ഹൈദരാബാദ്: ബോളിവുഡ് താരം മീര ചോപ്രയ്ക്ക് നേരെ ബലാത്സംഗ ഭീഷണിയുമായി ജൂനിയര്‍ എന്‍.ടി.ആര് ആരാധകര്‍. ജൂനിയര്‍ എന്‍.ടി.ആറിന്റെ ആരാധികയല്ല, മഹേഷ് ബാബുവിന്റെ ഫാനാണ് താന്‍ എന്ന് മീര പറഞ്ഞതിനെതിരെയാണ് സൈബര്‍ ആക്രമണവുമായി ആരാധകര്‍ രംഗത്ത് എത്തിയത്.
നടിക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉള്‍പ്പെടെ വന്നിട്ടുണ്ട്. തനിക്ക് ലഭിച്ച ചില സന്ദേശങ്ങള്‍ മീര റീട്വീറ്റ് ചെയ്തു, ജൂനിയര്‍ എന്‍.ടി.ആറിനെ ടാഗ് ചെയ്തുകൊണ്ടാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ആരുടെയെങ്കിലും ആരാധികയാകുന്നത് കുറ്റകരമാണെന്ന് എനിക്കറിയില്ലായിരുന്നു .. എല്ലാ പെണ്‍കുട്ടികളോടും ഇത് ഉറക്കെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ ജൂനിയര്‍ എന്‍.ടി.ആറിനറെ ആരാധികയല്ലെങ്കില്‍, ബലാത്സംഗവും കൊലപാതകവും കൂട്ടബലാത്സംഗവും നേരിട്ടേക്കാം’ എന്ന് മീര ട്വീറ്റ് ചെയ്തു.
മീരയ്ക്ക് പിന്തുണയുമായി ഗായിക ചിന്മയിയും രംഗത്തെത്തി. ആരാധകര്‍ പറയുന്ന കാര്യങ്ങളെ വളച്ചൊടിക്കുന്നതിനാലാണ് സിനിമകള്‍ ഇഷ്ടമാണെന്ന് പറയുന്നത് പോലും താന്‍ നിര്‍ത്തിയതെന്ന് ചിന്മയി പറഞ്ഞു. ദിവസേന ഭീഷണികള്‍ നേരിടുന്ന ഒരാള്‍ എന്ന നിലയില്‍ മീര കേസ് ഫയല്‍ ചെയ്യണമെന്നും ചിന്മയി പറഞ്ഞു.