Entertainment
ഞാന്‍ അദ്ദേഹത്തിന്റെ ആരാധിക; ആ നടനൊപ്പമാണ് സിനിമയെന്ന് പറഞ്ഞപ്പോള്‍ പറ്റിക്കുകയാകുമെന്ന് കരുതി: മീനാക്ഷി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീനാക്ഷി അനൂപ്. 2014ല്‍ പുറത്തിറങ്ങിയ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ അമര്‍ അക്ബര്‍ അന്തോണിയെന്ന ചിത്രത്തിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയാണ് മീനാക്ഷി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്.

പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ മീനാക്ഷിക്ക് സാധിച്ചിട്ടുണ്ട്. അനുനയ അനൂപ് എന്നതാണ് യഥാര്‍ത്ഥ പേരെങ്കിലും മീനാക്ഷിയെന്ന പേരിലാണ് നടി അറിയപ്പെടുന്നത്. ഇപ്പോള്‍ താന്‍ അമര്‍ അക്ബര്‍ അന്തോണിയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് നടി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി.

‘ഒരു ഷോര്‍ട്ട് ഫിലിമാണ് എന്നെ സിനിമയിലെത്തിച്ചത്. മൂന്ന് വയസുള്ളപ്പോ ഴാണ് ആ സംഭവം. വീടിനടുത്തുള്ള അഖിലേട്ടനും നിഖിലേട്ടനും ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. പാവാടയിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന സീ നില്‍ ഞാനും അഭിനയിച്ചു.

അതുകണ്ടിട്ടാണ് വണ്‍ ബൈ ടു എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ആ സിനിമയില്‍ എനിക്ക് ഡയലോഗൊക്കെ ഉണ്ടായിരുന്നു. അതും ഹൊറര്‍ എഫക്ടുള്ള ലാറ്റിന്‍ ഡയലോഗായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ സിനിമ റിലീസായപ്പോള്‍ എന്റെ രംഗം കട്ട് ചെയ്തു.

അതിന് ശേഷം ആന മയില്‍ ഒട്ടകം എന്ന സിനിമയില്‍ അഭിനയിച്ചു. വിഷ്ണുച്ചേട്ടനും (വിഷ്ണു ഉണ്ണികൃഷ്ണന്‍) അതിലുണ്ടായിരുന്നു. ഈ സിനിമയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ എന്റെ ഒരു ഫോട്ടോ വന്നു. ആ ഫോട്ടോ എങ്ങനെയോ നാദിര്‍ഷ അങ്കിളിന്റെ അടുത്തെത്തി. അതുവഴിയാണ് ഞാന്‍ അമര്‍ അക്ബര്‍ അന്തോണിയില്‍ എത്തുന്നത്.

പിന്നെ ഞാന്‍ പൃഥ്വിരാജ് ആരാധികയാണ്. രാജുവേട്ടനൊപ്പമാണ് അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വാസം വന്നില്ല. പറ്റിക്കാന്‍ പറയുകയാവുമെന്ന് വിചാരിച്ചു. ലൊക്കേഷനില്‍ രാജുവേട്ടനെ കണ്ടപ്പോഴാണ് എനിക്ക് വിശ്വാസമായത്,’ മീനാക്ഷി പറയുന്നു.

Content Highlight: Meenakshi Anoop Talks About Prithviraj Sukumaran