|

എന്നെ എല്ലാവരും കൂടി ചതിച്ചതാ'; തോറ്റ് നാണം കെടുമെന്നും ട്രോള്‍ കിട്ടുമെന്നും അറിഞ്ഞിട്ടും ഞാന്‍ കളിച്ചു: മീനാക്ഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തോൽവി എഫ്.സിയുടെ പ്രൊമോഷന്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണമെന്റിലെ മീനാക്ഷിയുടെ പ്രകടനം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു, അതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നടിയും അവതാരികയുമായ മീനാക്ഷി. പ്രൊമോഷൻ എന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഒരു മാച്ച് ആണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂയെന്നും താൻ ഒഴികെ ബാക്കി ഉള്ളവർക്കെല്ലാം ഫുട്ബോൾ കളിക്കാൻ അറിയാമായിരുന്നെന്നും മീനാക്ഷി പറയുന്നു.

പടത്തിന്റെ പേര് തോൽവി ആയതുകൊണ്ട് ഇത് അത്തരത്തിലുള്ള പരിപാടിയാകുമെന്ന് താൻ കരുതിയെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്നെ പ്രമോഷൻ എന്ന് പറഞ്ഞു വിളിച്ചപ്പഴേ എനിക്ക് തോന്നി ഞാൻ നാണം കെടും എന്നുള്ളത്. എന്താ പരിപാടി, മാച്ചാണോ എന്ന് ചോദിച്ചപ്പോൾ ചുമ്മാ ഒരു പ്രമോഷൻ എന്നാണ് അവർ പറഞ്ഞത്. ഒരു ഫണ്ണും ഉണ്ടായിരുന്നില്ല, അവിടെ എത്തിയപ്പോൾ എല്ലാവരും മര്യാദയ്ക്ക് കളിച്ചു. ഞാൻ മാത്രം പുറകിൽ കോഴിക്കുഞ്ഞ് ഓടുന്നത് പോലെ ഓടിക്കൊണ്ട് നടന്ന് നാണംകെട്ടു. ഇവർക്കൊക്കെ കളിക്കാൻ അറിയാം.

ഞാൻ വിചാരിച്ചു സിനിമയുടെ പേര് തോൽവി എഫ്.സി ആയതുകൊണ്ട് ഒരു തീം നമ്മൾ അവിടെ ഉണ്ടാക്കുമെന്ന്. പ്രൊമോഷന് വിളിച്ചപ്പോൾ തോറ്റാലും കുഴപ്പമില്ല പടത്തിന്റെ പേര് തോൽവി എന്നാണല്ലോ, ഞാനോർത്തു അങ്ങനെ ആയിരിക്കുമെന്ന്. എനിക്ക് കളിക്കാൻ ഒന്നുമറിയില്ല എന്നെ എല്ലാവരും കൂടി ചതിച്ചതാ.

ഞാൻ എന്ത് കാര്യത്തിലും ഒരു പോസിറ്റീവ് സൈഡ് കണ്ടുപിടിക്കുന്ന ഒരാളാണ്. എന്നെപ്പോലെ ഒരു ഗെയിം കളിക്കാൻ അറിയാത്ത ഒരാൾ കളിക്കാൻ കാണിച്ച ആ ധൈര്യമാണ് അഭിനന്ദിക്കേണ്ടത്. അറിയാവുന്നവർക്ക് പോലും അവിടുന്ന് പേര് വിളിച്ചാൽ ടെൻഷൻ ആയിരിക്കും. ഞാൻ ഒന്നും അറിയാത്ത ഒരാളെ അത്രയും മീഡിയ അവിടെ ഉണ്ടാകും എന്ന് അറിഞ്ഞിട്ടും നാണം കെടുമെന്നും ട്രോൾ കിട്ടുമെന്നും അറിഞ്ഞിട്ടും അവിടെ വന്നു നിന്ന് കളിച്ചു. കളിക്കാൻ കാണിച്ച മനസ്സിന് ഞാൻ എന്നെ തന്നെ അഭിനന്ദിക്കുന്നു.,’ മീനാക്ഷി പറയുന്നു.

ചിത്രം നവംബർ 3ന് തിയേറ്ററുകളിൽ എത്തും. ഷറഫുദ്ദീൻ നായകനായെത്തുന്ന ചിത്രത്തിൽ മീനാക്ഷിയാണ് നായികയായി എത്തുന്നത്.

Content Highlight: Meenakshi about her football tournament  experience during the promotion

Latest Stories

Video Stories