എന്റെ പഴയ ചില സീനുകളൊക്കെ കാണുമ്പോൾ ചമ്മലാകും; കസ്തൂരിമാനിൽ അങ്ങനെ ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് : മീര ജാസ്മിൻ
തന്റെ പഴയ സിനിമകളിലെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിൻ. താൻ അഭിനയിച്ച സിനിമകളിലെ രംഗങ്ങൾ ട്രോളുകളായിട്ടും മീമുകളായിട്ടും കണ്ടിരുന്നെന്ന് മീര ജാസ്മിൻ പറഞ്ഞു. പഴയ ചില സീനുകൾ കാണുമ്പോൾ ചമ്മലാകുമെന്നും കസ്തൂരിമാനിലെ കരച്ചിൽ ഒക്കെ അത്രയും വേണ്ടിയിരുന്നില്ലെന്നും മീര ജാസ്മിൻ കൂട്ടിച്ചേർത്തു. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ചില ട്രോളുകളും മീമുകളും ഒക്കെ കണ്ണിൽപ്പെടാറുണ്ട്. കസ്തൂരിമാനിലെ കരച്ചിലൊക്കെ എന്റെ ട്രോൾ ആയി കണ്ടു. പഴയ ചില സീനുകൾ ഒക്കെ കാണുമ്പോൾ ചമ്മലാകും. കസ്തൂരിമാനിലെ കരച്ചിൽ ഒക്കെ അത്രയും വേണ്ടായിരുന്നു, അല്ലേ? അന്ന് ചെറിയ കുട്ടിയല്ലേ, അത്രയല്ലേ അറിവുള്ളു,’ മീര ജാസ്മിൻ പറഞ്ഞു.
തന്റെ പഴയ സ്വഭാവത്തെക്കുറിച്ചും ഇപ്പോഴത്തെ തന്റെ മാറ്റത്തെക്കുറിച്ചും മീര അഭിമുഖത്തിൽ പറഞ്ഞു. ‘പണ്ട് എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റില്ലായിരുന്നു ഇപ്പോൾ അങ്ങനെയല്ല ലൈഫ് സ്റ്റൈൽ മാറിയത് കൊണ്ടാകും എക്സസൈസ് ചെയ്യും. അതിനെല്ലാം ടൈം കണ്ടെത്താൻ തുടങ്ങി. ഞാനൊന്നും പ്ലാൻ ചെയ്യാറില്ല ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു. വരുന്നത് വരുന്നിടത്ത് കാണും എന്ന രീതിയാണ് എനിക്കിഷ്ടം,’ മീര ജാസ്മിൻ പറയുന്നു.
മീര ജാസ്മിൻ – കുഞ്ചാക്കോ ബോബൻ എന്നിവർ ഒന്നിച്ച് 2003ൽ പുറത്തിറങ്ങിയ ചിത്രമാണ് കസ്തൂരിമാൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു സിനിമയാണ് ഇത്. എ.കെ. ലോഹിതദാസ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ സാജൻ ജോസഫ് ആലൂക്കയായും മീര ജാസ്മിൻ പ്രിയംവദയായുമാണ് അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.
രസതന്ത്രം ,കസ്തൂരിമാൻ, സ്വപ്നകൂട്, ഗ്രാമഫോൺ, വിനോദയാത്ര, തുടങ്ങി നിരവധി മലയാള ചിത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ എന്ന പോലെ തമിഴിലും തെലുങ്കിലും താരം സജീവമായിരുന്നു. മലയാള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് മീര ജാസ്മിൻ. ടി.വി. ചന്ദ്രൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എം. പത്മകുമാർ സംവിധാനം ചെയ്ത ക്വീൻ എലിസബത്ത്. ചിത്രം ഈ മാസം 29ന് തിയേറ്ററുകളിലെത്തും.
Content Highlight: Meera jasmin about her old movies