കരിയറിന്റെ മികച്ച ഫോമില്‍ നിന്ന സമയത്ത് സിനിമയില്‍ നിന്ന് അപ്രതീക്ഷിതമായി ബ്രേക്കെടുത്ത താരമാണ് മീനാക്ഷി. എട്ട് സിനിമകള്‍ മാത്രമേ ചെയ്തുള്ളുവെങ്കിലും ഇന്നും മീനാക്ഷിയെ മലയാളികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. കുടുംബവുമായി ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നുവെന്നും സിനിമാജീവിതം ഉപേക്ഷിച്ചതില്‍ വിഷമം തോന്നുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ തീരെ ആക്ടീവല്ലാത്ത താന്‍ വളരെ കുറച്ചു മലയാളസിനിമകള്‍ മാത്രമേ കാണാറുള്ളൂവെന്നും ഒടുവില്‍ കണ്ട രണ്ട് സിനിമകളും തന്നെ കരയിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയുടെ രണ്ട് സിനിമകളാണ് താന്‍ അവസാനമായി കണ്ടതെന്നും അതില്‍ കാതല്‍ തന്നെ വളരെയധികം കരയിച്ചുവെന്നും മീനാക്ഷി പറഞ്ഞു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി ഇക്കാര്യം പറഞ്ഞത്.
‘മലയാളസിനിമകള്‍ അങ്ങനെ കാണാറില്ല. അവസാനമായി കണ്ട സിനിമ എനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നു. മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്നെ വല്ലാതെ കരയിപ്പിച്ചു. അത്ര മികച്ച പെര്‍ഫോമന്‍സായിരുന്നു കാതല്‍ എന്ന സിനിമയില്‍. അങ്ങനെ പെട്ടെന്നൊന്നും കരയാത്ത ഒരാളാണ് ഞാന്‍. കാതല്‍ കണ്ട് ഒരുപാട് കാലത്തിന് ശേഷം ഞാന്‍ കരഞ്ഞു. ജ്യോതികാ മാമും മികച്ച പെര്‍ഫോമന്‍സായിരുന്നു. ഹൃദയത്തില്‍ സ്പര്‍ശിച്ച സിനിമ എന്ന് ഞാന്‍ കാതലിനെപ്പറ്റി പറയും.
അതിന് മുമ്പ് കണ്ടതും മറ്റൊരു മമ്മൂട്ടിചിത്രമായിരുന്നു. ഒരേ കടല്‍. എന്ത് മനോഹരമായ കഥയാണ് ആ സിനിമക്ക്. കഥയും കഥാപാത്രങ്ങളും വേറെയൊരു ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ആ സിനിമയിലെ അഭിനയത്തിന് മമ്മൂക്ക ഒരു നാഷണല്‍ അവാര്‍ഡ് നേടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. സോഷ്യല്‍ മീഡിയയില്‍ തീരെ ആക്ടീവല്ലാത്തതുകൊണ്ട് മലയാളസിനിമയിലെ ബാക്കി മാറ്റങ്ങളെക്കുറിച്ച് എനിക്ക് അത്ര അറിവില്ല. അവസാനം കണ്ട രണ്ട് മലയാളസിനിമകള്‍ ഇതൊക്കെയാണ്,’ മീനാക്ഷി പറഞ്ഞു.
Content Highlight: Meenakshi about the last Malayalam movies she watched