| Saturday, 24th February 2024, 9:19 am

പ്രേമലുവിൽ എനിക്ക് പകരം മറ്റൊരാൾ; ഷൂട്ട് തുടങ്ങിയിട്ടാണ് ഞാൻ ഇൻ ആവുന്നത് : മീനാക്ഷി രവീന്ദ്രൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് തിയേറ്ററിൽ നിറഞ്ഞ സദസോടെ പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന ചിത്രമാണ് പ്രേമലു. ചിത്രത്തിൽ നസ്‌ലെൻ, മമിത ബൈജു തുടങ്ങിയ യുവ താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിൽ മമിത അവതരിപ്പിച്ച റീനു എന്ന കഥാപാത്രത്തിന്റെ റൂംമേറ്റായ നിഹാരികയായി എത്തിയത് മീനാക്ഷി രവീന്ദ്രനാണ്.

പ്രേമലുവിലേക്ക് താൻ കാസറ്റ് ചെയ്യപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. തന്റെ സുഹൃത്ത് ആമിനയുടെ അടുത്ത് ഗിരീഷ് എ.ഡിയുടെ അസോസിയേറ്റ് സനതാണ് തന്റെ നമ്പർ ചോദിച്ചതെന്ന് മീനാക്ഷി പറഞ്ഞു. പ്രേമലുവിൽ അവസാനം കാസ്റ്റ് ആവുന്നയാണ് താനാണെന്നും അതിന് മുൻപ് വേറൊരാളെ നോക്കിയിരുന്നെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഗിരീഷേട്ടന്റെ അസോസിയേറ്റാണ് സനത്. നായിക നായികനിലെ എന്റെ ഫ്രണ്ട് ആമിനയുടെ അടുത്ത് സനത് നമ്പർ ചോദിച്ചു. സനത്തിന് ആമിനയെ പരിചയമുണ്ട്. ‘നിന്റെ നമ്പർ ചോദിച്ചിട്ടുണ്ട് കൊടുക്കട്ടെ, ഭാവന സ്റ്റുഡിയോസ് വിളിച്ചതാണെന്ന്’ ആമിന പറഞ്ഞു. നമ്പർ കൊടുത്തോട്ടെന്ന് നീ എന്റെ അടുത്ത് ചോദിക്കേണ്ട ആവശ്യമുണ്ടോ, കൊടുത്തിട്ട് പറഞ്ഞാൽ പോരെ എന്ന് ഞാനവളോട് ചോദിച്ചു.

അവൾ നമ്പർ കൊടുത്തിട്ട് കുറച്ചു കഴിഞ്ഞിട്ടാണ് വിളിച്ചത്. കുറച്ച് സമയം എടുത്തപ്പോൾ ഞാൻ ഇല്ലായിരിക്കും എന്ന് വിചാരിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു. ആദ്യം വേറൊരാളായിരുന്നു കാസ്റ്റ് ആയിട്ട് ഉണ്ടായിരുന്നത്. ഞാൻ ഏറ്റവും അവസാനമാണ് കാസ്റ്റ് ആവുന്നത്. ഷൂട്ടൊക്കെ എത്തി പകുതി ആയപ്പോഴാണ് എന്റെ കാസ്റ്റിങ് നടക്കുന്നത്. എന്നെ വിളിച്ചു. ലുക്ക് ടെസ്റ്റ് നടത്തി, പിറ്റേദിവസം ഷൂട്ട്,’ മീനാക്ഷി പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു. മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിച്ചു.

Content Highlight: Meenakshi raveendran about her casting in premalu

We use cookies to give you the best possible experience. Learn more