| Monday, 26th February 2024, 3:55 pm

ദൃശ്യത്തിന് രണ്ടാംഭാഗം വരുന്നതറിഞ്ഞ് ആദ്യം എക്‌സൈറ്റഡായി പിന്നെ ആ കഥാപാത്രത്തില്‍ സംശയം തോന്നി: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു മീനയുടെ ആദ്യ ചിത്രം. കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

അതിന് ശേഷം മലയാളത്തില്‍ നിരവധി സിനിമകളില്‍ മീന അഭിനയിച്ചു. അതില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലേത്. 2021ല്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും താരം അഭിനയിച്ചു.

ഇപ്പോള്‍ ആനന്ദപുരം ഡയറീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ പറ്റി സംസാരിക്കുകയാണ് മീന.

ആ സിനിമ ചെയ്യുമ്പോള്‍ തന്റെ കഥാപാത്രം എങ്ങനെയാകുമെന്ന സംശയമുണ്ടായിരുന്നെന്നും പക്ഷേ സംവിധായകന്‍ ജീത്തു ജോസഫ് സ്‌ക്രിപ്റ്റ് പറഞ്ഞതോടെ വലിയ സന്തോഷമായെന്നും താരം പറയുന്നു.

‘രണ്ടാം ഭാഗം വരുന്നെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് എക്‌സൈറ്റഡായി. എന്നാല്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ എന്റെ കഥാപാത്രം എങ്ങനെയാകുമെന്ന സംശയമുണ്ടായിരുന്നു. പക്ഷേ ജീത്തു സ്‌ക്രിപ്റ്റ് പറഞ്ഞു തന്നതോടെ എനിക്ക് സന്തോഷമായി. രണ്ടാം ഭാഗത്തിലായിരുന്നു ആദ്യ ഭാഗത്തേക്കാള്‍ നല്ല കഥാപാത്രമുണ്ടായിരുന്നത്,’ മീന പറഞ്ഞു.

കൊവിഡ് സമയത്ത് പ്രേക്ഷകര്‍ക്ക് സൂപ്പര്‍ ഹിറ്റ് സിനിമ നല്‍കിയ ഒരേ ഒരു ഹീറോയിന്‍ താനാണെന്നും കൊവിഡിനിടയില്‍ ഷൂട്ട് ചെയ്ത് റിലീസായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വലിയ ഹിറ്റായിരുന്നെന്നും താരം പറഞ്ഞു.

ഈ കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ലെന്നും മോഹന്‍ലാലാണ് തന്നോട് ഇത് പറയുന്നതെന്നും മീന പറഞ്ഞു. ലോകം മുഴുവന്‍ അടഞ്ഞു കിടക്കുമ്പോള്‍ നമ്മള്‍ മാത്രമാണ് വര്‍ക്ക് ചെയ്ത് ഒരു സൂപ്പര്‍ ഹിറ്റ് നല്‍കിയതെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും മീന കൂട്ടിച്ചേര്‍ത്തു.


Content Highlight: Meena Talks About Her Role In Drishyam 2

We use cookies to give you the best possible experience. Learn more