| Monday, 11th December 2023, 3:09 pm

ഡയറക്ടേഴ്സ് വന്ന് കൊത്തിക്കൊണ്ട് പോകുമെന്നാണ് കരുതിയത്; പക്ഷേ ഒന്നും നടന്നില്ല: മീനാക്ഷി രവീന്ദ്രൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായികാ നായകൻ എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. നായികാ നായകന് ശേഷം തനിക്ക് ഒരുപാട് അവസരം വരുമെന്ന് കരുതിയെന്നും എന്നാൽ അങ്ങനെയൊന്നും നടന്നില്ലെന്നും മീനാക്ഷി പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ക്യാബിൻ ക്രൂ ആയിട്ട് ഡൊമസ്റ്റിക് എയർലൈൻസിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. എനിക്ക് അഭിനയിക്കാൻ ഇഷ്ടമാണ് അത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു കാര്യമാണ്. പക്ഷേ എവിടുന്നു തുടങ്ങണമെന്ന് എനിക്കറിയില്ല. എന്റെ ഫാമിലിയിൽ സിനിമയിൽ ആരുമില്ല.

എനിക്ക് സിനിമയിൽ വഴികാട്ടിയോ ഗോഡ് ഫാദറോ ആരുമില്ല. നായികാ നായകൻ എന്ന സ്ഥലം ആയിരുന്നു സിനിമയിലേക്കുള്ള വഴി കാണിച്ചുതന്നത്. കാരണം നമുക്ക് എവിടുന്ന് തുടങ്ങണം എന്ന് അറിയില്ല. നായികാ നായകൻ കഴിഞ്ഞപ്പോൾ നമ്മൾ വിചാരിച്ചത് ഇത് കഴിഞ്ഞ് ഉടനെ നമ്മളെ ഡയറക്ടേഴ്സ് വിളിക്കുന്നു, പെർഫോമൻസ് കാണുന്നു, കൊത്തിക്കൊണ്ടുപോകുന്നു അങ്ങനെയൊക്കെ ആയിരുന്നു.

പക്ഷേ ഒന്നും നടന്നില്ല. നമ്മളോട് അന്നേ അവിടെയുള്ള ഒന്ന് രണ്ട് പേർ പറഞ്ഞതാണ്, ഇത് കഴിഞ്ഞ ഉടനെ നിങ്ങളെ സിനിമയിലേക്ക് വിളിക്കുമെന്ന് വിചാരിക്കണ്ട, അതൊന്നും നടക്കാൻ പോകുന്നില്ല എന്ന്. നമ്മളന്ന് വിചാരിച്ച് ഇവരെന്താ ഇങ്ങനെ നെഗറ്റീവ് പറയുന്നത് എന്ന്. പക്ഷേ അതാണ് സത്യം,’ മീനാക്ഷി പറഞ്ഞു.

അതേസമയം സിനിമ കിട്ടാതെ വന്നപ്പോൾ ലാൽ ജോസിനോട് പറഞ്ഞിരുന്നെന്നും മീനാക്ഷി പറയുന്നുണ്ട്. ക്ഷമ ആട്ടിൻ സൂപ്പിന്റെ ബലം ചെയ്യുമെന്നും ക്ഷമിച്ചിരിക്കാനും ലാൽ ജോസ് തന്നോട് പറഞ്ഞെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. ക്ഷമ തന്നെ പഠിപ്പിച്ചത് ക്യാബിൻ ക്രൂ ജോലിയാണെന്നും മീനാക്ഷി പറഞ്ഞു.

‘നായികാ നായകൻ കഴിഞ്ഞിട്ട് ഇതുവരെയുള്ള സമയം വളരെ ക്ഷമയോടെയുള്ള ഒരു കാത്തിരിപ്പായിരുന്നു. ഞാൻ ആ സമയം സിനിമയൊക്കെ കിട്ടാതെ വന്നപ്പോൾ ലാൽ ജോസ് സാറിനോടൊക്കെ പറഞ്ഞിട്ടുണ്ട് സിനിമയൊന്നും കിട്ടുന്നില്ല എന്ന്. ‘മീനാക്ഷി ക്ഷമ ആട്ടിൻ സൂപ്പിന്റെ ബലം ചെയ്യും, ക്ഷമിച്ചിരിക്കണം,’ എന്ന് പറഞ്ഞു.

ശരിക്കും പറഞ്ഞാൽ പ്രൊഫഷണലി ക്ഷമ വേണം എന്ന് പഠിപ്പിച്ച ജേർണിയായിരുന്നു. അതെനിക്ക് കിട്ടിയത് ശരിക്കും പറഞ്ഞാൽ ക്യാബിൻ ക്രൂ ജോലിയിൽ നിന്നാണ്. പാസഞ്ചേഴ്സിനെയൊക്കെ ഹാൻഡിൽ ചെയ്യാൻ ഒരു ക്ഷമ വേണം. പക്ഷേ കാത്തിരിപ്പിന് ഇത്രയും ക്ഷമ വേണം എന്ന് പഠിപ്പിച്ചത് സിനിമയാണ്,’ മീനാക്ഷി പറഞ്ഞു.

ഷറഫുദ്ധീൻ, ജോണി ആന്റണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘തോൽവി എഫ്‌.സി ‘എന്ന ചിത്രത്തിൽ മീനാക്ഷിയാണ് നായികയായി എത്തിയത് . മീനാക്ഷി ആദ്യമായി മുഴുനീള കഥാപാത്ര ചെയ്യുന്ന ചിത്രമാണ് ഇത്.

Content Highlight: Meenakshi about her struggle after nayika nayakan reality show

We use cookies to give you the best possible experience. Learn more