| Wednesday, 6th March 2024, 9:36 am

കയ്യിൽ നിന്നിടാം; ഓവറായാൽ ഗിരീഷേട്ടൻ പിടിക്കും: മീനാക്ഷി രവീന്ദ്രൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ൽ ഒരു റോം കോം ചിത്രത്തിലൂടെ മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്.

ചിത്രത്തിൽ നിഹാരിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മീനാക്ഷിയായിരുന്നു. തന്റെ കഥാപാത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി. ആ ക്യാരക്ടർ അങ്ങനെ ആയിരുന്നെന്നും താൻ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും മീനാക്ഷി പറഞ്ഞു. തങ്ങളുടെ കയ്യിൽ നിന്ന് ഇടാനുള്ള സ്വാതന്ത്ര്യം ഗിരീഷ് തങ്ങൾക്ക് തന്നിരുന്നെന്നും മീനാക്ഷി പറയുന്നുണ്ട്. കൈയ്യിൽ നിന്ന് ഇട്ടിട്ട് ഓവറായാൽ ഗിരീഷ് അത്ര പോകേണ്ട എന്ന് പറയുമെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ക്യാരക്ടർ അങ്ങനെയായിരുന്നു. പിന്നെ കുറെ മെച്ചപ്പെടുത്തിയിരുന്നു. ഗിരീഷേട്ടൻ നമ്മളെ കുറച്ച് സ്വതന്ത്രമാക്കി വിടും. കയ്യിൽ നിന്നുമിടാൻ സ്വാതന്ത്ര്യം ഉണ്ട് അവിടെ. കൈയിൽ നിന്നിട്ട് ഓവർ ആയാൽ ഗിരീഷേട്ടൻ പറയും അത്ര പോകണ്ട കുറച്ചു കുറച്ചോ എന്ന്. ആ ഒരു സ്വാതന്ത്ര്യം അവിടെ ഉണ്ടായിരുന്നു. കുറെ നമുക്ക് കയ്യിൽ നിന്നിടാം. ചില സമയത്ത് ചേട്ടാ ഇത് ചെയ്യട്ടെ എന്ന് ചോദിക്കുമ്പോൾ അത് ചെയ്തോ എന്നൊക്കെ പറയും. ഓവർ ആവുകയാണെങ്കിൽ പിടിക്കും,’ മീനാക്ഷി പറഞ്ഞു.

മലയാളത്തില്‍ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രമാണ് പ്രേമലു. സിനിമ മാര്‍ച്ച് എട്ടിന് തെലുങ്കില്‍ റിലീസ് ചെയ്യും. രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ് തെലുങ്കിലെ റൈറ്റ്‌സ് സ്വന്തമാക്കിയത്.

മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിന്‍ എന്ന കഥാപാത്രത്തെ നസ്‌ലെനും റീനു എന്ന കഥാപാത്രത്തെ മമിതയുമാണ് അവതരിപ്പിച്ചത്.

Content Highlight: Meenakshi raveenthran about gireesh’s behavior in set

We use cookies to give you the best possible experience. Learn more