|

എന്റെ അഭിനയജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായത് ആ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലെ കഥാപാത്രം: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലെത്തി പിന്നീട് സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളിലാണ് മീന അഭിനയിച്ചിട്ടുള്ളത്.

നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു മീനയുടെ ആദ്യ ചിത്രം. 1982ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ശിവാജി ഗണേഷനായിരുന്നു നായകന്‍. 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് മീന ബാലതാരമായി മലയാളത്തില്‍ എത്തുന്നത്.

ഇപ്പോള്‍ രജിനികാന്തിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് നടി. എങ്കേയോ കേട്ട കുറല്‍, അന്‍പുള്ള രജനീകാന്ത് എന്നീ സിനിമകളിലാണ് താന്‍ ബാലതാരമായി രജിനികാന്തിനൊപ്പം അഭിനയിച്ചതെന്നാണ് മീന പറയുന്നത്.

അതിന് ശേഷം യജമാനന്‍ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ജോഡിയായെന്നും ആ സിനിമയില്‍ അഭിനയിച്ചത് തന്റെ അഭിനയജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി മാറിയെന്നും നടി കൂട്ടിച്ചേര്‍ത്തു. മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീന.

‘ഞാന്‍ ബാലതാരമായി തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഏകദേശം ഇരുപതില്‍പ്പരം സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടാകും. രജിനി സാറിനൊപ്പം എങ്കേയോ കേട്ട കുറല്‍, അന്‍പുള്ള രജനീകാന്ത് എന്നീ സിനിമകളിലാണ് ഞാന്‍ ബാലതാരമായി അഭിനയിച്ചത്.

അതിന് ശേഷം എനിക്ക് യജമാനന്‍ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ജോഡിയായും അഭിനയിക്കാന്‍ സാധിച്ചിരുന്നു. ആ സിനിമയില്‍ അഭിനയിച്ചത് ശരിക്കും എന്റെ അഭിനയജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി മാറുകയായിരുന്നു,’ മീന പറയുന്നു.

Content Highlight: Meena Talks About Rajinikanth Movie