ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ച നടിയാണ് മീനാക്ഷി രവീന്ദ്രന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതന്‍ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്ത് അഭിനയജീവിതം ആരംഭിച്ച മീനാക്ഷി 2021ല്‍ റിലീസായ മാലിക് എന്ന സിനിമയിലെ വേഷം ശ്രദ്ധേയയാക്കി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പ്രേമലു ആണ് മീനാക്ഷിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവീ മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയുടെ ഓഡിഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പങ്കുവെച്ചു.
‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയുടെ ഓഡിഷന്‍ കോള്‍ കണ്ടപ്പോള്‍ അയക്കാമെന്ന് വിചാരിച്ചു. 18 വയസ് സ്‌ക്രീന്‍ ഏജ് തോന്നിക്കുന്ന പെണ്‍കുട്ടികളെ നായികയായി തേടുന്നു എന്ന് കണ്ടപ്പോള്‍ ഒന്നും നോക്കാതെ അയച്ചു. അന്ന് എനിക്ക് 23-24 വയസുണ്ടായിരുന്നു. കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്ന് വിചാരിച്ചാ ചെയ്തത്. ഓഡിഷന് പോയി, കിട്ടീല. പിന്നീട് സിനിമ ഇറങ്ങാന്‍ നേരത്ത് പടത്തിന്റെ പോസ്റ്റര്‍ കണ്ടു. അനശ്വരയെ നായികയായി കണ്ടപ്പോള്‍ മനസിലായി, അവര്‍ക്ക് വേണ്ടത് ഇത്രയും ചെറിയ കുട്ടികളെയായിരുന്നു എന്ന്.
അതിന് ശേഷം സൂപ്പര്‍ ശരണ്യേടെ സമയത്ത് ഗിരീഷേട്ടന്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ അന്ന് ഡേറ്റ് ഇഷ്യു ഒക്കെ കാരണം ശ്രദ്ധിക്കാന്‍ പറ്റിയില്ല. പ്രേമലു ഷൂട്ടിങ് കഴിഞ്ഞ് ഗിരീഷേട്ടന്‍ എന്നെ ടാഗ് ചെയ്തപ്പോഴാണ് പഴയ കോളിന്റെ കാര്യം കണ്ടത്. ഇത് ഞാന്‍ ഗിരീഷേട്ടനോട് പറയുകയും ചെയ്തു,’ മീനാക്ഷി പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെന്‍, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Meenakshi Raveendran share about the audition of Thanneer Mathan Dinangal