Entertainment
മാന്യമായ വസ്ത്രം ധരിച്ചാലും അതിനെയും നെഗറ്റീവ് ആംഗിളില്‍ ഫോട്ടോ എടുക്കുന്നവരുണ്ട്; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെക്കുറിച്ച് മീനാക്ഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 07, 01:52 pm
Wednesday, 7th February 2024, 7:22 pm

അവതാരികയായി കരിയര്‍ ആരംഭിച്ച് മലയാള സിനിമയിലേക്കെത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രന്‍. മഴവില്‍ മനോരമയിലെ ഉടന്‍ പണമെന്ന പരിപാടിയിലൂടെയാണ് മീനാക്ഷി അവതാരകയായി എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതന്‍ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയജീവിതം ആരംഭിച്ചു. മാലിക് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ മകളായി അഭിനയിച്ചത് ശ്രദ്ധേയമായി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പ്രേമലു ആണ് മീനാക്ഷിയുടെ പുതിയ ചിത്രം.

മോഡലും അവതാരികയുമായ മീനാക്ഷി പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. പ്രേമലുവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഏത് ഇന്റര്‍വ്യൂവിന് പോയാലും എന്നോട് ചോദിക്കാറുള്ള ചോദ്യമാണിത്. ഓണ്‍ലൈന്‍ മീഡിയ തുടങ്ങിയ കാലം തൊട്ടുളളതാണിത്. നമ്മുടെ ഇന്‍ഡസ്ട്രിയിലുള്ള സൂപ്പര്‍സ്റ്റാര്‍സിനെ വരെ ഇതിന്റെ പേരില്‍ വിമര്‍ശിക്കുന്നുണ്ട്. നമ്മള്‍ ഈ ലൈംലൈറ്റില്‍ നില്‍ക്കുന്നത് കൊണ്ട് നമ്മളെയാരും വിമര്‍ശിക്കാന്‍ പാടില്ലാന്ന് പറയാന്‍ പറ്റില്ല. ഞാന്‍ വിശ്വസിക്കുന്ന കാര്യമെന്താണെന്ന് വെച്ചാല്‍, നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ അതില്‍ നമ്മള്‍ ഓവറായിട്ട് എക്‌സൈറ്റഡാവേണ്ട കാര്യമില്ല. അത് ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന കാര്യമാണ്. ഇന്ന് മോശം പറഞ്ഞാല്‍ നാളെ നല്ലത് പറയും.

എന്റെ അഭിപ്രായത്തില്‍ ഓണ്‍ലൈന്‍ മീഡിയക്ക് എപ്പോഴും ഇഷ്ടം നെഗറ്റീവ് പബ്ലിഷ് ചെയ്യാനാണ്. കാരണം, ആളുകള്‍ക്ക് എപ്പോഴും നെഗറ്റീവ് പ്രൊമോട്ട് ചെയ്യാനാണ് താത്പര്യം. നമ്മളിപ്പോള്‍ സോ കോള്‍ഡ് മാന്യമായിട്ടുള്ള വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാലും അതിനെ നെഗറ്റീവ് ആങ്കിളില്‍ ഫോട്ടോ എടുത്ത് പബ്ലിഷ് ചെയ്യാറുണ്ട്. ഉദാഹരണത്തിന് ഞാനിപ്പോള്‍ ചുരിദാര്‍ ധരിച്ചിട്ട് വണ്‍സൈഡായി ഷാള്‍ ഇട്ടാല്‍ പോലും ഷാള്‍ ഇടാത്ത സൈഡില്‍ നിന്ന് ഫോട്ടോ എടുക്കുന്നവരുണ്ട്. അത് കാണാന്‍ ആളുകളുണ്ട്. ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്, എന്റെ സാരിയുടുത്ത ഫോട്ടോയോ അല്ലെങ്കില്‍ സോ കോള്‍ഡ് മാന്യതയുള്ള വസ്ത്രങ്ങള്‍ ഇട്ടിട്ടുള്ള ഫോട്ടോകളോ വൈറലായിട്ടില്ല. പക്ഷേ ഞാന്‍ സ്ലീവ്‌ലെസ് ആയിട്ടുള്ള ഡ്രസ്സോ അല്ലെങ്കില്‍ ഷോര്‍ട്ട് ആയിട്ടുള്ള ഡ്രസ്സുകളോ ഇട്ട ഫോട്ടോകള്‍ വൈറലാവുന്നുണ്ട്.

പറയുന്നവര്‍ പറഞ്ഞോട്ടെ, എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരുണ്ട്. ഇതെന്റെ പ്രൊഫഷണല്‍ ലൈഫിന്റെ ഭാഗമാണ്. അതുകൊണ്ട് ഞാന്‍ അത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാറില്ല,’ മീനാക്ഷി പറഞ്ഞു.

Content Highlight: Meenakshi Raveendran reacts to the criticism facing on her dressing