'വായു,ജല മലിനീകരണമുണ്ടാക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കാന്‍ ഗ്രേറ്റയ്ക്ക് എങ്ങനെ കഴിഞ്ഞു'? കര്‍ഷകരെ പിന്തുണച്ചതില്‍ ഗ്രേറ്റയ്‌ക്കെതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി
ന്യൂദല്‍ഹി: കര്‍ഷകരെ പിന്തുണച്ച സ്വീഡിഷ് കാലാവസ്ഥ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി. പരിസ്ഥിതിയ്ക്ക് മലിനീകരണം മാത്രമുണ്ടാക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കാന്‍ ഒരു കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രേറ്റയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്നാണ് ഇവര്‍ ചോദിച്ചത്.
‘നമ്മള്‍ സംശയിച്ചതുപോലെ ഇന്ത്യയ്‌ക്കെതിരെയുള്ള ആഗോള ഗൂഢാലോചനയുടെ തെളിവാണ് ഗ്രേറ്റയുടെ ട്വീറ്റ്. കൊയ്ത്ത് അവശിഷ്ടങ്ങള്‍ കത്തിച്ച് ദല്‍ഹിയില്‍ വായുമലിനീകണം ഉണ്ടാക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കാന്‍ ഗ്രേറ്റയ്ക്ക് എങ്ങനെ കഴിയുന്നു? പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നല്ലകാര്യങ്ങള്‍ ചെയ്യുന്നവരെയാണ് നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ കൊയ്ത്തുപാടത്തെ അവശിഷ്ടങ്ങള്‍ കത്തിച്ച് വായുമലിനീകരണമുണ്ടാക്കുന്ന, പരിസ്ഥിതിയെ തന്നെ മലിനമാക്കുന്ന, ജലം പാഴാക്കുന്നവരെയാണ് ഗ്രേറ്റയെ പോലുള്ളവര്‍ പിന്തുണയ്ക്കുന്നത്’, എങ്ങനെ കഴിയുന്നു? ലേഖി പറഞ്ഞു.
ഗ്രേറ്റ വളരെ ചെറിയ കുട്ടിയാണെന്നും നോബല്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യാനുള്ള പ്രായമല്ല ഗ്രേറ്റയുടെതെന്നും ലേഖി പറഞ്ഞു. കുട്ടികള്‍ക്കായുള്ള ബാല പുരസ്‌കാര്‍ ആണ് ഗ്രേറ്റയ്ക്ക് നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു.
നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള നിരവധി ‘സെലിബ്രേറ്റികള്‍’ കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുതെന്നും പറഞ്ഞിരുന്നു. ഇന്ത്യക്കെതിരായ പ്രചാരണമാണിതെന്നും ഇവര്‍ പറഞ്ഞിരുന്നു. #IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.
കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.
റിഹാനയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.