നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് മീനാക്ഷി. ഉടൻ പണം എന്ന ഷോയിൽ അവതാരകയായും പിന്നീട് സിനിമയിലും താരം സജീവമായി. വ്യത്യസ്തമായി വസ്ത്രം ധരിക്കാൻ ഇഷ്ടപെടുന്ന ഒരാളാണ് മീനാക്ഷി. പലപ്പോഴും ഡ്രസ്സിങ്ങിന് കളിയാക്കലുകൾ മീനാക്ഷിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
താൻ ഒരു പെൺകുട്ടി ആയതുകൊണ്ട് ചെറുപ്പം മുതൽ തന്റെ ഡ്രസ്സിങ്ങിന് ആളുകൾ കളിയാക്കാറുണ്ടെന്ന് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറഞ്ഞു.
‘ഒരു പെൺകുട്ടി ആയതുകൊണ്ട് തന്നെ ഞാൻ ഇടുന്ന ചില ഡ്രസ്സ് ഇഷ്ടപ്പെടാത്ത ആളുകൾ ഉണ്ടാകും. ഞാൻ പണ്ടുമുതലേ എന്റെ കൺഫേർട്ട്സോണിൽ വസ്ത്രം ധരിക്കുന്ന ഒരാളാണ്. എനിക്ക് മോഡേൺ ആയിട്ട് ഡ്രസ്സ് ചെയ്യണം എന്ന് തോന്നിയാൽ ഞാൻ അങ്ങനെ ഡ്രസ്സ് ചെയ്യുന്ന ഒരാളാണ്.
അതിന് ഞാൻ കളിയാക്കലുകൾ പണ്ടേ ഫെയ്സ് ചെയ്തിട്ടുണ്ട്. പരിചയമുള്ള ആളുകൾ എന്റെ പുറകിൽ നിന്ന് എന്നെപ്പറ്റി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇതിന്റെ ഒരു ചെറിയ വേർഷൻ ഞാൻ പണ്ടേ ഫേസ് ചെയ്തു തുടങ്ങിയതാണ്. എനിക്ക് തോന്നുന്നു എന്റെ അഞ്ചാം ക്ലാസ് മുതൽ ഞാൻ അത് ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്ന്. ഞാൻ അങ്ങനത്തെ നെഗറ്റീവ് എടുക്കാറില്ല, എനിക്കത് ഇഷ്ടമല്ല. ഞാൻ ആ കളിയാക്കലുകൾ എപ്പോഴും ഭയങ്കര ക്യൂട്ട് ആയിട്ടാണ് എടുക്കാറുള്ളത്,’ മീനാക്ഷി പറയുന്നു.
തന്റെ പത്തൊമ്പതാമത്തെ വയസിൽ കുടുംബത്തിന് വേണ്ടി അധ്വാനിക്കാൻ തുടങ്ങിയതാണെന്ന് മീനാക്ഷി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഞാനെന്റെ ചെറിയ പ്രായത്തിൽ തന്നെ അധ്വാനിക്കാൻ തുടങ്ങിയിരുന്നു. എനിക്കൊരു വർഷം മാത്രമാണ് കോളേജ് ലൈഫ് കിട്ടിയത്. പ്ലസ് ടു കഴിഞ്ഞതിനുശേഷം ഒരു ഡിപ്ലോമ അല്ലാതെ വേറെ ഒരു ഡിഗ്രി കോളിഫിക്കേഷൻ എനിക്കില്ല. വിദ്യാഭ്യാസം വളരെ പ്രാധാന്യമുള്ളതാണ്. എന്നാലും എനിക്ക് അതിനു മേലെ ഒരു എക്സ്പോഷർ ജോലിയിലൂടെ കിട്ടി എന്നാണ് തോന്നുന്നത്.
എന്റെ പത്തൊമ്പതാമത്തെ വയസ്സിൽ കുടുംബത്തെ നോക്കാൻ തുടങ്ങിയതിൽ എനിക്കൊരുപാട് സന്തോഷമുണ്ട് . എന്റെ പ്രായത്തിൽ എല്ലാവരും പഠിക്കുകയാണ്. എനിക്ക് ആ സമയത്ത് നല്ലൊരു ഫൈവ് ഡിജിറ്റ് സാലറി വെച്ച് കുടുംബത്തെ നോക്കാൻ കഴിഞ്ഞു. ആ സമയത്ത് എന്റെ അച്ഛൻ റിട്ടയേഡ് ആയിരുന്നു,’ മീനാക്ഷി പറഞ്ഞു.
Content Highlight: Meenakshi raveendran about her dressing style