മോഹന്‍ലാല്‍- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഹരികൃഷ്ണന്‍സ് പോലെയൊരു ചിത്രം ഇനി മലയാളത്തില്‍ സംഭവിക്കുമോ എന്ന് സംശയമാണ്. ഒരേ മനസും രണ്ട് ശരീരവുമായി നടക്കുന്ന രണ്ട് പ്രഗത്ഭരായ അഭിഭാഷകര്‍ക്കിടയിലേക്ക് ഒരേ സമയം പ്രധാനപ്പെട്ട ഒരു കേസും ഒരു സ്ത്രീയും കടന്നുവന്നത് രസകരമായ ക്രൈം ത്രില്ലറായി ഫാസില്‍ ഒരുക്കുകയായിരുന്നു. ബോളിവുഡ് താരം ജൂഹി ചൗളയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായെത്തിയത്.
എന്നാല്‍ ഹരികൃഷ്ണന്‍സില്‍ ആദ്യം മീരയായി തെരഞ്ഞെടുത്തത് മീനയെ ആയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും വരുന്നതിനാല്‍ തന്നെ മീനക്ക് ഈ സിനിമ ചെയ്യാനും വളരെയധികം താല്‍പര്യമുണ്ടായിരുന്നു. രണ്ട് പേര്‍ക്കുമായി ഒറ്റ നായികയായി വരാന്‍ മീനക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും മറ്റ് സിനിമകളുടെ തിരക്കായതിനാല്‍ താരത്തിന് അതിന് സാധിച്ചില്ല. ആ സിനിമ ചെയ്യാനാവാത്തതില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് പിന്നീട് മീന തന്നെ പറഞ്ഞിട്ടുണ്ട്.
മലയാളത്തില്‍ മാത്രമല്ല, തമിഴിലും സൂപ്പര്‍ താരങ്ങളുടെ കരിയറില്‍ തന്നെ നാഴികക്കല്ലായ പല ചിത്രങ്ങളിലേക്കും ആദ്യം മീനയെ ആയിരുന്നു തെരഞ്ഞെടുത്തിരുന്നത്. കമലിന്റെ തേവര്‍മകനില്‍ നായികാ കഥാപാത്രമായ പഞ്ചവര്‍ണമാവാനും പടയപ്പയിലെ വില്ലത്തിയായ നീലാമ്പരിയാവാനും മീനയെ വിളിച്ചിരുന്നു.
പടയപ്പയില്‍ പോവാതിരുന്നതിനെ പറ്റി മീന തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അന്ന് അമ്മയുടെ വാക്ക് കേട്ട് ചിത്രത്തില്‍ അഭിനയിച്ചില്ലെന്നും ഇപ്പോഴും അതോര്‍ത്ത് കുറ്റബോധം തോന്നാറുണ്ടെന്നും മീന പറഞ്ഞിരുന്നു.
‘പടയപ്പയിലെ രമ്യ കൃഷ്ണന്റെ റോള്‍ ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നോട് ആ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. അത്രയും നാള്‍ രജിനി സാറിന്റെ പെയറായി ഒരുപാട് സിനിമകള്‍ ചെയ്തിട്ട് ഇങ്ങനെയൊരു നെഗറ്റീവ് റോള്‍ വന്നാല്‍ എനിക്ക് ചേരില്ല എന്ന് തോന്നി. ഇത് ശരിയാവില്ല എന്ന് അമ്മ പറഞ്ഞു. ശരിയെന്ന് ഞാനും പറഞ്ഞു.
ഒരു നടിയെന്ന നിലയില്‍ ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്. ആ കഥാപാത്രം എനിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു. ഹിറ്റായിക്കോട്ടെ, അല്ലാതിരിക്കട്ടെ, അത് വേറെ കാര്യമാണ്. ആ സിനിമ വലിയ ഹിറ്റായതുകൊണ്ടോ, രമ്യക്ക് നല്ല പേര് കിട്ടിയതുകൊണ്ടോ പറയുന്നതല്ല, ഒരു നടിയെന്ന നിലയില്‍ എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വ്യത്യസ്തമായ കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു,’ മീന പറഞ്ഞു.
Content Highlight: meena was suppose to be the heroin in harikrishnans movie