|

അന്ന് ആ നടന്‍ എന്നെ വണ്‍ടേക്ക് ആര്‍ട്ടിസ്റ്റെന്ന് വിളിച്ചു; ജീവിതത്തിലെ ഏറ്റവും വലിയ ഗോഡ് ഗിഫ്റ്റ്: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. ബാലതാരമായി സിനിമയിലേക്കെത്തിയ നടി ഇതുവരെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു മീനയുടെ ആദ്യ ചിത്രം.

കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച നടി 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി മലയാള സിനിമകളില്‍ മീന അഭിനയിച്ചിട്ടുണ്ട്.

തന്നെ ശിവാജി ഗണേശന്‍ ‘വണ്‍ടേക്ക് ആര്‍ട്ടിസ്റ്റ്’ എന്ന് വിളിച്ചതിനെ കുറിച്ച് പറയുകയാണ് നടി. അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗോഡ് ഗിഫ്റ്റാണെന്നാണ് മീന പറയുന്നത്. അന്ന് താന്‍ കൊച്ചുകുട്ടിയായിരുന്നെന്നും ആദ്യ സിനിമ തന്നെ അദ്ദേഹത്തോടൊപ്പമായത് തന്റെ മഹാഭാഗ്യമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീന.

‘ശിവാജി സാര്‍ എന്നെ വണ്‍ടേക്ക് ആര്‍ട്ടിസ്റ്റ് എന്ന് വിളിച്ചിരുന്നു. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗോഡ് ഗിഫ്റ്റാണെന്ന് വേണം പറയാന്‍. മൂന്നര വയസിലാണ് ഞാന്‍ അഭിനയം തുടങ്ങിയത്. അന്ന് ഞാന്‍ വളരെ കൊച്ചുകുട്ടിയായിരുന്നു. ആദ്യ സിനിമ തന്നെ അദ്ദേഹത്തോടൊപ്പമായത് എന്റെ മഹാഭാഗ്യമാണ്.

നെഞ്ചങ്കള്‍ എന്ന ആ സിനിമ നിര്‍മിച്ചത് നടന്‍ വിജയകുമാര്‍ അങ്കിളാണ്. ഏത് പ്രയാസമേറിയ രംഗത്തിലും ഞാന്‍ ഒറ്റ ടേക്കില്‍ അഭിനയിക്കും. അതുപോലെ ഡബ്ബിങ്ങിന്റെ സമയത്തും ഒറ്റ ശ്വാസത്തില്‍ സംസാരിച്ചു തീര്‍ക്കും.

അപ്പോള്‍ ശിവാജി സാര്‍ ‘അന്ത വണ്‍ ടേക്ക് ആര്‍ട്ടിസ്റ്റ് എങ്കപ്പാ?’ എന്ന് അന്വേഷിക്കും. ‘ഇവ കൂടെ നമ്മാലെ നടിക്ക് മുടിയാതപ്പാ’ എന്ന് തമാശയായി പറഞ്ഞ് അദ്ദേഹം ചിരിക്കും. ബാലതാരമായി തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ഇരുപതില്‍പ്പരം സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

രജിനിസാറിനൊപ്പം എങ്കേയോ കേട്ട കുറല്‍, അന്‍പുള്ള രജനീകാന്ത് എന്നീ സിനിമകളില്‍ ബാലതാരമായി അഭിനിച്ചിട്ടുണ്ട്. പിന്നീട് ഞാന്‍ യജമാനന്‍ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ തന്ന ജോഡിയായും അഭിനയിച്ചു. അത് ശരിക്കും എന്റെ അഭിനയജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി മാറുകയായിരുന്നു,’ മീന പറഞ്ഞു.

Content Highlight: Meena Talks About Shivaji Ganeshan