| Friday, 26th April 2024, 7:10 pm

എനിക്കും നിലപാടുകളുണ്ട്; പക്ഷം പറഞ്ഞ് ഒരാളെയും വിഷമിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണിപ്പോള്‍: നെഗറ്റീവ് കമന്റിന് മറുപടിയുമായി മീനാക്ഷി അനൂപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി അനൂപ്. അമര്‍ അക്ബര്‍ അന്തോണിയെന്ന ചിത്രത്തിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. അനുനയ അനൂപ് എന്നതാണ് യഥാര്‍ത്ഥ പേരെങ്കിലും മീനാക്ഷിയെന്ന പേരിലാണ് താരം അറിയപ്പെടുന്നത്.

ഇന്നലെ താന്‍ ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷം മീനാക്ഷി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. ഇനി ഞാന്‍ കൂടെ തീരുമാനിക്കും ആര് ഭരിക്കണം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ആ പോസ്റ്റ്. എന്നാല്‍ ആ പോസ്റ്റിന് താഴെ നിരവധി നെഗറ്റീവ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പിന്നാലെ ഇന്ന് മീനാക്ഷി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അനുനയ നയം വ്യക്തമാക്കുന്നു എന്ന് തുടങ്ങി കൊണ്ടാണ് താരം ഇന്ന് തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അനുനയ.. നയം വ്യക്തമാക്കുന്നു..
കഴിഞ്ഞ പോസ്റ്റില്‍ ചില കമന്റുകളില്‍ എന്റെ രാഷ്ട്രീയമെന്താണ്, സ്വന്തമായി നിലപാടുകള്‍ ഉള്ളയാളാണോ, ഇത്തരം കാര്യങ്ങള്‍ പറയുവാന്‍ എന്തിനാണ് ആരെയാണ് ഭയക്കുന്നത് എന്നൊക്കെ ചോദിക്കുകയുണ്ടായി. എന്തായാലും ചെറിയൊരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നതിനാല്‍ പറയട്ടെ.

ഭയക്കുന്നുവെന്നതല്ല. കലാകാരന്മാരും മറ്റും നമ്മുടെ ആള്‍ (ഉദാ. നമ്മുടെ മീനാക്ഷി) എന്ന നിലയിലാണ് മലയാളികള്‍ കാണുന്നതും ഇഷ്ടപ്പെടുന്നതും എന്ന് തോന്നുന്നു ( ഇഷ്ടമില്ലാത്തവരും ഉണ്ടാവും എന്നതും സത്യം തന്നെ). ഞാന്‍ ഒരു പക്ഷം നിന്നു പറയുമ്പോള്‍ ഞങ്ങടെ മീനാക്ഷി അവരുടെ മീനാക്ഷി എന്ന നിലയിലാവും കാര്യങ്ങള്‍.

ഈ തിരിവുകളേയാണ് ഞാന്‍ ഭയപ്പെടുന്നത്. ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയവുമല്ല. ഓരോ പാര്‍ട്ടിയും നമ്മുടെ രാജ്യത്തിന് നല്ലതിനായ് എന്നല്ലെ പറയുന്നത്. എന്നാല്‍ ഒരുമിച്ച് നമ്മുടെ നാടിനായ് എന്ന് ചിന്തിച്ചാല്‍ എത്ര സുന്ദരമാവും കാര്യങ്ങള്‍.


എനിക്കും നിലപാടുകള്‍ ഉണ്ട്. ഞാന്‍ പഠിച്ചതും ഹ്യുമാനിറ്റീസ് ആണ്. ജനാധിപത്യത്തെക്കുറിച്ചറിയാന്‍ അതെനിക്ക് ഉപകാരവുമായി. രാജ്യം എങ്ങനെയാവാനാണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ നമ്മുടെ ഇന്ത്യ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളേപ്പോലെ (ഫിന്‍ലന്‍ഡ്, സ്‌കോട്ട്‌ലെന്റ്, etc ) ആയിത്തീരണമെന്നാണ് ആഗ്രഹം.

സത്യത്തില്‍ കേരളം സ്‌കാന്‍ഡ് നേവിയന്‍ രാജ്യങ്ങളെപ്പോലെ പലതുകൊണ്ടുമാണ് വിദ്യാഭ്യാസം, മെഡിക്കല്‍, പ്രകൃതി സൗന്ദര്യം, ജീവിത സാഹചര്യങ്ങള്‍ ഒക്കെ. കാരണം മലയാളി പൊളിയല്ലേ. മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാല്‍ അഹാ ഇവിടം സ്വര്‍ഗ്ഗമല്ലെ.

അത് ആര് ഭരിച്ചാലും നമ്മള്‍ മലയാളികള്‍ ഒരു സംഭവമല്ലെ. സൗമ്യമായി ഇടപെടുന്ന പുഞ്ചിരിയോടെ കാര്യങ്ങള്‍ കേള്‍ക്കുന്ന മനുഷ്യത്വമുള്ള നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കള്‍ പ്രത്യേകിച്ച് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടിയിലുമുണ്ടാകട്ടെ.

ഇവിടെ എല്ലാ പാര്‍ട്ടികളുമുണ്ടാവണം വഴക്കുകളില്ലാതെ അപ്പോഴല്ലെ ശരിയായ ജനാധിപത്യം. എന്റെ ചെറിയ അറിവുകളില്‍ നിന്നെഴുതുന്നു. തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ:

പക്ഷെ എനിക്ക് നിലപാടുള്ളപ്പോഴും പക്ഷം പറഞ്ഞ് ഒരാളെയും വിഷമിപ്പിക്കേണ്ടതില്ല എന്ന നിലപാടിലാണിപ്പോള്‍. കുറച്ചു കൂടി വലുതാവട്ടെ. ചിലപ്പോള്‍ ഞാനും നിലപാടുകള്‍ വ്യക്തമാക്കിയേക്കാം. ഇപ്പോള്‍ ക്ഷമിക്കുമല്ലോ.

Content Highlight: Meenakshi Anoop React  Negative Comments On Her Facebook Post

Latest Stories

We use cookies to give you the best possible experience. Learn more