മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്.
അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്. ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് മീര ജാസ്മിൻ.
തനിക്ക് മാധവികുട്ടിയുടെ ബയോപിക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് മീര ജാസ്മിൻ. പണ്ട് ലോഹിതാദാസ് അതിനെകുറിച്ച് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ മാധവികുട്ടിയുടെ ഒരു ബയോപിക്ക് വന്നുകഴിഞ്ഞെന്നും മീര പറയുന്നു. സത്യൻ അന്തിക്കാട്, ലോഹിതദാസ്, ശ്യാമ പ്രസാദ്, ടി.വി.ചന്ദ്രൻ എന്നീ സംവിധായകരെ കുറിച്ചും മീര പങ്കുവെച്ചു.
പണ്ട് ലോഹിയങ്കിൾ പറയുമായിരുന്നു എനിക്ക് മാധവി കുട്ടിയെ ചെയ്യാൻ കഴിയുമെന്ന്
– മീര ജാസ്മിൻ
‘ബയോപിക്കിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. പക്ഷേ, ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പണ്ട് ലോഹിയങ്കിൾ പറയുമായിരുന്നു എനിക്ക് മാധവി കുട്ടിയെ ചെയ്യാൻ കഴിയുമെന്ന്. അവരുടെ ഇൻർവ്യൂ ഒക്കെ കണ്ടിട്ടുണ്ട്. ആ സംസാര രീതി വലിയ ഇഷ്ടമാണ്. പക്ഷേ, ആ ജീവിതം സിനിമയായിക്കഴിഞ്ഞു. എന്നെത്തേടി വരാനിരിക്കുന്നത് മറ്റൊന്നായിരിക്കും.
ലോഹിയങ്കിളിന്റേത് ശക്തമായ എഴുത്തായിരുന്നു. അങ്കിളിൻ്റെ കൂടെ കരുത്തുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞു. സെറ്റിൽ കർക്കശക്കാരനായിരുന്നു. വഴക്കൊക്കെ പറയും. അങ്കിളിനെ ഗുരുനാഥനായാണ് കാണുന്നത്. പിന്നെ, ടി.വി. ചന്ദ്രൻ സാർ. അദ്ദേഹം ശരിക്കുമൊരു സുഹൃത്താണ്. ഒരുപാട് അവാർഡുകളൊക്കെ കിട്ടിയ ആളാണ്, വളരെ സീരിയസായിരിക്കും എന്നൊക്കെയാണ് തോന്നുക. പക്ഷേ, അങ്ങനെയൊന്നുമല്ല. വളരെ നല്ല വ്യക്തിയാണദ്ദേഹം.
പിന്നെ സത്യനങ്കിൾ, എൻ്റെ കുടുംബമാണ്. അങ്കിളിൻ്റെ മക്കൾ അഖിലും, അനൂപും എൻ്റെ സുഹൃത്തുക്കളാണ്. അന്തിക്കാട് ഫാമിലി എന്നാൽ വീട്ടിലേക്ക് ചെല്ലുന്ന അനുഭവമാണ്. തമാശ, സന്തോഷം ഇതൊക്കെയാണ് സത്യനങ്കിളിന്റെ സെറ്റ്.
ഏറ്റവും കൂടുതൽ സിനിമകൾ ചെയ്‌തതും അങ്കിളിനൊപ്പമാണ്. ഞാൻ അങ്കിളിൻ്റെ ടീമാണെന്നാണ് പറയുക. വളരെ ഡീസന്റ് ഫിലിം മേക്കർ, അതാണ് ശ്യാമപ്രസാദ് സാർ. സാറിൻ്റെ സെറ്റിൽ വേറൊരു സംസാരവുമില്ല. സിനിമ, കഥാപാത്രം ഇതുമാത്രമാണ് സംസാരിക്കുക,’മീര ജാസ്മിൻ പറയുന്നു.
Content Highlight: Meera Jasmin About Biopic Of Madhavikutty