തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയിലെത്തിയപ്പോള്‍ ഗംഭീര പ്രതികരണമാണ് വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന് ലഭിക്കുന്നത്. തന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ ഏത് വഴിയും സ്വീകരിക്കുന്ന മുകുന്ദന്‍ ഉണ്ണി എന്ന അഭിഭാഷകന്റെ കഥ പറഞ്ഞ ചിത്രം ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലാണ് ഒരുങ്ങിയത്.
പതിവ് മലയാള സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന്റെ കഥ സഞ്ചരിക്കുന്നത്. നല്ലവനായ നായകനില്‍ നിന്നും മാറി ക്രൂക്കഡ് മൈന്‍ഡുപയോഗിച്ച്, ക്രൂരമായ വഴികളിലൂടെ കരിയറില്‍ ഉയര്‍ച്ച നേടാനാണ് മുകുന്ദന്‍ ഉണ്ണി ശ്രമിക്കുന്നത്. നായികയുടെ കാര്യത്തിലും മാറ്റത്തിന്റെ പാതയിലാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് സഞ്ചരിക്കുന്നത്. നായകന് ഏറ്റവും അനുയോജ്യയായ നായികയാണ് മീനാക്ഷി.
ചിത്രം ഒ.ടി.ടിയില്‍ ഹിറ്റായതോടുകൂടി മീനാക്ഷിയും ചര്‍ച്ചയാവുന്നുണ്ട്. സിനിമ അവസാനിക്കുമ്പോള്‍ മീനാക്ഷി പറയുന്ന ഡയലോഗാണ് ചര്‍ച്ചയാവുന്നത്.
മുകുന്ദന്‍ ഉണ്ണിയുടെ മുന്‍കാമുകിയായ ജ്യോതി തനിക്ക് കര്‍മയില്‍ നല്ല വിശ്വാസം ഉണ്ടെന്ന് പറയുമ്പോള്‍ വിശ്വാസം നല്ലതാ, ഇങ്ങനെ ഊ#* തിരിഞ്ഞ് ഇരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ ആലോചിച്ചു സമാധാനിക്കാല്ലോ എന്നാണ് മീനാക്ഷി പറയുന്നത്.
ചിത്രം കണ്ട് മുകുന്ദന്‍ ഉണ്ണിയുടെ സ്വഭാവം ശരിക്ക് മനസിലായ പ്രേക്ഷകര്‍ക്ക് ഇയാള്‍ക്ക് ഇതിലും യോജിച്ച പെയറുണ്ടാവില്ല എന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. ഐഡിയലായ, നന്മ നിറഞ്ഞ നായികയല്ല മീനാക്ഷി. കല്യാണം കഴിഞ്ഞ് ജോലിക്ക് പോകാതെ ട്രിപ്പടിച്ചും വീട്ടില്‍ ചില്‍ ചെയ്തിരിക്കാനുമാണ് മീനാക്ഷിക്ക് ഇഷ്ടം.
മുകുന്ദന്‍ ഉണ്ണിയുടെ ചില നീക്കങ്ങള്‍ക്ക് അയാളെക്കാളും ഒരുമുഴം മുന്നെ നീട്ടി എറിയുന്നുണ്ട് മീനാക്ഷി. മീനാക്ഷിക്ക് നേര്‍വിപരീതമാണ് മുകുന്ദന്‍ ഉണ്ണിയുടെ മുന്‍ കാമുകി ജ്യോതി. നേരിന്റെ വഴിയെ സഞ്ചരിക്കുന്ന, കര്‍മയില്‍ വിശ്വസിക്കുന്ന വക്കീലാണ് ജ്യോതി. അതിനാല്‍ തന്നെ വളഞ്ഞ വഴിയെ പോകുന്ന മുകുന്ദന്‍ ഉണ്ണിയും ജ്യോതിയും തമ്മില്‍ ചേരുന്നില്ല. ഇതോടെയാണ് ഇവര്‍ പിരിയാന്‍ തീരുമാനിക്കുന്നത്. ഇതിന് ശേഷം കൃത്യമായ കൈകളിലേക്കാണ് മുകുന്ദന്‍ ഉണ്ണി ചെന്നുചേരുന്നത്.
മീനാക്ഷിയായി ചിത്രത്തില്‍ എത്തിയത് ആര്‍ഷ ചാന്ദ്നി ബൈജുവാണ്.18ാം പടിയിലെ ദേവിയിലൂടെയാണ് ആര്‍ഷ ആദ്യം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് കരിക്കിന്റെ ആവറേജ് അമ്പിളിയിയിലെ നായിക കഥാപാത്രവും ശ്രദ്ധ നേടി. ഇപ്പോള്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിലെ മീനാക്ഷിയിലൂടെ വീണ്ടും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയാണ് ആര്‍ഷ.
Content Highlight: meenakshy’s dialogue in mukundan unni associates became a discussion in social media