|

ആ സിനിമയുടെ സെറ്റില്‍ എനിക്ക് പ്രിവിലേജ് ഉണ്ടായിരുന്നു: മീനാക്ഷി അനൂപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീനാക്ഷി അനൂപ്. 2014ല്‍ പുറത്തിറങ്ങിയ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ അമര്‍ അക്ബര്‍ അന്തോണിയെന്ന ചിത്രത്തിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയാണ് മീനാക്ഷി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലും ഒരു പ്രധാനവേഷത്തില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

അന്നൊക്കെ ഏത് സെറ്റിലും ഞാനായിരിക്കും ഏറ്റവും പ്രായംകുറഞ്ഞ ആള്‍, അതിന്റേതായ പ്രിവിലേജ് എനിക്ക് കിട്ടിയിട്ടുണ്ട് – മീനാക്ഷി

മോഹന്‍ലാല്‍ നായകനായ ഒപ്പം എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി മീനാക്ഷി അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒപ്പത്തില്‍ അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി. ഒപ്പത്തില്‍ അഭിനയിക്കുമ്പോള്‍ അത്ര വലിയ ടീമിന്റെ കൂടെയാണ് അഭിനയിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും ഒരുപാട് കാലത്തിന് ശേഷമാണ് ആ സിനിമയുടെ വലുപ്പം തിരിച്ചറിഞ്ഞതെന്നും മീനാക്ഷി പറയുന്നു.

അന്നൊക്കെ ഏത് സിനിമയുടെ സെറ്റിലും താനായിരിക്കും ഏറ്റവും പ്രായംകുറഞ്ഞ ആളെന്നും അതിന്റേതായ പ്രിവിലേജ് ആ സിനിമകളില്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മീനാക്ഷി പറഞ്ഞു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി അനൂപ്.

‘ഒപ്പത്തില്‍ അഭിനയിക്കുമ്പോള്‍ ഇത്രയും വലിയ ടീമിന്റെ കൂടെയാണെന്ന് അറിയില്ലായിരുന്നു. ലാല്‍ അങ്കിളിനെ അറിയാം. ടി.വി.യില്‍ കണ്ടിട്ടുണ്ട്. പക്ഷേ, ലാല്‍ അങ്കിളിന്റെയും പ്രിയന്‍ അങ്കിളിന്റെയും ഒരുമിച്ചുള്ള സിനിമയില്‍ അഭിനയിക്കുക എന്നതിന്റെ വലുപ്പം തിരിച്ചറിഞ്ഞത് ഒരുപാട് കാലത്തിന് ശേഷമാണ്.

ലൊക്കേഷനില്‍ നല്ല രസമായിരുന്നു. ലാല്‍ അങ്കിളിനൊപ്പം കളിച്ചും ചിരിച്ചും ഒരുപാട് സമയം ചെലവഴിച്ചു. ലാല്‍ അങ്കിള്‍ എപ്പോഴും ഓരോ തമാശ പറഞ്ഞ് കളിയാക്കും. അന്നൊക്കെ ഏത് സെറ്റിലും ഞാനായിരിക്കും ഏറ്റവും പ്രായംകുറഞ്ഞ ആള്‍, അതിന്റേതായ പ്രിവിലേജ് എനിക്ക് കിട്ടിയിട്ടുണ്ട്.

സിനിമ നല്‍കിയ അനുഗ്രഹങ്ങളില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. എങ്കിലും സിനിമയാണ് സ്ഥിരം വഴിയെന്ന് ഉറപ്പിച്ചിട്ടില്ല. പോകുന്നിടത്തോളം പോകട്ടെ എന്ന് വിചാരിക്കുന്നു.

സിനിമ നല്‍കിയ അനുഗ്രഹങ്ങളില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്

പഠനത്തെ സീരിയസായി കാണുന്നു. മണര്‍കാട് സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയാണ്. വീട്ടിലുള്ളപ്പോഴൊക്കെ ക്ലാസില്‍ പോകാന്‍ പരമാവധി ശ്രമിക്കാറുണ്ട്. അതുപോലെ ഹോം ട്യൂഷനുമുണ്ട്,’ മീനാക്ഷി പറയുന്നു.

Content highlight: Meenakshi Anoop talks about Oppam Movie