിഡന്റ്‌റായ അബ്ദുള്‍ കലാം സാറില്‍നിന്ന് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞുവെന്നതാണ്. ഏതുതരത്തില്‍ നോക്കിയാലും ‘പാഠം ഒന്ന്; ഒരു വിലാപം’ എന്ന സിനിമയും ഷാഹിന എന്ന കഥാപാത്രവും എനിക്ക് എന്നും പ്രിയപ്പെട്ടതാണ്,’ മീര ജാസ്മിന്‍ പറയുന്നു.

Content Highlight: Meera  Jasmin  Says Her Favorite Movie Is Paadam Onnu: Oru Vilapam

We use cookies to give you the best possible experience. Learn more