| Tuesday, 16th April 2024, 12:28 pm

ബ്ലാക്ക് എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ എന്റെ ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നു: മീനാക്ഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് മീനാക്ഷി. കാക്കകറുമ്പന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ താരം വെറും എട്ട് സിനിമകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചു. അപ്രതീക്ഷിതമായി മീനാക്ഷി സിനിമയില്‍ നിന്ന് ബ്രേക്കെടുത്തത് അന്നത്തെ കാലത്ത് വലിയ വാര്‍ത്തയായിരുന്നു.

20 വര്‍ഷങ്ങള്‍ക്ക് ശേഷം താരം വീണ്ടും മീഡിയയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ
അഭിമുഖത്തില്‍ താരം മനസുതുറന്നു. ബ്ലാക്ക് എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ താന്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ചും മീനാക്ഷി സംസാരിച്ചു. ആ സിനിമയില്‍ ഒരൊറ്റ ഗാനരംഗത്തില്‍ മാത്രമേ താന്‍ ഉണ്ടായിരുന്നുള്ളൂവെന്നും, അത്രക്ക് ഫാസ്റ്റ് ആയിട്ടുള്ള ഒരു പാട്ടിന് താന്‍ അതുവരെ ഡാന്‍സ് ചെയ്തിരുന്നില്ലെന്നും മീനാക്ഷി പറഞ്ഞു.

‘മമ്മൂട്ടി സാറിന്റെ കൂടെ ഒരൊറ്റ സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. ബ്ലാക്ക് ആയിരുന്നു ആ സിനിമ. ഒരു പാട്ടില്‍ മാത്രമേ ഞാന്‍ ഉണ്ടായിരുന്നുള്ളൂ. രണ്ട് മൂന്ന് ദിവസം മാത്രമേ ആ പാട്ടിന്റെ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് മറ്റൊരു സിനിമയിലും ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊന്മുടിപ്പുഴയോരത്ത് എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞാണ് ഞാന്‍ ബ്ലാക്കില്‍ അഭിനയിക്കാന്‍ പോയത്.

ആ സിനിമയില്‍ സാധാരണ നാട്ടിന്‍പുറത്തെ പെണ്‍കുട്ടിയുടെ റോളിലായിരുന്നു ഞാന്‍. ബ്ലാക്കില്‍ ഞാന്‍ ഒരു ഐറ്റം നമ്പറായിരുന്നു ചെയ്തത്. പെട്ടെന്നുള്ള ആ ഷിഫ്റ്റിനോട് ഒത്തുപോകാന്‍ ചെറിയ പ്രയാസമുണ്ടായിരുന്നു. അത് മാത്രമല്ല, അത്രയും ഫാസ്റ്റായിട്ടുള്ള പാട്ടിന് ഞാന്‍ അതുവരെ ഡാന്‍സ് ചെയ്തിട്ടില്ല. കല മാസ്റ്ററായിരുന്നു അതിന്റെ കൊറിയോഗ്രാഫര്‍.

ഞാന്‍ ബേസിക്കലി ഒരു ഭരതനാട്യം ഡാന്‍സറാണ്. ഈ പാട്ടില്‍ ഞാന്‍ ഓവറായി എക്‌സ്പ്രഷന്‍ ഇടുമായിരുന്നു. ക്ലാസിക്കല്‍ ഡാന്‍സില്‍ അങ്ങനെയാണല്ലോ. ഡയറക്ടര്‍ രഞ്ജിത് സാറും കലാ മാസ്റ്ററുടെ സിസ്റ്ററും എല്ലാം എന്നെ കംഫര്‍ട്ടബിള്‍ ആക്കിയ ശേഷമാണ് ആ പാട്ട് ചെയ്തത്. ഇന്നും ആ പാട്ട് ആളുകള്‍ ഏറ്റെടുക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്,’ മീനാക്ഷി പറഞ്ഞു.

Content Highlight: Meenakshi about the shooting experience in Black movie

We use cookies to give you the best possible experience. Learn more