| Sunday, 24th December 2023, 7:59 am

അഭിനയത്തിൽ നിന്ന് മാത്രമാണ് ബ്രേക്ക് എടുത്തത്; ജീവിതത്തിലെ ബാക്കിയെല്ലാം ഇഷ്ടങ്ങളും തുടർന്നിരുന്നു: മീര ജാസ്മിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിൻ. മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് മീര. താരം സിനിമയിൽ നിന്നും ആറ് വർഷം ബ്രേക്ക് എടുത്തിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ തിരിച്ചു വരവ്.

താൻ എവിടെയും പോയിട്ടില്ലെന്നും സിനിമകളെല്ലാം കണ്ടിരുന്നെന്നും അഭിനയത്തിൽ നിന്നും മാത്രമായിരുന്നു ബ്രേക്ക് എടുത്തതെന്നും മീര ജാസ്മിൻ പറഞ്ഞു. അമേരിക്കയിലും യുറോപ്പിലുമൊക്കെ ഒരുപാട് യാത്ര ചെയ്‌തെന്നും മീര ജാസ്മിൻ കൂട്ടിച്ചേർത്തു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ഇവിടെയൊക്കെ ഉണ്ടായിരുന്നു. സിനിമകളൊക്കെ കാണുമായിരുന്നു. അഭിനയത്തിൽ നിന്ന് മാത്രമാണ് ബ്രേക്ക് എടുത്തത്. പക്ഷേ ജീവിതത്തിലെ ബാക്കിയെല്ലാം ഇഷ്ടങ്ങളും തുടർന്നു. ഒരുപാട് യാത്രകൾ ചെയ്തു. യൂറോപ്പിലും അമേരിക്കയിലും ഒക്കെ പോയി.
ചെയ്യുന്നത് ആസ്വദിക്കുക എന്നതാണ് എന്റെ രീതി. അഭിനയിക്കുമ്പോൾ സിനിമയെപ്പറ്റി മാത്രം ആലോചിക്കും, യാത്രയായാൽ ആകുമ്പോൾ അതിനെക്കുറിച്ചും. അതുകൊണ്ട് അധികം കാര്യങ്ങൾ ഒന്നും മിസ്സ് ചെയ്തതായി തോന്നിയിട്ടില്ല,’ മീര ജാസ്മിൻ പറഞ്ഞു.

ഇനി സിനിമയിൽ സജീവമാകുമോ എന്ന ചോദ്യത്തിന് തുടരെ കാണാനാവും എന്നാണ് പ്രതീക്ഷ എന്നായിരുന്നു മീര ജാസ്മിന്റെ മറുപടി. ‘തുടരെ കാണാൻ ആവും എന്നത് തന്നെയാണ് പ്രതീക്ഷ. നല്ല കഥാപാത്രങ്ങളും സിനിമകളും വന്നാൽ ഇവിടെത്തന്നെ സജീവമായി തുടരും. തമിഴിലും ഓരോ സിനിമകൾ വരാനിരിക്കുന്നുണ്ട്. മലയാളത്തിലും ഉടനെ ഒരു ചിത്രം പ്രഖ്യാപിക്കും,’ മീര ജാസ്മിൻ പറയുന്നു.

മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എം. പത്മകുമാർ സംവിധാനം ചെയ്ത ക്വീൻ എലിസബത്ത്. അർജുൻ. ടി സത്യന്റെതാണ് തിരക്കഥ. രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മീരാ ജാസ്മിനും നരേനും പുറമെ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്തണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡിസംബർ 29 മുതൽ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Meera jasmin about her break in film

We use cookies to give you the best possible experience. Learn more