ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. 1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം.
കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2016ല്‍ മീനയുടെ മകള്‍ നൈനിക വിജയ് ചിത്രമായ തെരിയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.
ഇപ്പോള്‍ ആനന്ദപുരം ഡയറീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മകളെ കുറിച്ച് സംസാരിക്കുകയാണ് മീന.
മകളുടെ ജീവിതവും ലോകവും തന്റേതില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണെന്നും അവള്‍ തന്റെ സിനിമകളധികം കണ്ടിട്ടില്ലെന്നും താരം പറയുന്നു. ഇപ്പോള്‍ മകള്‍ കുറച്ച് സിനിമകള്‍ കണ്ട് തുടങ്ങിയിട്ടുണ്ടെന്നും മലയാളത്തില്‍ ദൃശ്യവും ബ്രോ ഡാഡിയുമാണ് അവള്‍ കണ്ടതെന്നും മീന കൂട്ടിച്ചേര്‍ത്തു.
‘അവള്‍ എന്റെ സിനിമകള്‍ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ കുറച്ച് സിനിമകള്‍ കണ്ട് തുടങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ദൃശ്യവും ബ്രോ ഡാഡിയുമാണ് കണ്ടത്. തമിഴില്‍ മുത്തു കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. അവളുടെ ജീവിതവും ലോകവും എന്റേതില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ്,’ മീന പറഞ്ഞു.
ബ്രോ ഡാഡി എന്ന സിനിമയിലെ ഒരു സീനില്‍ വര്‍ണ്ണപകിട്ടിലെ തന്റെയും മോഹന്‍ലാലിന്റെയും ഫോട്ടോ കൊണ്ടുവന്നതിനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു.
‘ഇത്രയും വര്‍ഷം മുമ്പ് അഭിനയിച്ച സിനിമകളിലെ റഫറന്‍സും ഫോട്ടോഗ്രാഫുകളും എടുത്തിട്ട് മറ്റൊരു സിനിമയില്‍ കൊണ്ടുവെക്കുന്നത് വളരെ നന്നായി തോന്നി. ആ ഒരു ഫോട്ടോ കണ്ടപ്പോള്‍ നൊസ്റ്റാള്‍ജിക് ഫീലുണ്ടായിരുന്നു.
ഒരുപാട് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവര്‍ക്കും അങ്ങനെയൊരു അവസരം കിട്ടില്ലല്ലോ. അപ്പോള്‍ അത്തരം ഒരു അനുഭവം എനിക്കും ലാലേട്ടനും കിട്ടിയപ്പോള്‍ അതില്‍ വലിയ സന്തോഷം തോന്നി,’ മീന പറയുന്നു.