രസതന്ത്രം സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മീരാ ജാസ്മിൻ. ഭരത് ഗോപിയുടെയും മോഹൻലാലിന്റേയും കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വളരെ നല്ല അനുഭവമായിരുന്നെന്ന് മീര പറഞ്ഞു.
ഭരത് ഗോപി തന്നോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞിരുന്നെന്നും മീര ജാസ്മിൻ കൂട്ടിച്ചേർത്തു. ചിത്രത്തിൽ ആണായി അഭിനയിച്ചപ്പോഴുള്ള അനുഭവം മീരാ ജാസ്മിൻ പറയുന്നുണ്ട്. തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി മൂവി വേൾഡ് മീഡിയക്ക് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു. എന്റെ ഓപ്പോസിറ്റ് അഭിനയിക്കുന്നത് മഹാനായ നടനായ ഭരത് ഗോപി പിന്നെ മോഹൻലാലും ആണ്. രണ്ടുപേരുടെയും കൂടെ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. അതിൽ ആൺവേഷം ആയിരുന്നല്ലോ ചെയ്തിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് അത് വളരെ രസമായി തോന്നി.
ആ സിനിമയിൽ കാണുന്ന പോലെ തന്നെ അഭിനയിക്കാൻ സാധിച്ചു. ചെയ്ത് ചെയ്ത് കുറച്ചുകഴിഞ്ഞപ്പോൾ എന്റെ നടപ്പൊക്കെ അങ്ങനെയായിരുന്നു. ഒരു ആൺകുട്ടി നടക്കുന്ന പോലെ ആയിരുന്നു. ഭരത് ഗോപി സാറിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് വളരെ അനുഗ്രഹമായ കാര്യമാണ്. അദ്ദേഹം നമ്മളെ കൂടെ നിർത്തി കുറേ കാര്യങ്ങൾ പറഞ്ഞു തരുമായിരുന്നു. അദ്ദേഹം ആദ്യം അഭിനയിച്ച സിനിമകളിലുള്ള അനുഭവങ്ങളൊക്കെ പറയുമായിരുന്നു.
ഒരു ആൺകുട്ടിയായി അഭിനയിച്ചത് ഞാൻ വളരെയധികം ആസ്വദിച്ചിരുന്നു. സ്ത്രീകൾ പലപ്പോഴും എല്ലാ കാര്യത്തിലും കുറച്ച് കോൺഷ്യസ് ആയിരിക്കും .ഇരിക്കുന്നതാണെങ്കിലും നടക്കുന്നതാണെങ്കിലുമൊക്കെ ഭയങ്കര കോൺഷ്യസ് ആയിരിക്കും. എന്നാൽ ഒരു ആൺകുട്ടി ആകുമ്പോൾ അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല അതിന്റെ ഡീറ്റെയിൽസിലേക്ക് പോകാൻ എനിക്ക് താത്പര്യമില്ല.
ഒരു ആണാകുമ്പോൾ ഭയങ്കര കെയർഫ്രീയാണ്. ഒന്നിനെപ്പറ്റിയും ഒരു ചിന്തയില്ല. അത് ഞാൻ ശരിക്കും എൻജോയ് ചെയ്തിരുന്നു. എന്നെ എല്ലാവരും ഒരു ആൺകുട്ടി ആയിട്ടായിരുന്നു കണ്ടത്. എന്റെ പുറത്തൊക്കെ അടിക്കുമായിരുന്നു. അതെല്ലാം നല്ല രസമായിരുന്നു,’ മീരാ ജാസ്മിൻ പറഞ്ഞു.
Content Highlight: Meera jasmin about rasathandram movie’s experience